പുരോഹിതശാസ്ത്രജ്ഞർ 19: വി. ജോൺ കന്തീനൂസ് (1390-1473)

പോളണ്ടിലെ പ്രശസ്ത ഊര്‍ജ്ജതന്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായിരുന്ന ജോൺ കന്തീനൂസ് അറിയപ്പെട്ടിരുന്നത് ‘പാവങ്ങളുടെ സ്നേഹിതൻ’ എന്നായിരുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വളരെയധികം സ്വാധീനിച്ചിട്ടുള്ള കന്തീനൂസിന്റെ ജന്മസ്ഥലവും മാർപാപ്പയുടെ ജന്മസ്ഥലവും തമ്മിൽ പതിമൂന്ന് മൈൽ ദൂരം മാത്രമാണുള്ളത്. വിഖ്യാത പോളിഷ് ശാസ്ത്രജ്ഞനായ നിക്കൊളാവൂസ് കോപ്പർനിക്കസ് ജനിച്ച വർഷമാണ് കന്തീനൂസ് മരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങൾക്ക് കന്തീനൂസിന്റെ ഗവേഷണത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. തത്വശാസ്ത്ര, ദൈവശാസ്ത്ര മേഖലകളിൽ എന്നതിനേക്കാൾ പിൽക്കാല തലമുറക്ക് കന്തീനൂസിന്റെ ഊർജ്ജതന്ത്ര സംഭാവനകളാണ് കൂടുതൽ പ്രയോജനം ചെയ്തിട്ടുള്ളത്.

അന്നത്തെ പോളിഷ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ക്രാക്കോവിൽ നിന്നും നാല്പത്തിയഞ്ച് മൈൽ ദൂരത്തിലുള്ള കെന്റി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. യൂദ വംശഹത്യയാൽ കുപ്രസിദ്ധി നേടിയ നാത്‌സി തടവറയായ ഓഷ്വിറ്റ്സിനടുത്താണിത്.

സ്റ്റനിസ്ളാവ് കാന്റിയുടെയും അന്നയുടെയും മകനായി 1390 ജൂൺ 24-നാണ് കന്തീനൂസ് ജനിച്ചത്. ഇരുപത്തിമൂന്നാമത്തെ വയസിൽ ക്രാക്കോവിലെ ജാഗില്ലോണിയൻ സർവ്വകലാശാലയിൽ പഠനത്തിനായി അദ്ദേഹം ചേർന്നു. 1418-ൽ തത്വശാസ്ത്രത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ചതിനു ശേഷം അവിടെത്തന്നെ അധ്യാപകനായി ജോലി ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹം തന്റെ വൈദികപരിശീലനവും തുടങ്ങിയിരുന്നു.

ജോൺ കന്തീനൂസ് വൈദികനായപ്പോൾ മിയെചോവിലുള്ള മോസ്റ്റ് ഹോളി സെപ്പുൾക്കർ ആശ്രമത്തിലെ റെക്ടർ ആയി അധികാരികൾ അദ്ദേഹത്തെ നിയമിച്ചു. ചെറിയ പ്രായത്തിലുള്ള ഈ സ്ഥാനം അദ്ദേഹത്തിന്റെ വലിയ അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. 1429-ൽ യാഗിലോണിയൻ സർവ്വകലാശാലയിലെ തത്വശാസ്ത്ര വിഭാഗത്തിൽ പ്രൊഫസർ സ്ഥാനം സ്വീകരിച്ച കന്തീനൂസ്, പിന്നീട് തത്വശാസ്ത്ര-ദൈവശാസ്ത്ര വിഭാഗങ്ങളുടെ ഡയറക്ടറായും സേവനം ചെയ്തു. ഇവിടെ സേവനമനുഷ്ഠിക്കുമ്പോൾ പദയാത്രികനായി ഒരു പ്രാവശ്യം ജറുസലേമിലേക്കും നാല് പ്രാവശ്യം റോമിലേക്കും അദ്ദേഹം തീർത്ഥാടനം നടത്തി.

തന്റെ ഒഴിവുസമയങ്ങളിലെല്ലാം ജോൺ വിശുദ്ധ ഗ്രന്ഥവും മറ്റ് സാഹിത്യ-ശാസ്ത്രകൃതികളും പകർത്തിയെഴുതുന്ന തിരക്കിലായിരുന്നു. അങ്ങനെ അദ്ദേഹം പകർത്തിയെഴുതിയ 18,000 പേജുകൾ വരുന്ന ഗ്രന്ഥശേഖരത്തിൽ മിക്കതും ഇന്ന് യാഗിലോണിയൻ സർവ്വകലാശാലയിലെയും വത്തിക്കാനിലെയും ഗ്രന്ഥശാലകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ ദൗത്യത്തിലൂടെ അദ്ദേഹം വലിയ അറിവിന്റെ ഉടമയായി മാറുകയും ചെയ്തു.

തന്റെ വരുമാനമെല്ലാം നഗരത്തിലെ ആരുമില്ലാത്തവരെ സംരക്ഷിക്കാനും സർവ്വകലാശാലയിലെ പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിക്കാനുമായിട്ടാണ് അദ്ദേഹം വിനിയോഗിച്ചത്. 1473 ഡിസംബർ 24-ന് മരിച്ച ജോൺ കന്തീനൂസിനെ അടക്കിയിരിക്കുന്നത് സർവ്വകലാശാലയിലെ വി. അന്നായുടെ ദേവാലയത്തിലാണ്. 1676-ൽ ക്ലമന്റ് പതിമൂന്നാം മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വി. ജോൺ കന്തീനൂസിന്റെ തിരുനാൾ ഒക്ടോബർ ഇരുപതിനാണ്. യൂറോപ്പിനു പുറമെ, അമേരിക്കൻ ഐക്യനാടുകളിലെ പോളിഷ് കുടിയേറ്റക്കാരുടെ ഇടയിൽ വളരെ പ്രശസ്തനായ വി. ജോൺ കന്തീനൂസിന്റെ നാമത്തിൽ ധാരാളം ദേവാലയങ്ങൾ അമേരിക്കയിലുടനീളമുണ്ട്. “അറിവും വിജ്ഞാനവും വിശുദ്ധിയുമായി ഒരു ഉടമ്പടി ഉണ്ടാക്കിയതാണ് വി. ജോൺ കന്തീനൂസ്” എന്നാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഊർജ്ജതന്ത്രത്തിൽ തല്പരനായിരുന്ന ജോൺ, വസ്തുക്കളുടെ ചലനത്തെക്കുറിച്ചുള്ള പഠനം വളരെ സൂക്ഷ്മതയോടെ നടത്തി. ജീൻ ബുറിഡിയൻ എന്ന മറ്റൊരു പുരോഹിതശാസ്ത്രജ്ഞന്റെ പഠനങ്ങളെ പിന്തുടർന്നാണ് അദ്ദേഹം തന്റെ ഗവേഷണങ്ങൾ നടത്തിയത്. ഊര്‍ജ്ജതന്ത്രത്തിൽ ബുരിഡിയന്റെ അപ്രവൃത്തിസിദ്ധാന്തങ്ങളെ ആഴത്തിൽ പഠിക്കുകയും വിപുലീകരിക്കുകയും ചെയ്തു. ഇക്കാലയളവിൽ ഗ്രീക്ക് ചിന്തകനായിരുന്ന അരിസ്റ്റോട്ടിലിന്റെ കൃതികൾ അദ്ദേഹം ധാരാളം വായിക്കുകയും അതിൽ വന്നിട്ടുള്ള ശാസ്ത്രീയ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന ഭൂമികേന്ദ്രീകൃതമായ പ്രപഞ്ചസങ്കല്പങ്ങളിൽ നിന്നുമുള്ള ഒരു വ്യതിയാനത്തിന്റെ ആരംഭമായിരുന്നു ജോൺ കന്തീനൂസിന്റെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ ശാസ്ത്രലോകത്തിന് ലഭിച്ചത്. കോപ്പർനിക്കസ്, ഗലീലിയോ തുടങ്ങിയവരുടെ കണ്ടുപിടുത്തങ്ങൾ ജോൺ കന്തീനൂസിന്റെ പരീക്ഷണങ്ങളുടെ ശാസ്ത്രീയവിജയം കൂടി ആയിരുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.