ക്രൈസ്തവ കുടുംബങ്ങളെ പൈശാചികശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പഠിപ്പിച്ച പ്രാര്‍ത്ഥന

ഏറെ പ്രാര്‍ത്ഥനാചൈതന്യവും പരിശുദ്ധ മറിയത്തോടുള്ള അതിതീവ്ര ഭക്തിയും കാത്തുസൂക്ഷിച്ചിരുന്ന മാര്‍പാപ്പയാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ. ഒരു പുതിയ നൂറ്റാണ്ടിന് തുടക്കമാകാനിരുന്ന 1999-ല്‍ ‘Ecclesia in America’ എന്ന പേരില്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മുഴുവന്‍ ക്രൈസ്തവരെയും അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഒരു അപ്പസ്‌തോലിക ലേഖനം പുറത്തിറക്കുകയുണ്ടായി. സഭ, അതില്‍ പ്രത്യേകിച്ച് കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് പാപ്പാ സംസാരിച്ചത്.

കുടുംബങ്ങളുടെയും അതുവഴിയായി കത്തോലിക്കാ സഭയുടെയും ദൃഢത കുറക്കാന്‍ നിരവധി പൈശാചികശക്തികള്‍ അമേരിക്കന്‍ ജനതക്കിടയില്‍ ശ്രമിക്കുന്നുണ്ടെന്നും അത് പല വെല്ലുവിളികളും ക്രൈസ്തവർക്കു നേരെ ഉയര്‍ത്തുന്നുണ്ടെന്നും പാപ്പാ ആ ലേഖനത്തില്‍ വിവരിച്ചു.

കുടുംബപ്രാര്‍ത്ഥനയും ജീവകാരുണ്യ പ്രവര്‍ത്തികളുമാണ് ഇതിന് പരിഹാരമായി പാപ്പാ നിര്‍ദ്ദേശിച്ചത്. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനാന്തരീക്ഷം വളര്‍ത്തിയെടുത്താല്‍ അത് അടുത്ത തലമുറയെ വിശുദ്ധജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ളവരാക്കി മാറ്റുമെന്ന് പാപ്പാ കണക്കുകൂട്ടി. അതുകൊണ്ടു തന്നെ തന്റെ ലേഖനത്തിന്റെ അവസാനത്തില്‍, അമേരിക്കയിലെ ക്രൈസ്തവ കുടുംബങ്ങളില്‍ ചൊല്ലുന്നതിനായി ഒരു പ്രത്യേക പ്രാര്‍ത്ഥനയും കൂട്ടിച്ചേര്‍ത്തിരുന്നു. അന്ന് പാപ്പാ അമേരിക്കന്‍ ജനതക്കു വേണ്ടി എഴുതിയതാണെങ്കിലും കുടുംബങ്ങളെ വിശ്വാസത്തില്‍ ശക്തിപ്പെടുത്താനും ആഴപ്പെടുത്താനുമുള്ള ആ പ്രാര്‍ത്ഥന ഇന്ന് നമുക്കും ഉപയോഗപ്പെടുത്താം. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്…

‘ദൈവസ്‌നേഹത്തിന്റെ സന്ദേശവുമായി, പരിശുദ്ധാത്മാവിന്റെ സമ്മാനങ്ങളുമായി ഈ ലോകത്തെ രക്ഷിക്കാനായി അങ്ങ് ഈ ലോകത്തിലേക്ക് വന്നതിനെയോര്‍ത്ത് കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. അവസാനം വരെ ഞങ്ങളെ സ്‌നേഹിച്ചുകൊണ്ട് അങ്ങയുടെ ജീവന്‍ ഞങ്ങള്‍ക്ക് ബലിയായി നല്‍കിയതിനെ ഓര്‍ത്ത് അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ ജീവിതമാതൃകയിലൂടെ ദൈവത്തിന്റെ മക്കളും പരസ്പരം സഹോദരരുമായി ഞങ്ങള്‍ മാറിയിരിക്കുന്നു.

ഈ ലോകത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വാസത്തിലും ഞങ്ങളെ അനുദിനം വളര്‍ത്തണമേ. അടുത്ത തലമുറയുടെ മുമ്പില്‍ അങ്ങയുടെ ഉത്ഥാനത്തിന് സാക്ഷികളാകാന്‍ ഞങ്ങളെ സഹായിക്കണമെ. അതുവഴി അവര്‍ അങ്ങയുടെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഭാഗമാകട്ടെ.

അങ്ങ് ഭാഗമായിരുന്ന നസ്രത്തിലെ തിരുക്കുടുംബത്തിന് സദൃശ്യമാക്കി ഞങ്ങളുടെ കുടുംബങ്ങളെയും മാറ്റണമേ. ആ കുടുംബത്തിലൂടെയാണല്ലോ അങ്ങ് ഉത്തമനായ പുരുഷനായി മാറിയത്. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും കൊണ്ട് ഞങ്ങളുടെ കുടുംബങ്ങളെ അഭിഷേകം ചെയ്യണമേ. ഉത്തമ ക്രിസ്തീയകുടുംബങ്ങളായി ഞങ്ങളുടെ കുടുംബങ്ങളെ മാറ്റി ദൈവവിളി കൊണ്ടും സമര്‍പ്പിതജീവിതങ്ങള്‍ കൊണ്ടും സമ്പന്നമാക്കണമേ.

അങ്ങയുടെ സഭയെയും പത്രോസിന്റെ പിന്‍ഗാമികളെയും അനുഗ്രഹിക്കണമെ. അങ്ങയുടെ അമ്മയായ പരിശുദ്ധ മറിയത്തെ സ്‌നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമെ. സധൈര്യം അങ്ങയുടെ വചനം പ്രഘോഷിക്കാനുള്ള അനുഗ്രഹവും നല്‍കണമെ. ആമ്മേന്‍.’