പുരോഹിത ശാസ്ത്രജ്ഞർ 115: ചാൾസ് പ്ലുമിയർ (1646-1704)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഫ്രാൻസിൽ നിന്നുള്ള ഒരു സസ്യശാസ്ത്രജ്ഞനും പര്യവേഷകനുമായിരുന്നു മിനിമ്സ് സന്യാസ വൈദികനായിരുന്ന ചാൾസ് പ്ലുമിയർ. ലൂയി പതിനാലാമൻ രാജാവിന്റെ സസ്യശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പേരാണ് പ്ലുമേറിയ എന്ന ഒരു സസ്യജാലത്തിനു നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കൃതികളും അദ്ദേഹം വരച്ച ചിത്രങ്ങളും പിന്നീടുള്ള സസ്യജാലപഠനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ഫ്രാൻസിലെ മാർസൈല്ലേ നഗരത്തിൽ 1646 ഏപ്രിൽ 20 നാണ് ചാൾസ് പ്ലുമിയർ ജനിച്ചത്. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം മിനിമ്സ് സന്യാസ സമൂഹത്തിൽ വൈദികപരിശീലനത്തിനായി ചേർന്നു. വളരെ കഠിനമായ താപസജീവിതം നയിച്ചിരുന്നവരായിരുന്നു മിനിമ്സ് സന്യാസികൾ. ഇക്കാലയളവിൽ ഗണിതം, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളും അദ്ദേഹം പഠിച്ചു. ശാസ്ത്രീയ ഉപകരണങ്ങൾ, ശിൽപങ്ങൾ എന്നിവ നിർമ്മിക്കുന്നതിലും അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു.

റോമിലെ ട്രിനിറ്റാ ദേയി മോന്തി ആശ്രമത്തിലേക്ക് ചാൾസ് പ്ലുമിയറെ അധികാരികൾ കൂടുതൽ പഠനത്തിനായി അയച്ചു. ഇവിടെ തന്റെ സമൂഹത്തിലെ സസ്യശാസ്ത്രജ്ഞരുമൊത്ത് പഠിക്കുന്നതിന് അദ്ദേഹത്തിന് അവസരം ലഭിച്ചു. മെഡിറ്ററേനിയൻ പ്രദേശത്തെ ചെടികളെക്കുറിച്ച് വളരെയധികം അറിവുണ്ടായിരുന്ന പൗളോ ബൊക്കോണെ എന്ന സിസ്റ്റേഴ്സിയൻ വൈദികനെ ഇവിടെ കണ്ടുമുട്ടി. റോമിലെ പഠനം ചാൾസ് പ്ലുമിയറിനെ ഒരു സസ്യശാസ്ത്രജ്ഞൻ എന്ന തലത്തിലേക്കു വളർത്തി.

അദ്ദേഹത്തിന്റെ ആദ്യകാല ശാസ്ത്രപരീക്ഷണങ്ങൾ അക്കാലത്തെ പല പ്രസിദ്ധ ശാസ്ത്രജ്ഞരുടെയും രാജാവിന്റെയും ശ്രദ്ധയിൽപെട്ടു. അതുവരെയുള്ള സസ്യശാസ്ത്രജ്ഞരുടെ നിഗമനങ്ങളെ അദ്ദേഹം ആഴത്തിൽ പഠിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അറിവിന്റെ അംഗീകാരമായിരുന്നു ലൂയി പതിനാലാമൻ രാജാവ് തന്റെ സസ്യശാസ്ത്രജ്ഞനായി ചാൾസ് പ്ലുമിയറെ നിയമിച്ചത്. ഇതേത്തുടർന്നാണ് കരീബിയൻ പ്രദേശങ്ങളിൽ പര്യവേഷണങ്ങൾ നടത്താനുള്ള നിയോഗം അദ്ദേഹത്തിനു ലഭിച്ചതും.

1687 മുതൽ 1697 വരെ കരീബിയൻ പ്രദേശങ്ങളിലേക്ക് മൂന്നുപ്രാവശ്യം പഠനത്തിനും ഗവേഷണത്തിനുമായി ചാൾസ് പ്ലുമിയർ യാത്രചെയ്തു. സസ്യജാലങ്ങൾ ശേഖരിച്ച്  ശാസ്ത്രീയമായി ഇവയെക്കുറിച്ചു പഠിച്ച് രാജാവിന് റിപ്പോർട്ട് സമർപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ദൗത്യം. അദ്ദേഹം വിവിധ തരത്തിലുള്ള സസ്യജാലങ്ങൾ ശേഖരിച്ചുവെന്നു മാത്രമല്ല, അവയുടെ ചിത്രങ്ങൾ വരയ്ക്കുകയും വളരുന്ന പ്രദേശങ്ങളുടെ വിവരണം നൽകുകയും അവിടുത്തെ ആളുകൾ ഏത് പേരിട്ടാണ് അവയെ വിളിച്ചിരുന്നതെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചെടികൾ, കിളികൾ, മത്സ്യങ്ങൾ എന്നിവയുൾപ്പെടെ ആറായിരം ജീവജാലങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെ വരച്ചിരിക്കുന്ന ഈ ചിത്രങ്ങൾ ഫോട്ടോഗ്രഫി ഇല്ലാതിരുന്ന ഇക്കാലത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളാണ് പിൽക്കാല തലമുറയ്ക്ക് പ്രദാനം ചെയ്തിരിക്കുന്നത്.

സസ്യജാലങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ ഏറ്റം പ്രധാനപ്പെട്ടത് 1693 ൽ പ്രസിദ്ധീകരിച്ച അമറീക്യൂവിലെ സസ്യങ്ങളെക്കുറിച്ചുള്ള വിവരണമാണ്. 108 ചിത്രങ്ങൾ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൊടുത്തിട്ടുള്ള നിരവധി സസ്യജാലങ്ങളെക്കുറിച്ച് യൂറോപ്യൻ സമൂഹത്തിനു ലഭിച്ച ആദ്യത്തെ അറിവായിരുന്നു. അമേരിക്കയിലെ പുതിയ സസ്യങ്ങൾ എന്ന പേരിൽ 1703 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന പല സസ്യജാലങ്ങൾക്കും പേര് നൽകിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വളരെ ശാസ്ത്രീയമായി രൂപപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഓരോ ചെടിയുടെയും പ്രത്യേകതകൾ അവയുടെ ചിത്രങ്ങൾ സഹിതം അദ്ദേഹം വിവരിക്കുന്നു. ഇതുകൂടാതെ, ചാൾസ് പ്ലുമിയർ രൂപപ്പെടുത്തിയ ചില ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ  മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ഡച്ച് സസ്യശാസ്ത്രജ്ഞനായ യൊഹാന്നസ് ബുർമ്മാൻ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  പാരീസിലെ ദേശീയ മ്യൂസിയത്തിൽ ഈ ഗ്രന്ഥങ്ങളെല്ലാം ഇന്ന് സൂക്ഷിച്ചിട്ടുണ്ട്.

പല ചെടികൾക്കും അദ്ദേഹം നൽകിയ നാമങ്ങളാണ് ഇന്നും നിലനിൽക്കുന്നത്. അദ്ദേഹം താനുമായി ബന്ധപ്പെട്ട, തന്നെ സഹായിച്ചവരുടെ നാമങ്ങളാണ് ഈ ചെടികൾക്കു നൽകിയത്. പ്ലൂമേറിയ എന്ന സസ്യത്തിന് പിന്നീട് ആ നാമം നൽകാൻ കാരണം അദ്ദേഹം സസ്യശാസ്ത്ര പഠനത്തിനു നൽകിയ സംഭാവനകളുടെ വെളിച്ചത്തിലാണ്. 1704 ൽ ലൂയി പതിനാലാമൻ രാജാവിന്റെ അഭ്യർഥനയെത്തുടർന്ന് പെറുവിലേക്ക് ഒരു പഠനയാത്ര അദ്ദേഹം ക്രമീകരിച്ചു. എന്നാൽ, ഈ യാത്ര പൂർത്തിയാക്കുന്നതിനു മുൻപ് സ്പെയിനിലെ സാന്താ മാറിയ തുറമുഖത്തു വച്ച് നവംബർ 20 ന് അദ്ദേഹം രോഗം ബാധിച്ചു മരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.