
ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി യുവാക്കളുടെ മധ്യസ്ഥനായ വി. അലോഷ്യസ് ഗോൺസാഗയുടെ തിരുനാൾ ദിനമാണ്.
1568-ൽ ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിലാണ് അലോഷ്യസ് ജനിച്ചത്. ജീവിതകാലത്തു തന്നെ നിരവധി വിശുദ്ധരെ കണ്ടുമുട്ടാൻ അവനു ഭാഗ്യം സിദ്ധിച്ചിരുന്നു. വി. ചാൾസ് ബോറോമിയോയിൽ നിന്നാണ് അലോഷ്യസ് ആദ്യകുർബാന സ്വീകരിച്ചത്. വി. റോബർട്ട് ബെല്ലാർമിൻ അവന്റെ അധ്യാപകനായിരുന്നു.
1585-ൽ 18-ാം വയസിൽ സഹോദരൻ റുഡോൾഫോയ്‌ക്ക് തന്റെ ജന്മാവകാശം നൽകി അലോഷ്യസ് ഈശോസഭയിൽ ചേർന്നു. ദൈവശാസ്ത്ര പഠനത്തിന്റെ അവസാന വർഷത്തിനിടെ റോമിൽ പ്ലേഗ് പടർന്നുപിടിച്ചു. രോഗികളെ അർപ്പണബോധത്തോടെ പരിചരിക്കുന്നതിനിടയിൽ 1591-ൽ ഇരുപത്തിമൂന്നാം വയസിൽ പ്ലേഗ് ബാധിച്ച് അലോഷ്യസ് മരണമടഞ്ഞു.
അലോഷ്യസ് ആദ്യമായും അവസാനമായും ഉച്ചരിച്ച വാക്കുകൾ ഈശോയുടെയും മറിയത്തിന്റെയും വിശുദ്ധനാമങ്ങൾ ആയിരുന്നു. 1726-ൽ വിശുദ്ധനായി ഉയർത്തപ്പെട്ട അലോഷ്യസ് യുവാക്കളുടെയും എയ്ഡ്‌സ് രോഗികളുടെയും എയ്ഡ്‌സ് രോഗികളെ പരിചരിക്കുന്നവരുടെയും മധ്യസ്ഥനാണ്.
പ്രാർഥനയുടെ തുടർച്ചയായ പരിശീലനത്തിലൂടെ എല്ലാ സുവിശേഷ പരിപൂർണ്ണതയും കൈവരിക്കാൻ കഴിയുമെന്നും പ്രാർഥനയുടെ വ്യക്തിയല്ലാത്തവൻ ഒരിക്കലും മഹത്തായ പരിശുദ്ധി പ്രാപിക്കുകയോ, സ്വയം വിജയിക്കുകയോ ചെയ്യുകയില്ല എന്നും ഈ യുവ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നു.
ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണത്തിൽപെട്ടവനാണെന്നതിന് ദൈവത്തെ ഭയപ്പെടുന്നതിനേക്കാൾ ഉറപ്പായ മറ്റൊരു അടയാളവുമില്ല. അതേ സമയം അവൻ ഈ ലോകത്തിൽ കഷ്ടതയിലും ശൂന്യതയിലും പരീക്ഷിക്കപ്പെടുന്നുവെന്നും ഈ ഇരുപത്തിമൂന്നുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS




