വിശുദ്ധ കുർബാനയുടെ സ്വീകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിപതിനാറാം ദിനം, ആഗസ്റ്റ് 30, 2022 

ആലക്കളത്തിൽ മത്തായി അച്ചൻ വിവർത്തനം ചെയ്ത ‘ശാന്തി മാർഗ്ഗം’ എന്ന ഗ്രന്ഥത്തിലെ ഇരുപതാം നമ്പറിൽ വിശുദ്ധ കുർബാനയുടെ സ്വീകരണത്തിൻ്റെ ഉദ്ദേശ്യം, അതിനു മുമ്പുള്ള ഒരുക്കം, സ്വീകരണശേഷം ചെയ്യേണ്ടവ ഇക്കാര്യങ്ങൾ വളരെ ഹ്രസ്വമായി പ്രതിപാദിക്കുന്നു.

നമ്മുടെ കർത്താവ് വരപ്രസാദം വഴി എപ്പോഴും നിന്നിലില്ലയോ? എന്ന ചോദ്യത്തോടെയാണ് ആലക്കളത്തിൽ മത്തായിയച്ചൻ അതിന് ഉത്തരം ആരംഭിക്കുന്നത്.

കുർബാന സ്വീകരിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യമായി അച്ചൻ പഠിപ്പിക്കുന്നത് മൂന്നു കാര്യങ്ങളാണ്.

1 ) ഈശോയുടെ സാന്നിധ്യത്തെ പുത്തനാക്കുക

2) വരപ്രസാദം വർദ്ധിപ്പിക്കുക

3) ആത്മാവിനെ പൂർവ്വോപരി ശക്തിപ്പെടുത്തുക

ഈശോ നിന്നിൽ വളരുന്നതിന് എന്തുമാത്രം ആഗ്രഹിക്കുന്നുവോ എന്തുമാത്രം നിന്നെ സ്നേഹിക്കുന്നുവോ, അതേ ആഗ്രഹത്തോടും സ്നേഹത്തോടും കൂടി ഈശോയെ സ്വീകരിക്കുക. അവിടുന്ന് തന്നെ മുഴുവനും നിനക്കു തരുന്നു. നീ നിന്നെ മുഴുവനും പ്രതിനന്ദിയായി അവിടുത്തേക്ക് സമർപ്പിക്കുക.

മാതാവായ കന്യകാമറിയത്തെ എപ്പോഴും കൂട്ടുപിടിച്ചു കൊള്ളുക. ആ അമ്മ നിനക്ക് വേണ്ടി ഈശോയെ പാടി സ്തുതിക്കും. നിനക്ക് വേണ്ടതെല്ലാം, നീ അറിയാത്തവ പോലും നിനക്ക് വേണ്ടി ചോദിച്ചു വാങ്ങിക്കൊള്ളും.

ദിവസത്തിലെ അനന്തരസമയം നസ്രസിലെ അമ്മയോടും മകനോടുമൊത്ത് ഒരു കൊച്ചു കുഞ്ഞിനെ പോലെ പെരുമാറുക. ആധ്യാത്മിക ജീവിതം വളച്ചുകെട്ടില്ലാത്തതും വെറും സാധാരണവുമാണ്. എളിമയും ഉപവിയും തരണമെന്ന് ഇടയ്ക്കിടയ്ക്ക് ഈശോയോടു പറയുക.

ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചന്റെ മാതൃക പോലെ വിശുദ്ധിയോടും യോഗ്യതയോടും കൂടി വിശുദ്ധ കുർബാന സ്വീകരിച്ച്, അതിന്റെ വരപ്രസാദത്താൽ നിറഞ്ഞു നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതൽ ഫലദായകമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.