
കുട്ടികളുടെ നിഷ്കളങ്കമായ വാക്കുകൾക്ക് മുതിർന്നവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചു മിയില. കുതിരസവാരി കായികതാരമായ സെസീലിയ ഗാർസിയ തന്റെ രണ്ട് വയസ്സുകാരി മകളെ ഉറക്കാൻ കിടത്തിയപ്പോഴാണ് അപ്രതീക്ഷിതമായ ആ ചോദ്യം വന്നത്: “അമ്മേ, നമുക്ക് കാവൽ മാലാഖയോട് പ്രാർഥിച്ചാലോ?” ഈ മനോഹര നിമിഷത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ അത് നിമിഷനേരം കൊണ്ട് വൈറലായി മാറുകയായിരുന്നു.
തന്റെ പ്രായത്തിന്റേതായ തപ്പിത്തടഞ്ഞ വാക്കുകളിലൂടെ മിയില പ്രാർഥന ചൊല്ലുന്നത് വീഡിയോയിൽ കാണാം. കുരിശുവരയ്ക്കുമ്പോൾ ‘പരിശുദ്ധാത്മാവ്’ (Holy Spirit) എന്നതിന് പകരം ‘എസ്പിറ്റുട്ടു’ എന്നാണ് അവൾ ഉച്ചരിക്കുന്നത്. മകളുടെ ഈ നിഷ്കളങ്കത തന്നെ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്ന് സെസീലിയ കുറിച്ചു. ഇതിനോടകം ഏഴര ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ, കുട്ടികളെ ചെറുപ്പത്തിലേ പ്രാർഥിക്കാൻ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധിപ്പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
മിയിലയും അമ്മയും ചേർന്ന് ചൊല്ലുന്ന ആ പരമ്പരാഗത കാവൽ മാലാഖയോടുള്ള പ്രാർഥന ഇതാണ്:
എന്റെ കാവൽ മാലാഖേ, എന്റെ പ്രിയ കൂട്ടുകാരാ.
പകലും രാത്രിയും എന്നെ ഉപേക്ഷിക്കരുതേ,
ഈശോയോടും മറിയത്തോടും ഔസേപ്പിതാവിനോടും
എല്ലാ വിശുദ്ധരോടും കൂടെ എന്നെ
സ്വർഗത്തിൽ എത്തിക്കുന്നതുവരെ കൂടെയുണ്ടാകണമേ.
ആമേൻ.
ഈ കൊച്ചു മിടുക്കിയുടെ വീഡിയോ പലരെയും തങ്ങളുടെ കുട്ടിക്കാലത്തെ പ്രാർഥനകളെക്കുറിച്ച് ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ദൈവത്തിലുള്ള വിശ്വാസം ഒരു കുഞ്ഞിന്റെ സുരക്ഷിതബോധമായി മാറുന്നത് എങ്ങനെയെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.




