ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ലബനീസ് വംശജനായ ആർച്ച് ബിഷപ്പിനെ നിയമിച്ച് മാർപാപ്പ

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്കുള്ള വത്തിക്കാന്റെ പുതിയ സ്ഥിരം നിരീക്ഷകനായി ലബനീസ് വംശജനും മറോണൈറ്റ് കത്തോലിക്കാ സഭാംഗവുമായ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സഖിയാ എൽ-കാസിസിനെ ലെയോ പതിനാലാമൻ മാർപ്പാപ്പ നിയമിച്ചു. നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും (യു.എ.ഇ) യെമനിലെയും വത്തിക്കാൻ സ്ഥാനപതിയായും അറേബ്യൻ ഉപദ്വീപിലെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു 57-കാരനായ ആർച്ച് ബിഷപ്പ് എൽ-കാസിസ്.

അമേരിക്കയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ചിയയ്ക്ക് പകരക്കാരനായാണ് എൽ-കാസിസ് ചുമതലയേൽക്കുന്നത്. 2000-ൽ വത്തിക്കാന്റെ നയതന്ത്ര സേവന രംഗത്തേക്ക് പ്രവേശിച്ച എൽ-കാസിസ്, ഇന്തോനേഷ്യ, സുഡാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാൻ മിഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007 മുതൽ 2018 വരെ റോമിലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ അന്താരാഷ്ട്ര ബന്ധങ്ങളുടെ വിഭാഗത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1964-ൽ ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനം സ്ഥിരം നിരീക്ഷക പദവി നേടിയതിനുശേഷം ഈ പദവിയിലെത്തുന്ന എട്ടാമത്തെ പ്രതിനിധിയാണ് ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സഖിയാ എൽ-കാസിസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.