പള്ളിക്കൂദാശക്കാലം (കൂദാശ് ഏത്ത)

ആരാധനാവത്സരത്തിലെ അവസാനത്തെ നാല് ആഴ്ചകളാണ് പള്ളിക്കൂദാശക്കാലം. ‘പള്ളിക്കൂദാശ’ എന്നാല്‍ ‘സഭയുടെ പ്രതിഷ്ഠ’ എന്നാണര്‍ഥം. പഴയനിയമത്തിലെ നാല് വിശുദ്ധാലയ പ്രതിഷ്ഠകളുടെ (പുറ. 40: 1-17, ജോഷ്വാ 18: 1, 1 രാജാ 8: 62-66, എസ്രാ. 3:2) അടിസ്ഥാനത്തിലാണ് ഈ കാലം നാല് ആഴ്ചകളായി ക്രമീകരിച്ചിരിക്കുന്നത്. സഭയുടെ യുഗാന്തോന്മുഖമായ വിജയത്തെയും അവളുടെ സ്വര്‍ഗീയ ഓർശ്ലെമിലേക്കുള്ള പ്രവേശനത്തെയും ഈ കാലം സൂചിപ്പിക്കുന്നു.

മിശിഹാ തന്റെ മണവാട്ടിയായ സഭയെ അലംകൃതയാക്കുന്നതിന്റെ ലാവണ്യമാണ് ഈ കാലത്തെ പ്രാര്‍ഥനകളിലും വായനകളിലും ഗീതങ്ങളിലും നിറഞ്ഞുതുളുമ്പുന്നത്. മണവാളനായ മിശിഹായെ, മണവാട്ടിയായ സഭ അവളുടെ മക്കളോടൊപ്പം സ്വര്‍ഗീയ ഓർശ്ലെമാകുന്ന മണവറയില്‍വച്ച് യുഗാന്തത്തില്‍ മുഖാമുഖം ദര്‍ശിക്കുകയും മണവാളനോടൊപ്പം മഹത്വീകൃതയായി നിത്യസൗഭാഗ്യത്തിലേക്ക് അവള്‍ പ്രവേശിക്കുകയും ചെയ്യുന്നതാണ് പള്ളിക്കൂദാശക്കാലത്തില്‍ അനുസ്മരിക്കുന്നത്.

ഇസ്രായേലിലെ സമാഗമകൂടാരം സഭയുടെ പ്രതീകമാണ്. ഇസ്രായേല്‍ജനം മനുഷ്യനിര്‍മിതമായ സമാഗമ കൂടാരത്തില്‍ ദൈവസാന്നിധ്യം അനുഭവിച്ചു. മിശിഹായില്‍ ദൈവത്തെ കണ്ടെത്തുകയും വിവേകമതികളായ കന്യകമാരെപ്പോലെ ഒരുങ്ങിയിരിക്കുകയും ചെയ്യുന്നവര്‍ക്ക്, ഹസ്തനിര്‍മിതമല്ലാത്ത സ്വര്‍ഗീയ മണവറയില്‍, ശാശ്വതമായ സമാഗമ കൂടാരത്തില്‍ മിശിഹായോടൊപ്പം പ്രവേശിക്കാനാകും. മണവാളനായ മിശിഹാ മണവാട്ടിയായ സഭയെ താൽക്കാലിക കൂടാരത്തിലേക്കല്ല, അനശ്വരമായ സ്വര്‍ഗീയ മണവറയിലേക്കാണ് ആനയിക്കുന്നത്.

‘ഇവിടെ നമുക്ക്‌ നിലനിൽക്കുന്ന പട്ടണമില്ല’ എന്ന അവബോധത്തില്‍, സ്വര്‍ഗത്തില്‍ പേരെഴുതപ്പെടാന്‍ തക്കവിധം ജീവിക്കാനും അതില്‍ സന്തോഷിക്കാനുമാണ് സഭ നമ്മോട് ആവശ്യപ്പെടുന്നത്. കര്‍ത്താവും കുഞ്ഞാടുമാണ് സ്വര്‍ഗത്തിലെ ദൈവാലയം എന്ന ഉള്‍ക്കാഴ്ച നല്കിക്കൊണ്ട് സ്വര്‍ഗത്തില്‍ നടത്തപ്പെടുന്ന ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലേക്ക് സഭാമാതാവ് വിശ്വാസികളെ ക്ഷണിക്കുന്നു.

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വര്‍ഗീയ മഹത്വരഹസ്യത്തില്‍ പൂര്‍ത്തിയാകുംവിധമാണ് ആരാധനാവത്സരം സംവിധാനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.