സീറോ മലങ്കര നവംബര്‍ 01 മത്തായി 5: 1-12 മലയിലെ പ്രസംഗം (സകല വിശുദ്ധരുടെയും ഓര്‍മ്മ)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ക്രിസ്തീയപുണ്യങ്ങളുടെ സൗരഭ്യം തങ്ങളുടെ ജീവിതത്തിലൂടെ ഭൂമിയില്‍ പ്രസരിപ്പിച്ചതിനാല്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വര്‍ഗീയ ഉദ്യാനത്തെ അലങ്കരിക്കുന്ന മനോഹരപുഷ്പങ്ങളാണ് വിശുദ്ധര്‍. സഭയിലെ ആദ്യനൂറ്റാണ്ടുകളിലെ വിശ്വാസികളെല്ലാവരും തന്നെ വിശുദ്ധരായിരുന്നു. ‘വിശുദ്ധിയിലേക്കുള്ള സാര്‍വത്രികവിളി’ (Lumen Gentium 40) ലഭിച്ചിരിക്കുന്ന നാമെല്ലാവരും പിതാവായ അബ്രാഹാമിനെപ്പോലെ ദൈവത്തിന്റെ മുമ്പില്‍ ‘കുറ്റമറ്റവരായി വ്യാപരിക്കാന്‍’ (ഉല്‍. 17:1) വിളിക്കപ്പെട്ടവരാണ്.

മനോഹരമായ മലയിലെ പ്രസംഗത്തിലൂടെ ക്രിസ്തീയജീവിതത്തില്‍ അനുഗ്രഹമായിത്തീരുന്ന അഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് യേശു പറയുന്നു. ആത്മാവില്‍ ദരിദ്രരും കരയുന്നവരും കരുണയുള്ളവരും നീതിക്കുവേണ്ടി ദാഹിക്കുന്നവരും ഹൃദയശുദ്ധിയുള്ളവരും പീഡനമേല്‍ക്കുന്നവരും ദൈവാനുഗ്രഹമുള്ളവരായിത്തീരുന്ന ഒരു അസാധാരണ സ്ഥിതിവിശേഷമാണ് യേശു വിവരിക്കുന്നത്. നാം അറിയുന്നതില്‍നിന്നും വളരെ വ്യത്യസ്തമായ ഒരു ജീവിതക്രമമാണിത്. ലോകത്തിന്റെ ദൃഷ്ടിയില്‍ വിലപ്പെട്ടത് എന്നുകരുതുന്ന പലതിനെയും ഉപേക്ഷിക്കുന്നതിലും സ്വര്‍ഗം വിലമതിക്കുന്നതിനെ സ്വാതന്ത്ര്യത്തോടെ പുല്‍കുന്നതിലുമാണ് ഈ സൗഭാഗ്യം അടങ്ങിയിരിക്കുന്നത്. ദൈവത്തില്‍ ആശ്വാസം കണ്ടെത്തിയവരും ദൈവകരസ്പര്‍ശനത്താല്‍ കണ്ണീരൊപ്പിയെടുക്കപ്പെട്ടവരുമാണിവര്‍.

യേശുവിന്റെ ജീവിതത്തെ ലോകത്തില്‍ പ്രതിഫലിപ്പിക്കുന്ന വിശ്വസ്തശിഷ്യരാകാന്‍ നമുക്കും ശ്രമിക്കാം. പ്രലോഭനങ്ങളിലകപ്പെടാതെ വിശ്വസ്തരായിരിക്കാനും വേദനിക്കുന്നവരുടെ കണ്ണുകളിലേയ്ക്ക് ആര്‍ദ്രതയോടെ നോക്കാനും ചെറിയ കാര്യങ്ങള്‍ വലിയ സൂക്ഷ്മതയോടെ ചെയ്യാനും മറ്റുള്ളവരില്‍ യേശുസാന്നിധ്യം ദര്‍ശിക്കാനും അങ്ങനെ വിശുദ്ധിയുടെ മാതൃകകളാകാനും യേശു നമ്മെ വിളിച്ചിരിക്കുന്നു. പ്രാര്‍ഥനയാകുന്ന മലയിലൂടെ ദൈവസന്നിധിയില്‍ പ്രവേശിച്ച് യേശുസാന്നിധ്യസ്മരണയില്‍ ജീവിച്ച് ഇന്നത്തെ ദിവസത്തെ മനോഹരമാക്കുന്നതിന് നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതീകങ്ങളായി നമ്മെത്തന്നെ രൂപപ്പെടുത്തി, ലോകത്തെ ക്രിസ്തുവിനുവേണ്ടി നേടിയെടുക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍