പെറുവിലെ ഭൂകമ്പം: തകർന്ന ചരിത്രപ്രസിദ്ധമായ ദേവാലയത്തിൽ നിന്ന് 40-ഓളം വിശുദ്ധ രൂപങ്ങൾ വീണ്ടെടുത്തു

പെറുവിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന പുരാതന കത്തോലിക്കാ ദേവാലയത്തിൽ നിന്ന് നാല്പതോളം വിശുദ്ധ രൂപങ്ങളും ചിത്രങ്ങളും സുരക്ഷിതമായി വീണ്ടെടുത്തു. യാലി പ്രവിശ്യയിലെ സാന്തിയാഗോ ലിയോൺ ഡി ചോങ്കോസ് ബാജോ എന്ന ചരിത്രപ്രസിദ്ധമായ ദേവാലയത്തിൽ നിന്നാണ് വിശുദ്ധരുടെ രൂപങ്ങളും മറ്റും പുറത്തെടുത്തത്.

മേഖലയിൽ നാശനഷ്ട വിതച്ച ശക്തമായ ഭൂകമ്പത്തിൽ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയത്തിന്റെ മേൽക്കൂരയും ചുവരുകളും തകർന്നു വീണിരുന്നു. തുടർന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെയും പ്രാദേശിക സഭാ അധികൃതരുടെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തകർന്നവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഈ വിലപ്പെട്ട തിരുശേഷിപ്പുകളും വിശുദ്ധ രൂപങ്ങളും സുരക്ഷിതമായി പുറത്തെടുത്തത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തിലും കാൻവാസിലും തീർത്ത സാന്തിയാഗോ അപ്പോസ്തോലൻ്റെയും മറ്റ് വിശുദ്ധരുടെയും നാൽപ്പതോളം തിരുസ്വരൂപങ്ങളും പെയിന്റിംഗുകളും ആണ് സുരക്ഷിതമായി പുറത്തെടുത്തത്. വീണ്ടെടുത്ത തിരുസ്വരൂപങ്ങൾ വിദഗ്ദ്ധ പരിശോധനകൾക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ദേവാലയത്തിന്റെ തകരാത്ത ഭാഗങ്ങൾ ബലപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു.

പെറുവിലെ കതാരോ മേഖലയിലെ ഏറ്റവും പ്രശസ്തവും കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യാ മികവ് വിളിച്ചോതുന്നതുമായ ദൈവാലയങ്ങളിലൊന്നാണിത്. തകർന്നുവീണ ദൈവാലയം വീണ്ടെടുക്കുന്നതിനൊപ്പം പ്രദേശ്വാസികളുടെ വിശ്വാസവും സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ വിശുദ്ധ വസ്തുക്കൾ സംരക്ഷിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്ന് പ്രാദേശിക സഭാ നേതൃത്വം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.