പുരോഹിതശാസ്ത്രജ്ഞർ 68: അലക്സിയൂസ് സിൽവിയൂസ് പൊളോണുസ് (1593-1656) 

രണ്ടു നക്ഷത്രനിരീക്ഷണാലയങ്ങൾ ഉൾപ്പെടെ അനേകം വാനശാസ്ത്ര ഉപകരണങ്ങൾ നിർമ്മിച്ച പോളണ്ടിൽനിന്നുള്ള ഒരു ശാസ്ത്രജ്ഞനായിരുന്നു ഈശോസഭാ വൈദികനായിരുന്ന അലക്സിയൂസ് സിൽവിയൂസ് പൊളോണുസ്. തന്റെ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായിട്ടാണ് പോളിഷ് വംശജൻ എന്ന്  അർഥംവരുന്ന ‘പൊളോണുസ്’ എന്ന വാക്ക് അദ്ദേഹം തന്റെ പേരിനോടുചേർത്തത്.

അലക്സിയൂസിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നുംതന്നെ നമുക്കു ലഭ്യമല്ല. പോളണ്ടിലെ കാലിസ് നഗരത്തിലുള്ള ജെസ്വിട്ട് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. ഇവിടെയായിരുന്ന സമയത്ത് പ്രശസ്ത ബെൽജിയൻ ശാസ്ത്രജ്ഞൻ ചാൾസ് മലപ്പേർത്തിനെ പരിചയപ്പെട്ടു. ശാസ്ത്രവിഷയങ്ങളിൽ തത്പരനായിരുന്ന അലക്സിയൂസിനെ തന്റെ സൂര്യകളങ്കം സംബന്ധിച്ച നിരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയാക്കി. ക്രിസ്റ്റഫർ ഷൈനർ എന്ന ശാസ്ത്രജ്ഞൻ തന്റെ ദൂർദർശിനികൾ നൽകുകയും അതുപയോഗിച്ച് ധാരാളം വാനനിരീക്ഷണ പരീക്ഷണങ്ങൾ ഇവർ നടത്തുകയുംചെയ്തു.

സ്പെയിനിലെ മാഡ്രിഡിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനായി ചാൾസ് മലപ്പേർത്തിനൊപ്പം യാത്രചെയ്യുമ്പോൾ ചാൾസ് രോഗബാധിതനായി പെട്ടെന്നു മരിച്ചു. അലക്സിയൂസ് തന്റെ യാത്ര തുടരുകയും മാഡ്രിഡിലെ ഇമ്പീരിയൽ കോളേജിലെ അധ്യാപകനായി ചുമതലയേൽക്കുകയുംചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1634-ൽ ഈ സർവകലാശാലയിൽ ഒരു നക്ഷത്രനിരീക്ഷണാലയം (planetarium) നിർമ്മിച്ചു. ഇത് തുടർന്നുവന്ന ശാസ്ത്രവിദ്യാർഥികൾക്ക് വളരെ സഹായകമായി. കുറേനാളത്തെ അധ്യാപനത്തിനുശേഷം 1638-ൽ അദ്ദേഹം നെതർലണ്ടിലേക്കു യാത്രചെയ്യുകയും ആഞ്ചിൻ പട്ടണത്തിലെ ബെനഡിക്‌റ്റീൻ ആശ്രമത്തിൽ താമസിക്കുകയുംചെയ്തു. ഇവിടെയും അദ്ദേഹം ഒരു നക്ഷത്രനിരീക്ഷണാലയം നിർമ്മിച്ചു. തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ മാതൃരാജ്യമായ പോളണ്ടിൽ അദ്ദേഹം തിരികെയെത്തുകയും വിവിധ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും ചെയ്തു. 1651-ൽ കാലഗണനാരീതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1656-ൽ പോളണ്ടിൽവച്ച് അദ്ദേഹം അന്തരിച്ചു എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.