ഇറ്റലിയിലെ ലൊറേറ്റോ മാതാവ്‌ 

ഇറ്റലിയിലെ ലൊറേറ്റോയിൽ സ്ഥിതിചെയ്യുന്ന മരിയൻ തീർഥാടനകേന്ദ്രമാണ് ബസിലിക്ക ഡെല്ലാ സാന്ത കാസ. ‘ബസിലിക്ക ഓഫ് ദി ഹോളി ഹൌസ് എന്നറിയപ്പെടുന്ന ഈ തീർഥാടന ദൈവാലയം പരിശുദ്ധ കന്യകാമറിയം താമസിച്ചിരുന്ന ഇടമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. നസ്രേത്തിലെ ഈ ഭവനം പിന്നീട് മാലാഖാമാരാൽ ലൊറേറ്റോയിൽ എത്തിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 16 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും യേശുവിന്റെയും ചിത്രം സൂക്ഷിച്ചിരിക്കുന്നു.

ആകാശയാത്രികരുടെ അമ്മ

1920 മാർച്ച് 24 -ന് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ആകാശയാത്രികരുടെയും ശുഭയാത്രയുടെയും പ്രത്യേക മധ്യസ്ഥയായി ലൊറേറ്റോ മാതാവിനെ പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാമറിയം താമസിച്ചിരുന്ന ഗൃഹം മാലാഖമാർ ആകാശമാർഗം  ലൊറേറ്റോയിൽ എത്തിച്ചതിന്റെ സൂചകമായിട്ടാണ് ഈ പ്രത്യേക മാധ്യസ്ഥം ഡെല്ലാ സാന്താ കാസ ബസിലിക്കയിലെ പരിശുദ്ധ അമ്മയ്ക്കു നൽകിയത്.

ഗോഥിക് നവോത്ഥാനരീതി

1469 -നും 1587 -നുമിടയിൽ നിർമ്മിച്ച ഈ ദൈവാലയം ഗോഥിക് നവോത്ഥാനരീതിയിൽ രൂപകല്പനചെയ്ത ഒന്നാണ്. എന്നാൽ ഇവിടുത്തെ പ്രധാന ആകർഷണം കല്ലുകൾകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ചെറിയ വീടാണ്. പരിശുദ്ധ അമ്മയ്ക്ക് ഗബ്രിയേൽ ദൂതന്റെ മംഗളവർത്തയുടെ അരുളപ്പാടുണ്ടായപ്പോൾ മറിയം ആയിരുന്ന ഭവനമാണ് ഇതെന്ന് വിശ്വസിക്കുന്നു.

ഇതിനെ സാധൂകരിക്കുന്ന ഒരുപാട് തെളിവുകൾ നമുക്ക് അവിടെ ദൃശ്യമാണ്. ഈ രീതിയിലുള്ള ഭവനനിർമ്മാണം നസ്രേത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുപറയപ്പെടുന്നു. ആദിമകാലങ്ങളിൽ ജീവിച്ചിരുന്ന യഹൂദ ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ‘ഗ്രാഫിറ്റോ’കൾ. വാതിലുകളിലും മറ്റു ചുവരുകളിലുമൊക്കെ ചിത്രരൂപത്തിൽ സന്ദേശങ്ങൾ വരച്ചുവയ്ക്കുന്നതിനെയാണ് ‘ഗ്രാഫിറ്റോ’ എന്നുപറയുന്നത്. ഏകദേശം 60 -ഓളം ഗ്രാഫിറ്റോകൾ ഈ കൽക്കട്ടകളിലുണ്ട്. ഇത്തരം ഗ്രാഫിറ്റോകൾ അന്ന് നസ്രേത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം വ്യക്തമായ തെളിവുകളുടെയും പഠനങ്ങളുടെയും ഉറപ്പിന്മേലാണ് ഇറ്റാലിയൻ ജനതയുടെ വിശ്വാസം ഉറപ്പിച്ചിരിക്കുന്നത്.

പരിശുദ്ധ അമ്മയുടെയും ഉണ്ണിയേശുവിന്റെയും രൂപം

ദൈവാലയത്തിന്റെ അൾത്താരയ്ക്കു മുകളിലായി 33 ഇഞ്ച് ഉയരമുള്ള പരിശുദ്ധ അമ്മയുടെയും ഉണ്ണിയേശുവിന്റെയും അലങ്കരിക്കപ്പെട്ട രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. ആദ്യം ഒലിവുമരംകൊണ്ട് നിർമ്മിക്കപ്പെട്ട മഡോണയുടെ ഈ രൂപം പതിനഞ്ചാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടതെന്ന് ഇതിന്റെ നിർമ്മാണശൈലി സൂചിപ്പിക്കുന്നു. എന്നാൽ 1921 -ല്‍ ദൈവാലയത്തിൽ നടന്ന ഒരു തീ പിടുത്തത്തിൽ രൂപം കത്തിനശിക്കുകയും പിന്നീട് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ നിർദേശപ്രകാരം യഥാർഥരൂപത്തിനു സമാനമായ രൂപം ലബനനിലെ ദേവദാരു മരംകൊണ്ട് നിർമ്മിക്കുകയും ചെയ്തു.

1922 -ൽ സെന്റ് പീറ്റെഴ്സ് ബസിലിക്കയിൽനിന്ന് കാനോനിക്കൽ കിരീടധാരണം നടത്തുകയും ലൊറേറ്റോയിലേക്കു കൊണ്ടുപോകുകയും ചെയ്തു. മനോഹരമായ മുത്തുകൾകൊണ്ട് നിർമ്മിച്ച മാലകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന മഡോണയുടെയും ഉണ്ണിയേശുവിന്റെയും രൂപം ബസിലിക്കയിലെത്തുന്ന തീർഥാടകരുടെ ഹൃദയം കവരുന്ന ഒന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.