ഹംഗറിയിലെ വി. എലിസബത്ത്

രാജാവിന്റെ മകൾ, രാജ്ഞി, മക്കൾ – രാജകുമാരനും രാജകുമാരിമാരും… തീർന്നില്ല, ഒരു വിശുദ്ധ ഇതെല്ലാമായിരുന്നു ഹംഗറിയിലെ വി. എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഒരു ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം. ഏറ്റവും ഉന്നതിയിലായിരുന്നിട്ടും എളിമയുടെ ഒരു പാഠശാലയായിരുന്നു അവളുടെ ജീവിതം. നമ്മൾ ഏതവസ്ഥയിലുള്ളവരാണെങ്കിലും വിശുദ്ധിയിലേക്കാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

1207 -ൽ ഹംഗറിയിലെ രാജാവായ ആൻഡ്രൂ രണ്ടാമന്റെയും രാജ്ഞിയായ ജെർത്രൂദിന്റെയും മകളായി എലിസബത്ത് ജനിച്ചു. അവൾ ജനിക്കുന്ന സമയത്ത് 26 വയസ്സുള്ള വി. ഫ്രാൻസിസ് അസ്സീസ്സി തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു. 1212 ആയപ്പോഴേക്ക് വി. ക്ലാരയും വീടുവിട്ടിറങ്ങി സഭ സ്ഥാപിച്ചു. ഇതിനെപ്പറ്റിയെല്ലാം തന്റെ പിതാവ് പറയുന്നത് എലിസബത്ത് ശ്രദ്ധിച്ചുകേൾക്കാറുണ്ടായിരുന്നു.

സമ്പത്തും സ്ഥാനമാനങ്ങളും പുറംമോടിയുമൊന്നും അവളെ ഒട്ടും പ്രലോഭിപ്പിച്ചില്ല. കരുണയുള്ള ഹൃദയം അവൾക്കു സ്വന്തമായിരുന്നു. ദാനധർമ്മമെന്ന പുണ്യം ചെറുപ്രായം മുതലേ അവൾ ശീലിച്ചു. അവളുടെ കൈവശമുള്ള പ്രിയപ്പെട്ട സാധനങ്ങളിൽ വി. ക്ലാരയുടെ ഒരു പ്രാർഥനയുമുണ്ടായിരുന്നു. “ഈശോയേ, നിന്റെ ഏറ്റവും കയ്‌പ്പേറിയ മരണത്തിന്റെ യോഗ്യതയാൽ സജീവമായ വിശ്വാസവും ഉറപ്പുള്ള പ്രത്യാശയും തികഞ്ഞ ഉപവിയും എനിക്കു തരണമേ.” ഇത് എലിസബത്തിന്റെ പ്രേരകശക്തിയായിരുന്നു.

അന്നത്തെ കാലത്ത് രാജകീയവിവാഹങ്ങൾ വർഷങ്ങൾക്കുമുൻപേ തീരുമാനിച്ചുവയ്ക്കുമായിരുന്നു. എലിസബത്തിന് നാലുവയസുള്ളപ്പോഴേ തുരിൻഗ്യയിലെ പ്രഭുവിന്റെ മകനുമായി അവളുടെ വിവാഹം ഉറപ്പിച്ചു. ആ പ്രായത്തിൽതന്നെ വെള്ളിത്തൊട്ടിലിലിരുത്തി അവളെ ഭാവിവരന്റെ കൊട്ടാരത്തിലേക്ക് ചുമന്നുകൊണ്ടുപോയി.

14 വയസ്സാവുമ്പോഴേക്ക്, പിതാവിന്റെ മരണശേഷം രാജാവായിത്തീർന്ന ലൂയിസ് രാജാവുമായി അവളുടെ വിവാഹം നടന്നു. അവർ പരസ്പരം ജീവനായി സ്നേഹിച്ചു. നല്ല ക്രിസ്ത്യൻ മാതാപിതാക്കളായി അവർ മക്കളെ വളർത്തി. നല്ലരീതിയിൽ നാട് ഭരിച്ചു. ഒരു മകനും രണ്ടു പെൺകുട്ടികളുമടക്കം മൂന്നു കുട്ടികളുണ്ടായി.

തന്റെ പരിചാരികയോട് എലിസബത്ത് പറഞ്ഞു: “ഒരു മനുഷ്യനെ ഞാൻ ഇത്രയ്ക്ക് സ്നേഹിക്കുന്നെങ്കിൽ എല്ലാറ്റിന്റെയും ഉടയവനും അനശ്വരനുമായ ദൈവത്തെ ഞാൻ എത്രയധികം സ്നേഹിക്കണം.” എലിസബത്ത് പരിശുദ്ധ കുർബാനയോടു കാണിക്കുന്ന ഭക്തിയും രാത്രിയുടെ യാമങ്ങളിൽ കട്ടിലിനരികിൽ മുട്ടുകുത്തിനിന്ന് പ്രാർഥിക്കുന്നതും പാവങ്ങളോട് കാണിക്കുന്ന കരുണയും സുഖമില്ലാത്തവരെ സന്ദർശിക്കുന്നതുമൊക്കെ കണ്ട് ലൂയിസ് രാജാവ് സന്തോഷിച്ചു. രാജ്ഞിയുടെ പ്രതാപമൊന്നും കാണിക്കാതെ ഒരു പരിചാരികയെപ്പോലെ അവൾ കൊട്ടാരത്തിൽ പണികളെടുത്തു. പക്ഷേ, ലൂയിസ് രാജാവിന്റെ രണ്ടാനമ്മയ്ക്കും കൊട്ടാരത്തിലുള്ള ചിലർക്കും അവളുടെ ലാളിത്യവും ദാനധർമ്മവും ഇഷ്ടപ്പെട്ടിരുന്നില്ല.

രോഗികളെയും പാവങ്ങളെയും എലിസബത്ത് കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ശുശ്രൂഷിച്ചു. അവരുടെ ചീഞ്ഞുനാറുന്ന മുറിവുകൾ സ്വന്തം കൈകൊണ്ട് വൃത്തിയാക്കി. പീഡാനുഭവ വാരത്തിൽ സാധാരണ കർഷകസ്ത്രീയെപ്പോലെ വസ്ത്രം ധരിച്ച് ദൈവാലയങ്ങളിൽ അവൾ സന്ദർശനം നടത്തി. ആരാണെന്നറിയാതെ ആളുകൾ ചൊരിയുന്ന അപമാനം സന്തോഷത്തോടെ സ്വീകരിച്ചു. പലപ്പോഴും ഉണങ്ങിയ അപ്പക്കഷണമാണ് അവൾ ഭക്ഷിച്ചിരുന്നത്. സ്വന്തം ഭർത്താവുപോലും, ഉപവാസം അറിയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.

ഒരിക്കൽ അവൾ ഒരു കുഷ്ഠരോഗിയെ കാണാനിടയായി. ഉടൻതന്നെ അവൾ സ്വന്തം കൈകളിൽ അദ്ദേഹത്തെ താങ്ങിയെടുത്ത് കൊട്ടാരത്തിൽ കൊണ്ടുവന്ന് മണിമഞ്ചലിൽ കിടത്തി ശുശ്രൂഷിച്ചു. ഇതുകണ്ട് കോപാകുലയായ അമ്മരാജ്ഞി (ലൂയിസിന്റെ രണ്ടാനമ്മ), നായാട്ടിനുപോയി തിരിച്ചെത്തിയ ലൂയിസിനോടു പറഞ്ഞു: “എന്തെല്ലാം വികൃതികളാണ് അവൾ ചെയുന്നത്? ഇപ്പോഴിതാ ഒരു കുഷ്ഠരോഗിയെ നിന്റെ മണിമഞ്ചലിൽ കിടത്തി പരിചരിക്കുന്നു.” ആകെ വിഷമത്തിലായ ലൂയിസ് ചെന്നുനോക്കിയപ്പോൾ കാണുന്നത് തൂമന്ദഹാസം പൊഴിച്ചുകിടക്കുന്ന ഉണ്ണീശോയെ. ലൂയിസ് ഉടൻ മുട്ടിൽനിന്ന് കൈകൂപ്പി. ദിവ്യശിശു അദ്ദേഹത്തെ അനുഗ്രഹിച്ചതിനുശേഷം അപ്രത്യക്ഷനായി. ലൂയിസ് തിരിച്ചുവന്ന് അമ്മരാജ്ഞിയോടു പറഞ്ഞു: “എന്റെ മഞ്ചം ഇങ്ങനെയുള്ളവർക്കു കൊടുക്കാൻ സന്തോഷമേയുള്ളൂ.” വേദനിക്കുന്നവർക്ക് നാം കൊടുക്കുന്ന ശുശ്രൂഷ ഈശോയാണ് സ്വീകരിക്കുന്നതെന്നുള്ളത് സത്യമായ വസ്തുതയാണ്.

എളിമയുടെയും ശൂന്യവൽക്കരണത്തിന്റെയും വലിയ മാതൃകയാണ് എലിസബത്ത് കാണിച്ചുതരുന്നത്. ഒരിക്കൽ ദൈവമാതാവിന്റെ തിരുനാൾദിവസം രാജകുടുംബം ഒരുമിച്ച് ദൈവാലയത്തിൽ പോയി. പ്രത്യേകം സജ്ജമാക്കപ്പെട്ട ഇരിപ്പിടങ്ങളുണ്ടായിരുന്നു. എലിസബത്ത് തന്റെ ശിരസ്സിൽനിന്ന് കിരീടമെടുത്ത് ഇരിപ്പിടത്തിൽ വച്ച് സാഷ്ടാംഗം പ്രണമിച്ച് കുരിശിനെ വണങ്ങി. ഇതുകണ്ട രാജ്ഞി കോപാകുലയായി. “ഇതെന്തു ഭ്രാന്താണ്; രാജകുമാരികൾ നിവർന്നാണ് ഇരിക്കേണ്ടത്. ഒടിഞ്ഞ ഞാങ്ങണകണക്കെ കമഴ്ന്നടിച്ച് ഭ്രാന്തിയെപ്പോലെ നിലത്തു വീണുകിടക്കുകയല്ല.” ഇതുകേട്ട് എലിസബത്ത് പകച്ചുപോയി. വിനയാന്വിതയായി അവൾ പറഞ്ഞു: “ബഹുമാനിതയായ അമ്മേ, കോപിക്കരുതേ. എന്റെ ദൈവവും രാജാവുമായ ഈശോ മുൾക്കിരീടം ധരിച്ചിരിക്കുന്നതുകാണുമ്പോൾ ഞാൻ എങ്ങനെയാണ് രത്നഖചിതമായ സ്വർണകിരീടം ധരിക്കുന്നത്.”

1226 -ൽ നാട്ടിൽ വലിയൊരു ക്ഷാമമുണ്ടായി. ആ സമയത്ത് ലൂയിസ് രാജാവ് ഇറ്റലിയിലായിരുന്നു. എലിസബത്ത് സന്ദർഭത്തിനൊത്തുയർന്നു. അപ്പത്തിനുവേണ്ട മാവെല്ലാം രാജകീയ സംഭരണശാലകളിൽനിന്നു കൊടുത്തു. രാവും പകലും റൊട്ടിയുണ്ടാക്കുന്നവർ പണിയെടുത്തു. സന്യാസികളും കന്യാസ്ത്രീകളുമൊക്കെ ഭക്ഷണവിതരണത്തിൽ സഹായിച്ചു. ആയിരക്കണക്കിന് ആൾക്കാരെ ഓരോദിവസവും ഊട്ടി. സംഭരണശാലകൾ കാലിയായിത്തുടങ്ങി. പാർപ്പിടമില്ലാത്തവർക്കുവേണ്ടി പള്ളികളും താൻതന്നെ പണികഴിപ്പിച്ച ആശുപത്രിയും തുറന്നുകൊടുത്തു. രാജകീയട്രഷറിയിലെ പണമെടുത്ത് എലിസബത്ത് പാവങ്ങൾക്കായി ചിലവാക്കി. അവളുടെ വിലയേറിയ ആഭരണങ്ങളും വസ്ത്രങ്ങളും വിറ്റും അവൾ അശരണരെ സഹായിച്ചു.

1227 -ൽ ലൂയിസ് വിശുദ്ധസ്ഥലത്തിനുവേണ്ടിയുള്ള കുരിശുയുദ്ധത്തിനായി പോയി. പോകരുതെന്നു പറഞ്ഞ ഭാര്യയോടു പറഞ്ഞു: “ഞാനീ ചെയ്യുന്നത് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയാണ്.” എലിസബത്ത് നാലാമത്തെ കുട്ടിക്ക് ജന്മംകൊടുത്തു. അതേസമയത്ത് ലൂയീസിന് പനിപിടിച്ച് ഇറ്റലിയിൽവച്ച് മരിച്ചു. വിവരമറിഞ്ഞ എലിസബത്ത് ദുഃഖം സഹിക്കാനുള്ള ശക്തിക്കുവേണ്ടി പ്രാർഥിച്ചു. അത് അവൾക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഇരുപതു വയസ്സു മാത്രമായിരുന്നു അപ്പോൾ അവൾക്ക് പ്രായം.

എലിസബത്തിനെ കൊട്ടാരത്തിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളോടുകൂടെ പുറത്താക്കി. ഉപജീവനത്തിനായി യാതൊന്നും കയ്യിലില്ലാതെ മക്കളെയുംകൂട്ടി ഭിക്ഷ യാചിച്ചുകഴിഞ്ഞു. ആരും അവരെ സ്വീകരിച്ചില്ല . എലിസബത്തിനെ സ്വീകരിക്കരുതെന്ന് രാജകല്പന വന്നിരുന്നു. പന്നികളെ സൂക്ഷിക്കുന്ന സ്ഥലമാണ് താമസിക്കാൻ കിട്ടിയത്. തന്റെ കഷ്ടതകളെയോർത്ത് അവൾ സ്തോത്രഗീതം പാടി. മക്കളെ വൈക്കോലിൽ കിടത്തി എലിസബത്ത് ഇങ്ങനെ പ്രാർഥിച്ചു: “ഓ ദൈവമേ, ദാരിദ്ര്യമെന്ന മഹാഭാഗ്യം അനുഭവിക്കുന്നതിന് അങ്ങ് എന്നെ തിരഞ്ഞെടുക്കാൻ എനിക്ക് എന്ത് യോഗ്യതയാണുള്ളത്? ഞാൻ തികച്ചും അയോഗ്യയാണെന്ന് അങ്ങേക്കറിയാമല്ലോ.” ഈശോയോട് ഐക്യപ്പെടുത്തുന്ന സഹനം സ്വീകരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നു പറയാൻമാത്രം അവളുടെ ആത്മാവ് എളിമയിൽ വളർന്നിരുന്നു.

ഒരു ചെറുപാലത്തിലൂടെ കടന്നുപോകവെ ഒരു വൃദ്ധസ്ത്രീ വന്ന് അവളെ തള്ളി ചെളിയിൽ ചാടിച്ചു. എന്നിട്ട് ഇങ്ങനെ പരിഹസിച്ചു: “കൊള്ളാം. നീ രാജ്ഞിയായിരുന്നപ്പോൾ എന്ത് പ്രതാപമായിരുന്നു. അതുകൊണ്ട് ഇപ്പോൾ ചേറ്റിൽതന്നെ കിടന്നോളൂ.” എലിസബത്ത് ശാന്തതവിടാതെ എഴുന്നേറ്റ് ചെളിപുരണ്ട വസ്ത്രം കണ്ട് ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ ധരിക്കാറുണ്ടായിരുന്ന സ്വർണാഭരണങ്ങൾക്കും പട്ടുവസ്ത്രങ്ങൾക്കുംപകരം കിട്ടി.” അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ തകർച്ചകളിൽ പ്രകോപിതരാകാതെ ശാന്തതയോടും സമചിത്തതയോടുംകൂടി വ്യാപാരിക്കാൻ സാധിക്കണമെങ്കിൽ ആത്മാവ് ശൂന്യവൽക്കരണത്തിൽ ഒരുപാട് മുന്നേറേണ്ടത് ആവശ്യമാണ്.

ഒരിക്കൽ അവൾ തന്നെ മുറിപ്പെടുത്തിയ ഒരു വ്യക്തിക്കുവേണ്ടി പ്രാർഥിക്കുകയായിരുന്നു. അപ്പോൾ കർത്താവ് ഇങ്ങനെ പറയുന്നത് അവൾ കേട്ടു: “എനിക്ക് ഇതിനേക്കാൾ ഇഷ്ടപെട്ട പ്രാർഥന മുൻപൊരിക്കലും നീ ചൊല്ലിയിട്ടില്ല. അതുകൊണ്ട് നിന്റെ സകലപാപങ്ങളും ഞാൻ ക്ഷമിക്കുന്നു.”

കുറേനാളത്തെ യാതനകൾക്കുശേഷം അവൾക്ക് രാജകൊട്ടാരത്തിലേക്ക് വീണ്ടും പ്രവേശനം ലഭിച്ചു. രണ്ടാംവിവാഹത്തിന് പലരും പ്രേരിപ്പിച്ചെങ്കിലും അവൾ അത് നിരസിച്ചു. മക്കളുടെ കാര്യങ്ങൾ ഭദ്രമാക്കിയതിനുശേഷം ഒരു ദുഃഖവെള്ളിയാഴ്ച എലിസബത്ത് ലോകത്തെ പരിത്യജിച്ച് ഫ്രാൻസിസ്കൻ മൂന്നാംസഭയിൽ വ്രതവാഗ്ദാനം ചെയ്തു. ജർമ്മനിയിൽ ഫ്രാൻസിസ്കൻ മൂന്നാംസഭയിൽ ചേരുന്ന ആദ്യത്തെ ആളാണ് എലിസബത്ത്.

ഒരു ചെറിയ ഭവനത്തിലേക്ക് താമസംമാറിയ അവൾ രോഗികളെയും വികലാംഗരെയുമൊക്കെ കൊണ്ടുവന്ന് താമസിപ്പിച്ച് സ്വന്തം കയ്യാൽ പരിചരിച്ചു. വി. ഫ്രാൻസിസ് അസ്സീസി തന്നെ സമ്മാനമായി അവൾക്ക് അയച്ചുകൊടുത്തിരുന്ന ഒരു പരുക്കൻ ഉടുപ്പാണ് അവൾ ധരിച്ചത്. ഉപജീവനത്തിന് കമ്പിളിനൂറ്റ് വസ്ത്രങ്ങളുണ്ടാക്കി വിറ്റു. ‘ദൈവത്തിനു സമർപ്പിക്കപ്പെട്ടത്’ എന്ന തന്റെ പേരിന്റെ അർഥം പോലെതന്നെ പാവങ്ങളെ സേവിച്ചുകൊണ്ട് അവൾ തന്നെത്തന്നെ ദൈവത്തിനായി കൊടുത്തു.

1231 -ലെ തണുപ്പുകാലം. എലിസബത്ത് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അപ്പോൾ നവംബർ 17 പാതിരാത്രിയായിരുന്നു. ഈ വാക്കുകൾ പറഞ്ഞുകൊണ്ട് അവൾ മരിച്ചു: “ഈ മണിക്കൂറിലാണ് യേശു ഒരു ദരിദ്രകാലിത്തൊഴുത്തിൽ ജനിച്ചത്. എല്ലാ ജനങ്ങളെയും രക്ഷിക്കാൻ അവൻ ഈ ലോകത്തിലേക്കു വന്നു.”

ഒരുപാട് അത്ഭുതങ്ങളാണ് അവളുടെ മധ്യസ്ഥതയിൽ നടന്നത്. മരിച്ചു നാലുകൊല്ലമാവുമ്പോഴേക്ക് ഗ്രിഗറി ഒൻപതാം പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. അസ്സീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചില്ലുജാലകത്തിൽ എലിസബത്തിനെ, ഫ്രാൻസിസിനും ക്ലാരയ്ക്കുമിടയിൽ നിൽക്കുന്നപോലെ വരച്ചുവച്ചിരിക്കുന്നു, അവളോടുള്ള ആദരസൂചകമായി.

നല്ല ഈശോയേ, പാവപ്പെട്ടവരിൽ അങ്ങയെ കാണാൻ അങ്ങ് എലിസബത്തിനെ പഠിപ്പിച്ചുവല്ലോ. അവളുടെ മാധ്യസ്ഥംവഴിയായി ഞങ്ങളും, പാവങ്ങളെയും അടിച്ചമർത്തപ്പെട്ടവരെയും സ്നേഹത്തോടെ സേവിക്കാനുള്ള അനുഗ്രഹം തരണമേ.

ഹംഗറിയിലെ വി. എലിസബത്തിന്റെ തിരുനാൾ ആശംസകൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.