കുടുംബം തിരുക്കുടുംബമാക്കാന്‍ അപ്പന്മാര്‍ ചെയ്യേണ്ടത്

അടുത്തിടെ വി. യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ മാതാവിന്റെയും ഇതുവരെ കാണാത്ത ഒരു ചിത്രം കാണാനിഇടയായി. മാതാവ് നിലത്ത് തളർന്നുറങ്ങുന്നു. യൗസേപ്പിതാവ് ഉണ്ണീശോയെ കയ്യിലെടുത്ത് താരാട്ടു പാടി ഉറക്കിക്കൊണ്ടിരിക്കുന്നു. എത്ര മനോഹരമായ ഒരു ചിത്രം അല്ലേ?

ഈ ചിത്രം കാണുമ്പോൾ കുറച്ചുപേർക്കെങ്കിലും സ്വന്തം ജീവിതത്തോട് താദാത്മ്യം തോന്നുന്നുണ്ടോ? തോന്നുന്നവർ കുടുംബജീവിതത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടവരാണ് എന്നു പറയാം. ഇനി തോന്നാത്തവർക്കു വേണ്ടിയാണ് ഇനിയുള്ള കാര്യങ്ങൾ.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ, മകള്‍ കണ്ടുവന്നിരുന്ന ഒരു കാർട്ടൂൺ എന്നെയും പിടിച്ചിരുത്തി കാണിക്കാൻ തുടങ്ങി. അങ്ങനെ കണ്ട  കഥാപാത്രങ്ങളാണ് ‘പെപ്പ’ എന്ന പന്നിക്കുട്ടിയും അവളുടെ അനിയൻ ‘ജോർജും.’ അവരുടെ പപ്പയും മമ്മയും മുത്തശ്ശനും മുത്തശ്ശിയും പിന്നെ കൂട്ടുകാരും അടങ്ങിയ കുറച്ചു കഥാപാത്രങ്ങൾ. പ്രത്യക്ഷത്തിൽ വലിയ ഗ്രാഫിക്സ് മികവുകൾ നൽകാതെ കുട്ടികളുടെ ഭാവനയ്ക്കും കൂടി പ്രമുഖ്യം കൊടുത്തുകൊണ്ടുള്ള ലളിതമായ, നല്ല ഭാഷ ഉപയോഗിക്കുന്ന ഒരു മികച്ച കാർട്ടൂൺ എന്നു പറയാം.

കുട്ടികളുടെ കാർട്ടൂൺ കണ്ടിട്ടാണോ കുടുംബജീവിതത്തിന്റെ അന്തഃസത്തയെകുറിച്ചു പറയാൻപോണത് എന്നു തോന്നിയോ? സംഗതി സത്യമാണ്. ചിലരുടെ കണ്ണ് തുറപ്പിക്കാൻ പോന്ന കിടിലൻ സംഗതികൾ അതിലുണ്ട്.

ഇതിലെ അച്ഛൻ കഥാപാത്രം ഒരു ഓഫീസ് ജീവനക്കാരനാണെങ്കിലും അടുക്കളയിൽ ഭക്ഷണം പാകം ചെയ്യും, കുട്ടികളെ നോക്കും, വീട് വൃത്തിയാക്കും… ഒന്നുകൂടി തെളിച്ചുപറയുകയാണെങ്കിൽ അമ്മ കഥാപാത്രം ഡ്രൈവ് ചെയ്യും, സെയിൽ ബോട്ട് ഓടിക്കും കൂടാതെ ഓഫീസ് ജോലികളും ചെയ്യും. ആഹാ, മനോഹരമായ കണ്ടുപിടുത്തം തന്നെ എന്നല്ലേ? അതെ എന്നാണ് ഞാൻ പറഞ്ഞുവന്നത്. ഒരു വീട് നോക്കുന്നതിനും കുട്ടികളെ വളർത്തുന്നതിനും വീട്ടിലെ ജോലികൾ  ചെയ്യുന്നതിലും അവർക്ക് ആൺ-പെൺ വ്യത്യാസങ്ങളില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ആഹാ, ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് ചില പുരുഷകേസരികൾ മനസ്സിൽ ഓർത്തില്ലേ? എന്നാൽ ഒരു കാര്യം ചോദിക്കാം – അതിരാവിലെ ചൂലുമെടുത്ത് മുറ്റത്തോട്ടിറങ്ങി അയൽക്കാരുടെയും വഴിപോക്കരുടെയും മുൻപിൽ നാണം കെടും എന്ന് തോന്നിയിട്ടും നല്ല അന്തസ്സായി മുണ്ടും മടക്കിക്കുത്തി സ്റ്റൈലായി ദിവസവും അടിച്ചുവാരുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾ ഭീകരന്മാരാണ്; കൊടും ഭീകരർ!

ഇനി തമാശ വിട്ടു കാര്യത്തിലേക്ക്. ‘മഹത്തായ ഭാരതീയ അടുക്കള’ എന്ന ഒരു മലയാള ചലച്ചിത്രം  അടുത്തിടെ ഒത്തിരി ചർച്ചാവിഷയമായിരുന്നു. എനിക്കറിയാവുന്ന സ്ത്രീജനങ്ങൾ തന്നെ ഈ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നത്‌ കണ്ടു. ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന ഒരു കുടുംബത്തിൽ നിലവിൽ കേരളത്തിലെ അവസ്ഥയിൽ മേൽപറഞ്ഞ സ്ത്രീപുരുഷസമത്വം എത്രത്തോളം ഉണ്ടാകും? വലിയ ചർച്ചയിലേക്കൊന്നും നമ്മൾ കടക്കുന്നില്ല. പക്ഷേ, ചില പ്രായോഗിക കാര്യങ്ങൾ നമുക്ക് നടപ്പിൽ വരുത്താൻ കഴിയാവുന്നതേയുള്ളൂ.

ഒരു കുഞ്ഞുണ്ടായി അതിനെ നോക്കാൻ തുടങ്ങുമ്പോഴാണ് നമ്മുടെയൊക്കെ ‘നല്ല പാതികളുടെ’ നടു ഒടിയാൻ തുടങ്ങുന്നത്. ഉറക്കമില്ലാത്ത രാത്രികൾ, കുഞ്ഞിന്റെ കരച്ചിൽ, പിന്നെ അതിരാവിലെ എണീറ്റ് വീട്ടുജോലികൾ, വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ കാര്യം നോക്കൽ… എല്ലാം എല്ലാ കുടുംബത്തിലും നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. എല്ലാവർക്കും അറിവുള്ളതുമായതിനാൽ കൂടുതലായി ഒന്നും പറഞ്ഞു മുഷിപ്പിക്കുന്നില്ല.

ഒരു തിരുക്കുടുംബം പോലെ നമ്മുടെ കുടുംബം മുന്നോട്ടു കൊണ്ടുപോകാനും നമ്മുടെ ‘നല്ല പാതികളെ’ സന്തോഷവതികളായി നിർത്താനുമുള്ള കുറച്ച് സ്വന്തം ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറയാം. ഒരു മുൻ ചിന്ത: ചില വീട്ടുത്തരവാദിത്വങ്ങൾ സ്ത്രീജനങ്ങൾ ചെയ്യുന്നതു തന്നെയാണ് നല്ലത്. ആ കാര്യങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല. ഇനി സ്ത്രീകളെക്കാൾ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള പുരുഷകേസരികൾ ഉണ്ടെങ്കിൽ അവർക്ക് ഏറ്റെടുത്തു ചെയ്യാട്ടോ. സ്വന്തം ഉത്തരവാദിത്വങ്ങൾ എന്ന് ഒന്നുകൂടി എടുത്തുപറഞ്ഞുകൊണ്ട് തുടങ്ങട്ടെ.

ആദ്യമായി വീടും പരിസരവും അടിച്ചുവാരുന്ന പരിപാടി. അത് ചെയ്യുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട. മൂക്കിനു താഴെ മീശ കിളിർത്തവർക്കു ചെയ്യാൻ പറ്റിയ നല്ല അടിപൊളി പണി തന്നെയാണ് അടിച്ചുവാരൽ. ഈ കസർത്ത് കണ്ട് അടുത്ത വീട്ടിലെ ചേച്ചിമാർ മൂക്കത്തു വിരൽ വച്ചേക്കാം. കണ്ടില്ലെന്നു മനസ്സിൽ നടിച്ച് നല്ല അടിപൊളിയായി താളത്തിൽ അങ്ങ് പണി തുടങ്ങിക്കോണം. കൃത്യം ഒരു മാസം തീരണേനു മുന്നേ അടുത്ത വീട്ടിലെ ഘടാഘടിയൻ ചേട്ടനും ചൂലുമെടുത്ത് ഇറങ്ങിയിട്ടുണ്ടാകും (ഇറങ്ങാത്ത ചേട്ടന്മാരോട് ഒന്നും പറയാനില്ല കേട്ടോ).

ഇനി അടുത്ത കാര്യത്തിലോട്ടു കടക്കാം. വീട് തുടയ്ക്കൽ, കുളിമുറി വൃത്തിയാക്കൽ എന്നീ കലാപരിപാടികൾ. ഒന്ന് ഉത്സാഹിച്ചാൽ ആഴ്ചയിലൊരിക്കലെങ്കിലും നിങ്ങളുടെ കലാപരമായ ഈ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം നന്നായി വിനിയോഗിച്ചാൽ നമ്മൾ പിന്നെ ‘ഹീറോസ്’ ആണ് ചേട്ടന്മാരേ…

ഇനി അടുത്ത ഉത്തരവാദിത്വമാണ് ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത്. അടുക്കളവശത്തു കൂടി പോകുമ്പോ കഴുകാനുള്ള പാത്രങ്ങൾ കൂടിക്കിടപ്പുണ്ടെങ്കിൽ ഭാര്യ ആവശ്യപ്പെടാതെ തന്നെ ഒന്നു കഴുകിവയ്ക്കാം കേട്ടോ (അടുക്കളയിൽ വെള്ളപ്പൊക്കം ആക്കിയേക്കരുത് പറഞ്ഞേക്കാം. എണ്ണമെഴുക്കുള്ളത് വൃത്തിയായി കഴുകിവച്ചേക്കണം. വെളുക്കാൻ തേച്ചത് പാണ്ടാക്കുന്ന പണിയായി പോവരുത് ജാഗ്രതൈ!!!).

ഇനി കുഞ്ഞുങ്ങളുടെ കാര്യവും ശ്രദ്ധിക്കാൻ സമയം കണ്ടെത്താം കേട്ടോ. കുഞ്ഞുമക്കളാണെങ്കിൽ ടോയിലറ്റ് ട്രെയിനിംഗ്, ഉടുപ്പ് മാറ്റിക്കൊടുക്കൽ എന്നീ പരിപാടികളൊക്കെ അപ്പന്മാർ ചെയ്തു എന്നുവച്ച് ആകാശം ഇടിഞ്ഞൊന്നും വീഴാൻ പോണില്ല. വലിയ കുട്ടികളാണെങ്കിൽ അവരുടെ പഠനകാര്യങ്ങളിലും ശ്രദ്ധിക്കാൻ സമയം കണ്ടെത്താം. ഇതൊക്കെ ചെയ്തുകൊടുത്തു കഴിയുമ്പോൾ മക്കൾ അപ്പന്മാരുടെ പിറകെ നിന്നു മാറാതെ നടക്കുന്നതു കണ്ട് അമ്മമാർ അസൂയപ്പെടുന്നതു കാണാം. കൊള്ളാം അല്ലേ?

പിന്നെ സ്വന്തം അടിവസ്ത്രങ്ങൾ എങ്കിലും സ്വയം കഴുകിയിടുന്ന ശീലം ഒരു ഉത്തമ പുരുഷന്റെ ഗുണമായിട്ടാ കരുതേണ്ടത്. ഇനിയും സഹായിക്കാൻ പറ്റിയ ഒത്തിരി കുഞ്ഞുകുഞ്ഞു വലിയ കാര്യങ്ങൾ ഉണ്ടേ. അതെല്ലാം സ്വയം കണ്ടറിഞ്ഞു ചെയ്തുകൊടുക്കുമ്പോളാണ് ജീവിതം ഒത്തിരി ലളിതവും സുന്ദരവുമായി മാറുന്നത്. നേരം പുലരും തൊട്ട് അന്തിയാവോളം എല്ലു മുറിയെ കുടുംബത്തിനു വേണ്ടി പണിയെടുക്കുന്ന കുടുംബഭാരം ഒരുപാടുള്ള ചേട്ടന്മാരെ മുഴുവനായി മേല്പറഞ്ഞവയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. പണിയൊക്കെ എടുത്തു ക്ഷീണിച്ച് ഒന്ന് കിടക്കാൻ മാത്രേ പാവങ്ങൾക്ക് സമയം കിട്ടുകയുള്ളൂ.

പിന്നെ നേരത്തെ പറഞ്ഞ സിനിമ സ്റ്റൈൽ ഭർത്താക്കന്മാരാണ് നിങ്ങളെങ്കിൽ, ഭാര്യമാരെ വീട്ടുജോലിക്കാർ ആയി മാത്രം കാണുന്ന ഒരു ഭർത്താവാണെങ്കിൽ ഒരു അപേക്ഷ. ഒന്ന് മാറി ചിന്തിച്ചുകൂടേ? ഇങ്ങനെ സ്നേഹിച്ചും സഹായിച്ചും ബഹുമാനിച്ചും ഒക്കെ ജീവിക്കുമ്പോഴല്ലേ ജീവിതം ഒത്തിരി മനോഹരമാകുന്നത്? നമ്മുടെ ജീവിതമാതൃക തന്നെയല്ലേ നമ്മുടെ മക്കളും അനുകരിക്കുക? നല്ലൊരു തിരുക്കുടുംബമായി മാറാൻ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു…

ഡോ. സനു വേങ്ങാശേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.