
ഫ്രാൻസിസ്കൻ വൈദികനായിരുന്നു വി. മാക്‌സിമില്യൻ മരിയ കോൾബെ. രണ്ടാം ലോക മഹായുദ്ധസമയത്ത്, മറ്റൊരു തടവുക്കാരനു പകരമായി സ്വയം മരണം തിരഞ്ഞെടുത്ത വ്യക്തിയാണ് വി. കോൾബെ. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോട് പ്രത്യേക ഭക്തിയുണ്ടായിരുന്ന ഈ വിശുദ്ധൻ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടവരുടെ പ്രത്യേക മധ്യസ്ഥനുമാണ്. നമ്മുടെ ജീവിതത്തെ അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളുടെ ജീവിതത്തെ പലതരത്തിലുള്ള ദുശ്ശീലങ്ങൾ കാർന്നുതിന്നുമ്പോൾ അതിൽ നിന്നെല്ലാമുള്ള മോചനത്തിനായി ഈ വിശുദ്ധനോട് നമുക്കു മാധ്യസ്ഥം യാചിച്ചു പ്രാർഥിക്കാം.
വി. മാക്‌സിമില്യൻ മരിയ കോൾബെയോടുള്ള മധ്യസ്ഥപ്രാർഥന ചുവടെ ചേർക്കുന്നു.
വി. മാക്‌സിമില്യൻ മരിയ കോൾബെ, ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിച്ച ജീവിതമായിരുന്നല്ലോ അങ്ങയുടേത്. മയക്കുമരുന്നിന്റെ അടിമത്തത്തിൽ കഴിയുന്ന (വ്യക്തിയുടെ പേര് പറയുക) വേണ്ടി അങ്ങയുടെ ശക്തമായ മധ്യസ്ഥത ഞങ്ങൾ യാചിക്കുന്നു.
ഒരു കുടുംബനാഥന്റെ ജീവൻ നിലനിർത്താൻ സ്വന്തം ജീവൻ സമർപ്പിച്ച വിശുദ്ധാ, ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. അങ്ങ് ഞങ്ങളെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്നേഹത്തിലും വിശുദ്ധിയിലും നിലനിൽക്കാൻ വേണ്ട കൃപയ്ക്കായി ഞങ്ങൾ പ്രാർഥിക്കുന്നു. അങ്ങനെ ഞങ്ങളെ അടിമപ്പെടുത്തുന്ന എല്ലാ ദുശ്ശീലങ്ങളിൽ നിന്നും ഞങ്ങൾ പുറത്തുവരട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും, ആമ്മേൻ.




