രഹസ്യത്തിൽ വചനം പങ്കുവച്ച മിഷനറി

ജിൽസ ജോയ്

ചൈനയിലെ അണ്ടർഗ്രൗണ്ട് സങ്കേതത്തിൽവച്ച് അവിടുത്തെ ക്രിസ്ത്യാനികളോട്, രഹസ്യത്തിൽ വചനം പങ്കുവച്ച ഈ മിഷനറിയുടെ സാക്ഷ്യം നിങ്ങൾ കേട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. നമ്മെയെല്ലാം വിസ്മയിപ്പിച്ചുകളയുന്ന വിശ്വാസതീക്ഷ്‌ണതയാണ്‌, മതസ്വാതന്ത്ര്യമില്ലാത്ത ചൈനയിൽ, ചൈനീസ് ക്രിസ്ത്യാനികൾക്ക് കൈമുതലായിട്ടുള്ളത്. അതിനെക്കുറിച്ച് ഒന്നുകൂടി അറിയാം. മിഷനറി സംസാരിക്കുന്നു. 

അവിടെ എട്ടുമണിക്ക് ക്ലാസ്സ് തുടങ്ങിയാൽ വൈകുന്നേരം അഞ്ചുമണിവരെ ബ്രേക്ക് ഒന്നുമില്ല. ചൈനയിൽ അണ്ടർഗ്രൗണ്ടിൽ രഹസ്യത്തിൽ നടക്കാറുള്ള പ്രാർഥനകൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്ന 22 ലീഡർമാരാണ് ചൈനയിലെ പലയിടങ്ങളിൽ നിന്നായി ക്ലാസ്സിനുവന്ന് ചുറ്റുമിരിക്കുന്നത്. ഈ മിഷനറി അവരോട് ചോദിച്ചത്രേ, “ഇപ്പോൾ നമ്മൾ പിടിക്കപ്പെട്ടാൽ എന്താവും സംഭവിക്കുക?”

അവർ പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു: “പിടിക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ അവർ നിങ്ങളെ നാടുകടത്തും. ഞങ്ങൾ മൂന്നുവർഷം ഇതിന്റെപേരിൽ ജയിലിൽ കിടക്കേണ്ടിവരും; അത്രേയുള്ളൂ.”

മിഷനറി ചോദിച്ചു: “നിങ്ങളിൽ എത്രപേർ വിശ്വാസത്തിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ട്?”

ആകെയുള്ള ഇരുപത്തിരണ്ടു പേരിൽ പതിനെട്ടുപേർ കൈപൊക്കി.

“അതിരിക്കട്ടെ, നിങ്ങളുടെ മേൽനോട്ടത്തിൽ എത്ര അംഗങ്ങളുണ്ടാവും ഇവിടെ ഏകദേശം?” മിഷനറി ചോദിച്ചു.

കുറച്ചൊന്നു കണക്കുകൂട്ടിയിട്ട് അവർ പറഞ്ഞു: “20 മില്യൺ ആളുകൾ കാണും.”

മിഷനറിയുടെ കണ്ണുതള്ളി. ചൈനയിലെ ജനസംഖ്യ 1.4 ബില്ല്യണിനു മേലെയാണെന്ന് അറിയാമല്ലോ. പിന്നീട് മിഷനറി അവർക്ക് തന്റെ കയ്യിലുണ്ടായിരുന്ന 15 ബൈബിളുകൾ വിതരണംചെയ്തു; കുറച്ചുപേർക്ക് ബൈബിൾ കിട്ടിയില്ല. “നമുക്ക് 2 പത്രോസ് ഒന്നാം അധ്യായം വായിക്കാം” എന്നുപറഞ്ഞപ്പോൾ ഒരു സ്ത്രീ, തനിക്ക് കിട്ടിയ ബൈബിൾ വേറെ ഒരാൾക്ക് കൊടുക്കുന്നത് മിഷനറി ശ്രദ്ധിച്ചു. എന്തായാലും പേജുകൾ മറിച്ച് വായിക്കാൻ തുടങ്ങിയപ്പോൾ മിഷനറിക്കു മനസ്സിലായി, എന്തുകൊണ്ടാണ് അവൾ ബൈബിൾ വേറെ ആൾക്ക് കൊടുത്തതെന്ന്. ആ സ്ത്രീക്ക് ആ ബൈബിൾ ഭാഗങ്ങളൊക്കെ മനഃപ്പാഠമാണ്. അവൾ അതു മുഴുവൻ തെറ്റുകൂടാതെ പറഞ്ഞു.

പിന്നെ എപ്പോഴോ ഒരു ചെറിയ ബ്രേക്ക് കിട്ടിയപ്പോൾ മിഷനറി അവളോടു പറഞ്ഞു, “ആ അധ്യായം മുഴുവൻ കാണാതെ പറഞ്ഞല്ലോ.”

അവൾ പറഞ്ഞു: “അതെ, ഞാൻ ബൈബിളിലെ കുറെയേറെ അധ്യായങ്ങൾ കാണാതെപഠിച്ചിട്ടുണ്ട്.”

“എവിടെ വച്ചാണ് പഠിച്ചത്?”

“ജയിലിൽ വച്ച്” – അവൾ നിസ്സാരമായി പറഞ്ഞു.

“നിങ്ങൾക്കറിയാമല്ലോ ജയിലിൽവച്ച് നമുക്ക് കുറെയേറെ സമയം വെറുതെ കിട്ടുമെന്ന്.”

“അപ്പോൾ ബൈബിൾ ജയിലധികൃതർ പിടിച്ചെടുക്കില്ലേ?”

“ഉവ്വ്, ആളുകൾ ചെറിയ പേപ്പറുകളിൽ എഴുതിക്കൊണ്ടുവരുന്ന അധ്യായങ്ങളാണ് നമ്മൾ ഹൃദിസ്ഥമാക്കുന്നത്.”

“അപ്പോൾ അവർ പേപ്പറുകളും പിടിച്ചെടുക്കില്ലേ?”

“ഉവ്വ്, അതുകൊണ്ട് നമ്മൾ കഴിയുന്നത്ര വേഗത്തിൽ അതെല്ലാം പഠിച്ചെടുക്കും. അവർക്ക് പേപ്പറല്ലേ നമ്മളിൽ നിന്ന് എടുക്കാൻപറ്റൂ. നമ്മുടെ ഹൃദയത്തിലെഴുതിയ ബൈബിൾവചനങ്ങൾ എടുത്തുകൊണ്ടു പോകാൻ കഴിയില്ലല്ലോ.”

മിഷനറി പറഞ്ഞു: “wow!”

അങ്ങനെ മൂന്നുദിവസങ്ങൾ കഴിയുമ്പോഴേക്ക് മിഷനറിക്ക് അവരെയൊക്കെ വല്ലാതെയങ്ങ് ഇഷ്ടമായി. അയാൾ അവരോടു പറഞ്ഞു:

“എനിക്ക് തിരിച്ചുപോകാനുള്ള സമയമായി. നിങ്ങൾ വളരെ നല്ല ആളുകളാണ്. ഞാൻ നിങ്ങൾക്കുവേണ്ടി എന്ത് പ്രാർഥിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?”

അവർ പറഞ്ഞു: “നിങ്ങൾക്ക് അമേരിക്കയിൽ ഒരു തടസ്സവുമില്ലാതെ പ്രാർഥനായോഗങ്ങളും കൂട്ടായ്മകളുമൊക്കെ നടത്താൻ കഴിയുമല്ലോ. ഞങ്ങളുടെ അവസ്ഥയും നിങ്ങളുടേതുപോലെ ആവാൻ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കാമോ? ”

മിഷനറി പറഞ്ഞു: ” ഇല്ല; ഞാൻ പ്രാർഥിക്കില്ല.”

“അയ്യോ, അതെന്താ?”

കുറേ കണ്ണുകൾ ആശങ്കയോടെ മിഷനറിയുടെ നേർക്കുനീണ്ടു.

അദ്ദേഹം പറഞ്ഞു: “പറയാം. നിങ്ങൾ പതിമൂന്നു മണിക്കൂർ ട്രെയിൻയാത്ര കഴിഞ്ഞാണ് ഇവിടേക്ക് എത്തിയത്. എന്റെ നാട്ടിൽ, പള്ളിയിലേക്ക് ഒരു മണിക്കൂർ ഡ്രൈവ് ചെയ്യാനുണ്ടെങ്കിൽപോലും അവർ വരാറില്ല! നിങ്ങൾ മൂന്നുദിവസം, തടികൊണ്ടുള്ള ഈ തറയിൽ വെറുംനിലത്തിരുന്ന് വചനംകേട്ടു. എന്റെ നാട്ടിൽ, വചനസന്ദേശം 40 മിനിറ്റിൽ കൂടുതലായാൽ അവർ എപ്പോ എണീറ്റുപോയെന്ന് ചോദിച്ചാൽമതി. ഈ പരുക്കൻതറയിൽ, എ.സി ഇല്ലാതെ മൂന്നുദിവസങ്ങൾ നിങ്ങൾ ചമ്രംപടഞ്ഞിരുന്നു. എന്റെ നാട്ടിൽ, കുഷ്യനുള്ള ഇരിപ്പിടങ്ങളും എ.സിയുമില്ലെങ്കിൽ ആളുകൾ തിരിച്ച് പിന്നെ അവിടേക്ക് വന്നെന്നുവരില്ല.

എന്റെ നാട്ടിലെ വീടുകളിൽ മിനിമം രണ്ട് ബൈബിളുകൾ വച്ച് ഒരു വീട്ടിൽകാണും. പക്ഷേ, അവർ അത് വായിക്കാൻ താല്പര്യം കാണിക്കാറില്ല. നിങ്ങളാണെങ്കിലോ, ഒരു ബൈബിൾപോലുമില്ലാതെ പേപ്പർകഷണങ്ങളിൽ നിന്ന് ബൈബിൾ മനപാഠമാക്കുന്നു. അതുകൊണ്ട് ഞാൻ പ്രാർഥിക്കില്ല, നിങ്ങൾ ഞങ്ങളെപ്പോലെയാകാൻ. പക്ഷേ, ഞങ്ങൾ നിങ്ങളെപ്പോലെയാകാൻവേണ്ടി ഞാൻ പ്രാർഥിക്കും.”

എന്തുതോന്നുന്നു കൂട്ടുകാരേ, സൗകര്യങ്ങളും അനുകൂലസാഹചര്യങ്ങളും കൂടിപ്പോയതുകൊണ്ടല്ലേ നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം?

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.