സഹോദരിയോടൊപ്പം വിശുദ്ധിയുടെ പാത പിന്തുടർന്ന വിശുദ്ധ ആഗ്നസ്

വിശുദ്ധ ക്ലാരയെ നമുക്കെല്ലാവർക്കും സുപരിചിതമാണ്. അതുപോലെതന്നെ വിശുദ്ധ ആഗ്നസിനെയും എന്നാൽ അവർ ഇരുവരും സഹോദരിമാരാണെന്ന കാര്യം അധികമാർക്കും അറിയില്ല. വിശുദ്ധ ക്ലാരയുടെ പാത പിന്തുടർന്ന് വിശുദ്ധി പ്രാപിച്ച വിശുദ്ധ ആഗ്നസിന്റെ ജീവിതത്തിലെ ഒരനുഭവം വായിക്കാം.

വിശുദ്ധ ഫ്രാൻസിസിന്റെ മാതൃക പിന്തുടർന്നാണ് വിശുദ്ധ ക്ലാര സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ വിശുദ്ധ ഫ്രാൻസിസിന്റെ പിന്തുണയോടെ ദാരിദ്ര്യത്തിന്റെയും പ്രാർഥനയുടെയും ജീവിതം നയിക്കാൻ സന്യാസിനിമാരുടെ ഒരു സമൂഹത്തെ ദൈവം അവളിലൂടെ രൂപപ്പെടുത്തി. ഈ സമൂഹത്തിലെ ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു വിശുദ്ധ ആഗ്നസ്. ചേച്ചിയോടൊപ്പം മഠത്തിൽ പ്രവേശിക്കാനുള്ള അവളുടെ തീരുമാനത്തെ അവളുടെ കുടുംബം എതിർത്തെങ്കിലും നിശ്ചയദാർഢ്യത്തോടെ തന്റെ നിലപാടുകളിൽ ഉറച്ച് അവൾ വിശുദ്ധ ക്ലാരയോടൊപ്പം ഇറങ്ങിത്തിരിച്ചു. ഇത് അവരുടെ പിതാവിനെ പ്രകോപിപ്പിക്കുകയും എങ്ങനെയും അനുജത്തിയെങ്കിലും തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം തീരുമാനമെടുക്കുകയും ചെയ്തു. ഏതു വിധേനയും ആഗ്നസിനെ തിരിച്ചുകൊണ്ടുവരിക എന്ന തീരുമാനത്തോടെ അവരുടെ സഹോദരൻ മൊണാൾഡോയെ നിരവധി ആയുധധാരികളോടൊപ്പം അവളുടെ പിതാവ് മഠത്തിലേക്ക് പറഞ്ഞയച്ചു.

മൊണാൾഡോ ബലപ്രയോഗത്തിലൂടെ അവളെ വലിച്ചിഴച്ചു കൊണ്ടുവരാനായി വാളെടുത്തുവെങ്കിലും അവന്റെ കൈകൾ ബലമില്ലാത്തതായി തീർന്നു. അപ്പോൾ മറ്റു ചിലർ ആഗ്നസിന്റെ മുടിയിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചപ്പോൾ ആഗ്നസിന്റെ ശരീരം ഘനമുള്ള പ്രതിമയെപ്പോലെ വളരെ ഭാരം ഉള്ളതായി. ഒടുവിൽ അവളെ അവർ ഉപേക്ഷിച്ചു പോയി. ആയുധധാരികളുടെ ശാരീരിക ശക്തി ക്ഷയിച്ചുപോയ ആഗ്നസിന്റെ ആത്മീയ ശക്തിയാൽ അവളുടെ ബന്ധുക്കൾ പിന്മാറാനും സഹോദരിയായ ക്ലാരയോടൊപ്പം ജീവിക്കാൻ അനുവദിക്കാനും അവർ നിബന്ധിതരായി. അങ്ങനെ അവൾ സന്യാസിനിയായി തുടരുകയും ഇറ്റലിയിലെ സഹോദരിമാരുടെ സമൂഹത്തിന്റെ മേലധികാരിയായി വിശുദ്ധ ഫ്രാൻസിസ് അവളെ നിയമിക്കുകയും ചെയ്തു. ഒടുവിൽ 1253 നവംബർ 16 ന് വിശുദ്ധ ആഗ്നസ് മരണമടഞ്ഞു. വിശുദ്ധ ക്ലാരയുടെ കബറിടത്തിനരികിൽ തന്നെ വിശുദ്ധ ആഗ്നസും അടക്കം ചെയ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.