അൾത്താരത്തണലിൽ ജീവിക്കാം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപത്തിയാറാം ദിനം, ജൂലൈ 21, 2022 

“വരപ്രസാദ സൂര്യനാകുന്ന വിശുദ്ധ കുർബാനയാണ് സർവ്വ ലോകത്തിന്റെയും ശക്തികേന്ദ്രവും പ്രഭാസങ്കേതവും” – ആലക്കളത്തിൽ മത്തായി അച്ചൻ.

ഓരോ ദിനവും ലോകം കണികണ്ട് ഉണരുന്നത് സൂര്യന്റെ അരുമയാർന്ന കിരണങ്ങളുടെ സ്പർശനത്താലും അനുഭവത്താലുമാണ്. ഈ ലോകത്തിലുള്ള സകല സൃഷ്ടിജാലങ്ങളുടെയും അതിജീവനത്തിൽ സൂര്യന് അതിനിർണ്ണായകമായ സ്വാധീനമുണ്ട്. ഭൗതീകലോകം അതിജീവന ഊർജ്ജം സൂര്യഗോളത്തിൽ നിന്ന് സംഭരിക്കുന്നതുപോലെ ആത്മീയ അതിജീവനത്തിനായി വരപ്രസാദസൂര്യനാകുന്ന വിശുദ്ധ കുർബാനയെ ആശ്രയിച്ച് ആത്മാവിന് ആവശ്യമായ ശക്തിയും പ്രഭയും സ്വന്തമാക്കാൻ ഓരോ ദിവ്യകാരുണ്യ മിഷനറിയെയും സഭാസ്ഥാപകരിലൊരാളായ ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ ഓർമ്മപ്പെടുത്തുന്നു.

ദിവ്യകാരുണ്യത്താൽ സമ്പുഷ്ടമാക്കപ്പെട്ട അൾത്താരത്തണലിൽ ജീവിച്ച് അപ്പത്തിന്റെ സുവിശേഷം ലോകമെങ്ങും കൈമാറാൻ ദിവ്യകാരുണ്യത്തിന്റെ സഭാതനയർക്ക് ആവണം. വരപ്രസാദത്തിന്റെ സംപൂജ്യ ഉറവിടവും കൂദാശകളുടെ കൂദാശയായ ദിവ്യകാരുണ്യത്തിന്റെ ഉപാസകരും പ്രഘോഷകരുമായി ഓരോ ദിവ്യകാരുണ്യ പ്രേഷിതനും ജീവിതത്തെ രൂപാന്തരപ്പെടുത്തുമ്പോൾ അനേകർക്ക് വിശുദ്ധ കുർബാനയെന്ന ദിവ്യാത്ഭുവത്തെ തൊട്ടടുത്ത് അനുഭവിച്ചറിഞ്ഞ്ഈ ലോകത്തിൽ ജീവിക്കാനിടയാക്കും.

സഭാനിയമം അനുശാസിക്കുന്നതുപോലെ, നാം അനുദിനം ആഘോഷിക്കുന്ന, ജീവിച്ചനുഭവിക്കുന്ന ദിവ്യരഹസ്യങ്ങളെ അൾത്താരക്കു ചുറ്റും അണിചേരുന്ന ദൈവജനത്തിന് മറിച്ചുനൽകാൻ ഓരോ ദിവ്യകാരുണ്യ പ്രേഷിതനും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ഡീ. ബിനു കുളങ്ങര MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.