പുരോഹിതശാസ്ത്രജ്ഞർ 64: മരിൻ മെർസെന്നെ (1588-1648) 

ഫ്രാൻസിൽ നിന്നുള്ള ഒരു ബഹുഭാഷാപണ്ഡിതനും ഗണിതശാസ്ത്രജ്ഞനും ബഹുമുഖപ്രതിഭയുമായിരുന്നു മിനിംസ് സന്യാസി (Ordo Minimorum) ആയിരുന്ന മരിൻ മെർസെന്നെ. സ്‌പന്ദിക്കുന്ന തന്ത്രികളുടെ സ്വരച്ചേർച്ച (ഗിറ്റാറിലും പിയാനോയിലും കാണുന്നതുപോലെ) വിവരിക്കുന്ന അദ്ദേഹത്തിന്റെ നിയമങ്ങളെ ‘മെർസെന്നസിന്റെ നിയമങ്ങൾ’ എന്നാണ് വിളിക്കുന്നത്. ഈ കണ്ടുപിടുത്തങ്ങളുടെ പേരിൽ ‘ശബ്‌ദശാസ്‌ത്രത്തിന്റെ പിതാവ്’ (father of acoustics) എന്ന അഭിധാനവും അദ്ദേഹത്തിനു നൽകപ്പെട്ടിരിക്കുന്നു. ‘ആധുനിക തത്വശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന റെനേ ദെക്കാർഡ് ഉൾപ്പെടെയുള്ള അനേകം പണ്ഡിതരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളായിരുന്നു മരിൻ മെർസെന്നെ.

ഫ്രാൻസിലെ സാർത്തെ നഗരത്തിൽ ജീനിന്റെയും ജൂലിയന്റെയും മകനായി എ.ഡി. 1588 സെപ്റ്റംബർ 8 -ന് മരിൻ മെർസെന്നെ ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക പഠനങ്ങൾ ജെസ്വിട്ട് സ്‌കൂളിലാണ് നടത്തിയത്. പാരീസിൽ ഉന്നതവിദ്യാഭ്യാസം നേടിയതിനുശേഷമാണ് അദ്ദേഹം 1611 -ൽ മിനിംസ് സന്യാസ സമൂഹത്തിൽ ചേരുന്നത്. പൗളായിലെ വി. ഫ്രാൻസിസ് 1436 -ൽ സ്ഥാപിച്ച ഈ സന്യാസ സമൂഹം ഫ്രാൻസിൽ വളരെവേഗം വളരുന്ന കാലമായിരുന്നു ഇത്. പ്രാർഥന, പഠനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഇവർ ലളിതജീവിതത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നു.

ദൈവശാസ്ത്ര-തത്വശാസ്ത്ര പഠനത്തിനുശേഷം ഹീബ്രുഭാഷയിലും അദ്ദേഹം ഉപരിപഠനം നടത്തി. 1613 -ൽ വൈദികനായതിനുശേഷം നാലുവർഷക്കാലം ഫ്രാൻസിലെ നേർവേസ് നഗരത്തിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചു. പിന്നീട് 1620 -ൽ സംഗീതവും ഗണിതവും പഠിക്കുന്നതിനായി പാരീസിലേക്ക് തിരികെവരികയും ഇവിടെവച്ച് പ്രശസ്‌ത തത്വചിന്തകരായ റെനേ ദെക്കാർഡ്, എത്തിയെനെ പസ്‌ക്കാൽ, തോമസ് ഹോബ്സ് തുടങ്ങിയവരെ പരിചയപ്പെട്ടു. ഗലീലിയോയെ അകമഴിഞ്ഞു പിന്തുണച്ചിരുന്ന മരിൻ മെർസെന്നെ അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ഫ്രഞ്ച് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. മരിൻ മെർസെന്നെയുടെ ശാസ്ത്രീയ അഭിരുചി മനസ്സിലാക്കിയ സന്യാസ സമൂഹം അദ്ദേഹത്തിന് പുസ്തകരചനകൾക്കായി നിരവധി സഹായങ്ങൾ ചെയ്തുകൊടുത്തു.

മരിൻ മെർസെന്നെയുടെ ആദ്യകൃതികളിലൊന്ന് ഉല്പത്തി പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു വ്യാഖ്യാനമാണ്. ഇതിൽ അന്ന് നിലവിലിരുന്ന ചില അന്ധവിശ്വാസങ്ങളെയും പ്രാകൃത ആചാരങ്ങളെയും അദ്ദേഹം നിശിതമായി വിമർശിക്കുന്നു. നവോത്ഥാനക്കാരുടെയും നവ പ്ലാറ്റോണിസ്റ്റുകളുടെയും ഇടയിൽ പ്രചാരത്തിരുന്ന ആശയങ്ങളായ ജ്യോതിഷത്തെയും ‘ലോകാത്മാവി’നെയും (anima mundi) അദ്ദേഹം തന്റെ കൃതിയിൽ അപലപിച്ചു. 1636 -ൽ പാരീസിൽവച്ച് പ്രസിദ്ധീകരിച്ച ‘സാർവത്രിക പൊരുത്തം’ (Harmonie universelle) എന്ന കൃതി സംഗീതതത്വങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ആധികാരിക ഗ്രന്ഥമാണ്. അതുവരെ ഉണ്ടായിരുന്ന സംഗീതത്തെക്കുറിച്ചുള്ള അറിവുകൾ ഇതിൽ സംഗ്രഹിച്ചിരിക്കുന്നതിനൊപ്പം നീട്ടിയ തന്ത്രികളുടെ ആന്ദോളനത്തിന്റെ ആവൃത്തി കണക്കാക്കുന്ന മെർസെന്നെ നിയമവും പുതിയതായി അവതരിപ്പിച്ചു. സംഗീതത്തിന്റെ സൈദ്ധാന്തിക, പ്രായോഗിക, ശബ്ദശാസ്ത്ര, ദൈവശാസ്ത്ര ശൈലികളെക്കുറിച്ച് അദ്ദേഹം ഈ ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നു. ശബ്ദങ്ങളുടെ ചലനം, സ്വരൈക്യം, വ്യതിചലനം, വിഭാഗങ്ങൾ, ആലാപനം എന്നിവ പഠിച്ച് ശ്രുതിമധുര ഉപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിനെക്കുറിച്ചു അദ്ദേഹം ഈ കൃതിയിൽ വിവരിക്കുന്നു. ഈ ഗ്രന്ഥത്തിലെ പഠനത്തിന്റെ വെളിച്ചത്തിലാണ് ‘ശബ്‌ദശാസ്‌ത്രത്തിന്റെ പിതാവ്’ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്.

വായുവിന്റെ മര്‍ദം അളക്കുന്ന ബാരോമീറ്ററിന്റെ പരീക്ഷങ്ങളാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ നടത്തിയത്. വായു ഭാരമില്ലാത്തതല്ലെന്ന കണ്ടുപിടുത്തം പാസ്കൽ നടത്തിയെങ്കിലും വായുവിന്റെ സാന്ദ്രത ജലത്തിന്റെ ഏകദേശം 119191-അംശം ആണെന്ന് കണ്ടെത്തിയത് മരിൻ മെർസെന്നെ ആണ്. 1648 -ൽ അദ്ദേഹം റെനേ ദെക്കാർഡിനെ കാണാനായി പാരീസിൽ പോയപ്പോൾ അസുഖബാധിതനായി. 1648 സെപ്റ്റംബർ ഒന്നിന് തന്റെ അറുപതാം ജന്മദിനത്തിന്റെ എട്ടുദിവസം മുൻപ് അദ്ദേഹം പാരിസിൽവച്ച് നിര്യാതനായി. ശാസ്ത്രത്തോടുള്ള വലിയ അഭിനിവേശം കാരണം തന്റെ ശരീരം ജീവശാസ്ത്രപരമായ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കണമെന്ന വില്പത്രം അദ്ദേഹം എഴുതി വച്ചിരുന്നു. ഒട്ടോറിനോ റെസ്പിഗി എന്ന ഇറ്റാലിയൻ സംഗീതജ്ഞൻ തന്റെ ഒരു സംഗീതകലാസൃഷ്ടിക്ക് മെർസെന്നെ എന്ന പേരാണ് നൽകിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.