വി. അല്‍ഫോന്‍സാമ്മ

മാനവചരിത്രത്തിന്റെ താളുകളില്‍ വിശുദ്ധിയുടെ വ്യക്തിമുദ്ര പതിപ്പിച്ച്, തിരുസ്സഭയില്‍ ക്രൂശിതന്റെ പിന്നാലെ പാദങ്ങള്‍ പതറാതെ നടന്നു നീങ്ങി, സ്‌നേഹബലി അര്‍പ്പിച്ച വി. അല്‍ഫോന്‍സാമ്മ! സമര്‍പ്പിത തേജോഗോളം! ആര്‍ഷഭാരതത്തിന്റെ അഭിമാനമായിത്തീര്‍ന്ന കേരളനാടിന്റെ വീരപുത്രി! ഫ്രാന്‍സിസ്‌ക്കന്‍വാടിയിലെ സമാധാനദൂത, ക്ലാരസഭയുടെ ആനന്ദസൂനം, ഭരണങ്ങാനത്തിന്റെ പനിനീര്‍പുഷ്പം, കുടമാളൂരില്‍ വിരിഞ്ഞ നിര്‍മ്മലകുസുമം – വി. അല്‍ഫോന്‍സാമ്മ!

അണയാത്ത വിശ്വാസദീപവുമായി, സ്‌നേഹത്തിന്റെ തിരിവെട്ടവുമായി, ജ്വലിക്കുന്ന ഹൃദയവുമായി, അഗ്നിശുദ്ധിയാല്‍ ദിവ്യനാഥനെ സ്വന്തമാക്കി, സഹനമാകുന്ന സ്‌നേഹബലി അര്‍പ്പിച്ച്, തിരുഹൃദയമുറിവില്‍ മറഞ്ഞിരുന്ന്, ദിവ്യസ്‌നേഹാഗ്നിജ്വാലയിലെ പൊന്‍തരിയായ്, ദിവ്യകാരുണ്യനാഥനില്‍ ഒന്നായിത്തീര്‍ന്ന്, ക്രൂശിതനില്‍ ലയിച്ച വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം വിശുദ്ധിയുടെ നറുമണം പരത്തുന്നു!

സന്യസ്തവര്‍ഷത്തോടനുബന്ധിച്ചുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ”ആനന്ദത്തിന്റെ സാക്ഷികള്‍” എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ സന്യസ്തരോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുന്നു. ”നന്ദിയോടെ ഭൂതകാലത്തിലേക്ക് നോക്കുക, അത്യുത്സാഹത്തോടെ വര്‍ത്തമാനകാലത്തില്‍ ജീവിക്കുക, പ്രത്യാശയോടെ ഭാവിയെ ആശ്ലേഷിക്കുക” സന്യസ്തരോടുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ ആഹ്വാനം വി. അല്‍ഫോന്‍സാമ്മ വളരെക്കാലം മുമ്പേ തന്നെ തന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി. തന്റെ സഭാപിതാവായ വി. ഫ്രാന്‍സീസ് അസ്സീസിയുടെയും അമ്മയായ വി. ക്ലാരയുടെയും ആദ്ധ്യാത്മികതയും ദര്‍ശനങ്ങളും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുമ്പില്‍ പ്രകാശിപ്പിച്ചു. അത്യുത്സാഹത്തോടെ തന്റെ സഹനജീവിതം ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സ്‌നേഹബലിയാക്കി. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി പ്രത്യാശയുടെ വെള്ളിനക്ഷത്രമായി.

നമ്മുടെ ഹൃദയത്തിന്റെ വക്കോളം ആനന്ദം നിറയ്ക്കുവാന്‍ ദൈവത്തിനു കഴിയുമെന്നും മറ്റൊരിടത്തും നാം ആനന്ദം തേടേണ്ടതില്ലെന്നും, സമര്‍പ്പണജീവിതത്തിന്റെ മനോഹാരിത ആനന്ദമാണെന്നും ഈ സന്യസ്തവര്‍ഷത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സമര്‍പ്പണജീവിതത്തിന്റെ മനോഹാരിതയായ ഈ ആനന്ദം വി. അല്‍ഫോന്‍സായില്‍ നിറഞ്ഞുനിന്നിരുന്നു. കുരിശില്‍ ആനന്ദം കണ്ടെത്തിയ വി. അല്‍ഫോന്‍സാ ആനന്ദത്തിന്റെ ഫ്രാന്‍സിസ്‌ക്കന്‍ സൂത്രവാക്യം ജീവിതം കൊണ്ടെഴുതി, ക്രൂശിതനില്‍ ആനന്ദം കണ്ടെത്തി. ക്രിസ്തുവിന്റെ സ്‌നേഹമാണ് നമ്മുടെ ശക്തി. ക്രിസ്തുസ്‌നേഹത്തിന്റെ ശക്തി ഉള്‍ക്കൊണ്ട് അതു സഹോദരങ്ങളിലേക്ക് പ്രസരിപ്പിച്ച ഭരണങ്ങാനത്തെ ഈ പനിനീര്‍പുഷ്പം ദൈവീകാനന്ദം സഹജരിലേക്ക് പ്രസരിപ്പിക്കുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. ഈശോയുടെ തിരുഹൃദയമുറിവില്‍ മറഞ്ഞിരിക്കാനാഗ്രഹിച്ച വി. അല്‍ഫോന്‍സാമ്മ തന്റെ വിശുദ്ധമായ സമര്‍പ്പിതജീവിതത്തിന്റെ ഒളിമങ്ങാത്ത സൗരഭ്യവും ശോഭയും പ്രസരിപ്പിച്ച് ജനഹൃദയങ്ങളില്‍ വസിക്കുന്നു.

സി. സെലിന്‍ തെരേസ് എഫ്.സി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.