പുരോഹിതശാസ്ത്രജ്ഞർ 67: ലിയനാർഡോ ഗർസോണി (1543-1592) 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇറ്റലിയിലെ വെനീസിൽനിന്നുള്ള ഒരു പ്രാപഞ്ചികശാസ്ത്രജ്ഞനും തത്വജ്ഞാനിയുമായിരുന്നു ഈശോസഭാ വൈദികനായ ലിയനാർഡോ ഗർസോണി. പ്രപഞ്ചവസ്തുക്കളിലുള്ള കാന്തികശക്തിയെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും എഴുതിയ ബൃഹത്തായ ഒരു ഗ്രന്ഥമാണ് ശാസ്ത്രജ്ഞന്മാരായ വൈദികരുടെ ഗണത്തിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തുന്നതിനു കാരണമായിരിക്കുന്നത്.

വെനീസിലെ ഒരു പട്രീഷ്യൻ കുടുംബത്തിൽ 1543-ലാണ് ലിയനാർഡോ ഗർസോണി ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചു കാര്യമായ ചരിത്രവിവരങ്ങൾ നമുക്കു ലഭ്യമല്ല. എങ്കിലും 1556-നു മുൻപായി അദ്ദേഹം തന്റെ തത്വശാസ്ത്രപഠനങ്ങൾ പൂർത്തീകരിച്ചതായി കരുതപ്പെടുന്നു. 1567-ലാണ് അദ്ദേഹം ബ്രേഷ്യയിലുള്ള ഈശോസഭാ ആശ്രമത്തിൽ സന്യാസി ആകുന്നതിനായി ചേർന്നത്. പിന്നീട് കുറേനാൾ പാർമ കോളേജിൽ തർക്കശാസ്ത്രം പഠിപ്പിച്ചതിനുശേഷം പാദുവായിൽ ദൈവശാസ്ത്രപഠനം നടത്തി. വെറോണയിൽ അദ്ദേഹം കുറേനാൾ സേവനമനുഷ്ഠിച്ചതിനുശേഷം വെനീസിലെത്തി അവിടെവച്ച് 1592-ൽ അന്തരിച്ചു.

ലിയനാർഡോ ഗർസോണിക്ക് ശാസ്ത്രലോകത്ത് അംഗീകാരം നേടിക്കൊടുത്തത് ‘കാന്തത്തിന്റെ സ്വഭാവത്തെയും ഗുണങ്ങളെയുംകുറിച്ചുള്ള രണ്ടു ഗ്രന്ഥങ്ങൾ’ എന്ന കൃതിയാണ്. ഇത് ഭൂമിയിലുള്ള കാന്തികപ്രതിഭാസത്തെക്കുറിച്ചുള്ള പഠനമാണ്. ഈ ബൃഹത്തായ ഗ്രന്ഥം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ കോപ്പികൾ അനേകം ശാസ്ത്രജ്ഞന്മാരുടെ കരങ്ങളിൽ എത്തിപ്പെട്ടു. പിന്നീട് ഈ മേഖലയിൽ പഠനംനടത്തിയ പലരും ഇതിലെ ആശയങ്ങൾ തങ്ങളുടേതായി അവതരിപ്പിച്ചു. ഇതിന്റെ ഒന്നാംഭാഗത്ത്, കാന്തശക്തിയെക്കുറിച്ചുള്ള സിദ്ധാന്തം പതിനേഴ് അധ്യായങ്ങളിലായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. രണ്ടാംഭാഗത്ത് 90 സംശയങ്ങളും നിഗമനങ്ങളും 39 ഉപസിദ്ധാന്തങ്ങളും ചർച്ചചെയ്യുന്നു.

കാന്തികവസ്തുക്കൾ കാണിക്കുന്ന രണ്ട് പ്രധാന കാന്തികസ്വഭാവങ്ങൾ ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമതായി, ധ്രുവങ്ങളിലേക്കുള്ള ചലനം സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു. കാന്തികഗുണത്തിന്റെ ഇരട്ടസ്വഭാവത്തിന്റെ വിശദീകരണത്തിൽനിന്നും ഭൂമിശാസ്ത്രപരമായ കാന്തികധ്രുവങ്ങളുടെ സ്ഥാനത്തിന്റെ പ്രശ്നത്തിൽനിന്നും മറ്റു രസകരമായ സവിശേഷതകൾ ഉയർന്നുവരുന്നു. ഈ ഗ്രന്ഥത്തിന്റെ രണ്ടാംഭാഗം ആരംഭിക്കുന്നത്, ധ്രുവങ്ങളിലേക്കുള്ള ആകർഷണത്തിന്റെ ശരിയായ വിന്യാസം എടുത്തുകാട്ടുന്ന ഒരു പരീക്ഷണം വിശദീകരിച്ചുകൊണ്ടാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.