“എല്ലാത്തിനും ദൈവത്തോട് നന്ദി മാത്രം”: 9/11 ആക്രമണത്തിൽ ആളുകളെ രക്ഷപെടുത്തിയ നേവി സീൽ ഉദ്യോഗസ്ഥൻ മനസ്സ് തുറക്കുന്നു

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത ദിനമായിരുന്നു 2001 ലെ 9/11. അപ്രതീക്ഷിത ഭീകരാക്രമണം ശാന്തമായ ആ അന്തരീക്ഷത്തിലേക്ക് ഭയത്തിന്റെ കറുത്ത പുക ഉയർത്തിയ ദിനം. വേൾഡ് ട്രേഡ് സെന്റർ കെട്ടിടങ്ങളിലേക്കും പെന്റഗണിലേക്കുമായി ഭീകരർ വിമാനങ്ങൾ ഇടിച്ചിറക്കിയ ആ സമയം ലോകം പോലും ഒരു നിമിഷം സ്തബ്ധമായി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്നേ പലർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇന്നും അമേരിക്കയുടെ ചിന്തകളിൽ നടുക്കം അവശേഷിപ്പിക്കുന്ന ആ ആക്രമണത്തെ അതിജീവിക്കുകയും ഇരകളായ അനേകം പേരെ രക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് കമാൻഡർ ക്രെയ്ഗ് പവൽ. നാഷണൽ ജിയോഗ്രാഫിക്കിന്റെ പുതിയ മൂന്ന് ഭാഗങ്ങളുള്ള ‘9/11 റീയുണൈറ്റഡ്’ എന്ന ഡോക്യുമെന്ററിക്കായി ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഓർത്തെടുക്കുമ്പോൾ അദ്ദേഹത്തിന് ഇന്ന് പറയാനുള്ളത് ദൈവത്തോട് നന്ദി മാത്രം.

ഭീതി നിറഞ്ഞ അന്തരീക്ഷത്തിനിടയിലും കർമ്മനിരതരായ സംഘം

ആക്രമണം നടക്കുന്ന സമയത്ത് പവൽ നാവികസേനയിൽ ഏകദേശം രണ്ട് പതിറ്റാണ്ട് സേവനം പൂർത്തിയാക്കിയിരുന്നു. സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1982-ൽ നാവികസേനയിൽ ചേർന്നു. തൊട്ടടുത്ത വർഷം തന്നെ ബേസിക് അണ്ടർവാട്ടർ ഡിമോളിഷൻ/സീൽ പരിശീലനവും പൂർത്തിയാക്കി. തുടർന്ന് സീൽ ടീം സിക്സ്, സീൽ ടീം ടു, നാവിക സ്പെഷ്യൽ വാർഫെയർ ഡെവലപ്‌മെന്റ് ഗ്രൂപ്പ് എന്നിവയുൾപ്പെടെ നിരവധി സ്പെഷ്യൽ വാർഫെയർ വിഭാഗങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇതിനൊക്കെ ശേഷം സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ആറ് ദിവസങ്ങൾ മുൻപ് മാത്രമാണ് പവൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ എത്തുന്നത്.

സംഭവസമയം രാവിലെ 9:37-ന് ഫ്ലൈറ്റ് 77 പെന്റഗണിൽ ഇടിച്ചുകയറുമ്പോൾ, അദ്ദേഹം കെട്ടിടത്തിന്റെ ‘സി റിംഗിലെ’ അഞ്ചാം നിലയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു നിമിഷം പകച്ചുപോയെങ്കിലും സുബോധം വീണ്ടെടുത്ത പവൽ എത്രയും വേഗം കർമ്മനിരതനായി മാറി. തകർന്നു വീണ അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിയവരെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്.

പെന്റഗണിൽ രക്ഷാപ്രവർത്തനം ആരംഭിച്ച സമയം അദ്ഭുതകരമായ ഒരു ഐക്യം തനിക്ക് കാണാൻ കഴിഞ്ഞു എന്ന് പവൽ വെളിപ്പെടുത്തുന്നു. അന്ന് ആ നിലവിളികൾക്കിടയിൽ സ്ഥാനമാനങ്ങളോ, പദവികളോ സീനിയർ-ജൂനിയർ ഓഫീസർമാരെന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും ജൂനിയർ ഓഫീസർമാർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ പോലും പൂർണ്ണ മനസ്സോടെ തയ്യാറായി നിന്നു. എല്ലാവർക്കും ഒരു ജീവൻ പോലും നഷ്ടപ്പെടുത്തരുത് എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

ജീവിതത്തെ അടിമുടി മാറ്റിയ ആക്രമണം

ആക്രമണങ്ങൾക്ക് മുമ്പ്, ഒരു സൈനിക ഉദ്യോഗസ്ഥനിൽ നിന്ന് പ്രതീക്ഷിക്കുന്ന മാനസിക അച്ചടക്കത്തോടെയാണ് താൻ ജീവിതത്തെ സമീപിച്ചിരുന്നതെന്ന് പവൽ പറഞ്ഞു. ജോലി ചെയ്യുക, അച്ചടക്കത്തോടെ ആയിരിക്കുക, പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുക. ഇതായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. എന്നാൽ ആക്രമണത്തിന് ശേഷം സ്വന്തം മണ്ണിൽ താൻ ആക്രമിക്കപ്പെട്ടു എന്ന തിരിച്ചറിവ് തനിക്കു സ്വന്തമായവയിലേക്കു തിരിഞ്ഞു നോക്കാൻ ഉള്ള പ്രേരണ അദ്ദേഹത്തിന് നൽകി. ദൈവത്തോട് കൂടുതൽ അടുത്തതും തന്റെ കുടുംബത്തിനും ജീവിതപങ്കാളിക്കും അദ്ദേഹം പ്രാധാന്യം കൊടുക്കാൻ തുടങ്ങിയതും ഈ ആക്രമണത്തിന് ശേഷം ആയിരുന്നു.

“ഞാൻ എപ്പോഴും ദൗത്യങ്ങളിലായിരുന്നു, എപ്പോഴും വീടിന് പുറത്തായിരുന്നു. ഞാൻ അകലെയായിരുന്നപ്പോൾ മക്കളെ വളർത്തുന്നതിൽ ഭൂരിഭാഗവും ചെയ്തതിന് ഭാര്യയോട് ഞാൻ നന്ദി പറഞ്ഞു തുടങ്ങി. ആക്രമണത്തിന് ശേഷം എനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതിന് പകരം, എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകമായി തീരുമാനങ്ങൾ എടുത്തു. അവർക്കൊപ്പം കൂടുതൽ ആയിരിക്കാൻ ശ്രമിച്ചു”- പവൽ പറയുന്നു.

നന്ദി മാത്രം

25 വർഷങ്ങൾക്ക് ശേഷവും ആ ദിവസത്തിൽ ഉണ്ടായ ശാരീരികമായ ആഘാതങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പവൽ പറയുന്നു. ശാരീരികമായി പല പ്രത്യാഘാതങ്ങളും ഉണ്ടെങ്കിലും അതൊക്കെ ഇപ്പോൾ നിയന്ത്രണത്തിലാണ്. അതിന് ദൈവത്തോട് പ്രത്യേകം നന്ദിപറയുകയാണ് ഇദ്ദേഹം. ആ ആക്രമണത്തിന്റെ സമയത്ത് അവിടെ ഉണ്ടാകാൻ സാധിച്ചതിലും അദ്ദേഹം ദൈവത്തോട് നന്ദി പറയുന്നു. കാരണം അതുകൊണ്ടാണല്ലോ തനിക്ക് അനേകം ആളുകളെ മരണത്തിൽ നിന്നു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനായത് എന്നാണ് പവലിന്റെ ഭാഷ്യം. കൂടാതെ ആ ആക്രമണത്തെ അതിജീവിച്ചതിന്, ജീവനോടെ ആയിരിക്കാൻ കഴിയുന്നതിന്, മക്കളെ സ്നേഹിക്കാനും അവരുടെ കൂടെയായിരിക്കാനും സാധിച്ചതിന് ഒക്കെ എണ്ണിയെണ്ണി നന്ദി പറയുകയാണ് പവൽ.

ദുരന്തങ്ങളും വലിയ വെല്ലുവിളികളും നിറഞ്ഞ ഒരു ലോകത്ത് ദൈവത്തിലുള്ള വിശ്വാസമാണ് തനിക്ക് കരുത്തേകിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കഠിനമായ പോരാട്ടങ്ങൾക്കിടയിലും ക്രിസ്തീയ വിശ്വാസം ഒരു വ്യക്തിക്ക് നൽകുന്ന ശാന്തിയും പ്രത്യാശയും എത്രത്തോളം വലുതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങളോളം മനസ്സിൽ പൂട്ടിയിട്ടിരുന്ന ആ ഭീകര ദൃശ്യങ്ങൾ, ഓർമ്മകൾ 9/11 റീയുണൈറ്റഡിന്റെ ഭാഗമായി ഓർത്തെടുക്കുമ്പോൾ താൻ ദൈവത്തോട് കൂടുതൽ കൃതജ്ഞത ഉള്ളവനായി മാറുന്നു എന്ന് ഇദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.