ഇതാ നിന്റെ അമ്മ – 1

സ്യൂട്ട്കേസിന്റെ ശേഷിക്കുന്ന അരയിഞ്ചു സ്ഥലത്തും, വാങ്ങിക്കൂട്ടിയ സാധനങ്ങളിൽ ബാക്കിവന്നവ കുത്തിനിറയ്ക്കാൻ പരിശ്രമിക്കുകയാണ് സ്വപ്ന. പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയുടെ വയറുപോലെയായി സ്യൂട്ട്കേസ്. തന്റെ വിയർപ്പിന്റെ വിലകൊണ്ട് വാങ്ങിയതായതുകൊണ്ട് ഉപേക്ഷിച്ചുപോകാൻ മനസ്സില്ലാതെ എല്ലാം പെട്ടിയിലാക്കാൻ പരിശ്രമിക്കുകയാണ് ആ പാവം. അവസാനം എല്ലാ പ്രവാസികളെയുംപോലെ അവളും തോൽവിസമ്മതിച്ച് ചുമരിനോട് ചേർന്നിരുന്നു. ഇത് ഈ മണലാരണ്യത്തിലെ അവളുടെ അവസാനരാവാണ്. രാവിലെ ഇവിടെനിന്ന് നാട്ടിലേക്കു മടങ്ങുകയാണ്.

നീണ്ട ഏഴുവർഷങ്ങൾ ഗദ്ദാമയായി പണിയെടുത്തുണ്ടാക്കിയ ഓരോ നാണയത്തുട്ടുകൊണ്ടും പലപ്പോഴായി വാങ്ങിക്കൂട്ടിയവയാണ് ഈ കാണുന്നവയെല്ലാം. പെർഫ്യുമും ടോർച്ചും സോപ്പും പേനയും ബദാമും എന്തിന് ടൂത്ത് പേസ്റ്റ് പോലുമുണ്ട്. തന്റെ വറുതിയുടെ, ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ നാളുകളിൽ സ്വപ്നംകാണാനും മുന്നോട്ടുപോകാനും പ്രേരിപ്പിച്ചതും ശക്തിപകർന്നതും നാളത്തെ യാത്രയാണെന്ന് അവളോർത്തു.

അച്ഛൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ രണ്ടാനമ്മ തന്നെ ഇങ്ങോട്ടയച്ചത് താൻ രക്ഷപെടാനുള്ള താല്പര്യം കൊണ്ടായിരുന്നില്ല. തന്റെ അധ്വാനംകൊണ്ട് അവരുടെയും മക്കളുടെയും സുഖജീവിതമായിരുന്നു അവർ ലക്ഷ്യംവച്ചത്. ഇത്രയും പ്രായമായിട്ടും തന്റെ വിവാഹം നടത്താനോ, അതിനെക്കുറിച്ച് ആലോചിക്കാനോ അവർ മിനക്കെട്ടില്ല. എന്നാൽ സ്വപ്ന അയയ്ക്കുന്ന പണംകൊണ്ട് അവരുടെ മക്കളുടെ വിവാഹമെല്ലാം അവൾ അതിഗംഭീരമായി നടത്തിയിരുന്നു. നാലുവർഷക്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം അവർ കൈവശമാക്കി. ഒരിക്കൽപോലും സ്വപ്നയെ നാട്ടിൽ അവധിക്ക് വരാൻ സമ്മതിച്ചില്ല. സാവധാനം സ്വപ്നയും യാഥാർഥ്യങ്ങൾ മനസിലാക്കിത്തുടങ്ങി. ലഭിച്ച പൈസ അൽപാല്പമായി സൂക്ഷിച്ചുവയ്ക്കാൻതുടങ്ങി. വീട്ടിലേക്കുള്ള ബന്ധങ്ങൾ കുറച്ചു. രണ്ടാനമ്മയുടെ ഫോൺവിളികളും അവൾ എടുക്കാതായി. തനിക്ക് ഓർമ്മവച്ചപ്പോൾ മുതൽ തന്റെ കണ്ണീരും വേദനയുംകണ്ട്  ചിരിച്ചിരുന്ന, വീട്ടിലെ വേലക്കാരിയുടെ സ്ഥാനംപോലും നൽകാതിരുന്ന ആ അമ്മയുടെ അടുത്തേക്ക് ഇനി താനില്ല എന്ന് അവൾ തീരുമാനിച്ചു.

നാളെ സ്വപ്ന പോകുന്നത് സ്വന്തം വീട്ടിലേക്കല്ല. അവൾ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. എയർപോർട്ടിൽ അവളെ കാത്ത് അനീഷുണ്ടാകും. ഇവിടെ മണൽക്കാട്ടിലെ കഷ്ടപ്പാടുകൾക്കിടയിൽ കണ്ടുമുട്ടിയ സൗഹൃദമാണ് അനീഷുമായുള്ളത്. അവന്റെ കഥയും വ്യത്യസ്തമല്ല. സ്വന്തം ജീവൻ എല്ലാവർക്കുമായി ഊറ്റിനൽകിയ ചണ്ടിയായ മറ്റൊരു ജന്മം. രണ്ടുപേരും ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു. അനീഷ് വിവാഹം ക്രമീകരിക്കാനായി നാട്ടിലേക്ക് പോയിട്ട് ഒരുമാസമായി.

സ്വപ്നക്ക് ആ രാത്രി എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയെന്നായി. അവസാനത്തെ ഫോൺവിളി കഴിഞ്ഞിട്ട് അധികം സമയമായിട്ടില്ല. ഇനിയും അനീഷിനെ വിളിച്ച് ബുദ്ധിമുട്ടിക്കാൻ അവൾ ആഗ്രഹിച്ചില്ല. വൈകിയെങ്കിലും തനിക്ക് കൈവന്നിരിക്കുന്ന പുതിയ സൗഭാഗ്യത്തെ ഓർത്ത് സ്വപ്ന ദൈവത്തിന് നന്ദിപറഞ്ഞു. നേരം വെളുക്കുന്നതിനുമുൻപേ അവൾ എഴുന്നേറ്റ് പോകാൻ റെഡിയായി. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന ടാക്സി എത്തി. അല്പം ബുദ്ധിമുട്ടിയാണെങ്കിലും ബാഗുകളെല്ലാം കാറിൽ കയറ്റി. പാസ്സ്പോർട്ടും ടിക്കറ്റുമെല്ലാം എടുത്ത് എയർപോർട്ടിലേക്ക് യാത്രതിരിച്ചു. സമയത്തിനു മുൻപുതന്നെ എയർപോർട്ടിലെത്തി. ബാഗുകളെല്ലാം ചെക്ക് ഇൻ ചെയ്ത് കടത്തിവിട്ടു. ഇമ്മിഗ്രേഷനിലേക്ക് നീങ്ങിയപ്പോഴും ഒന്നും ഭയപ്പെട്ടിരുന്നില്ല.

ഇമ്മിഗ്രേഷനിലെ പോലീസുകാർ പരസ്പരം എന്തോ പറയുന്നതും തന്നെ മറ്റൊരു ഓഫീസിലേക്കു കൊണ്ടുപോയതും എന്തിനാണെന്ന് അവൾക്ക് ആദ്യം മനസ്സിലായില്ല. വൈകാതെ തന്നെ, വലിയ നടുക്കത്തോടെ അവൾ ആ സത്യം തിരിച്ചറിഞ്ഞു. വിസ നൽകിയ അറബി, അത് കാൻസൽ ചെയ്തിട്ട് പത്തുമാസമായി. മറ്റാരോ പൈസ കൊടുത്തപ്പോൾ അദ്ദേഹം ഈ വിസ കാൻസൽ ചെയ്ത് വേറെ ആർക്കോ അത് നൽകിയിരിക്കുന്നു. ഇത്രയുംകാലം വിസ ഇല്ലാതെയാണ് താൻ ഇവിടെ തങ്ങിയത്. ഗൗരവമായ നിയമലംഘനമാണ് നടന്നിരിക്കുന്നത്. ശിക്ഷ തീർച്ചയായും നിസ്സാരമായിരിക്കില്ല.

വൈകാതെ പോലീസ് വണ്ടിയിൽ സ്വപ്നയെ അവളുടെ സ്വപ്‌നങ്ങൾ അടങ്ങിയ ബാഗുകളോടെ ജയിലിലേക്ക് കൊണ്ടുപോയി. അവളില്ലാതെ വിമാനം പറന്നുയർന്നു.

എട്ടുനോമ്പിന്റെ ആരംഭത്തിലേക്ക് നാം കടക്കുന്നു. നാം ഒരുങ്ങുന്നത്, ഒരു സ്ത്രീ അനുഭവിക്കാൻ സാധ്യതയുള്ള എല്ലാ വ്യാകുലങ്ങളും അനുഭവിച്ച പരിശുദ്ധ അമ്മയുടെ ജനനത്തിനാണ്. എത്രമാത്രം സംഘർഷകലുഷിതമായിരുന്നു അവളുടെ ഓരോ രാവുകളും. ഗബ്രിയേൽ പ്രത്യക്ഷപ്പെട്ട അന്നായിരിക്കും അവൾ അവസാനമായി സമാധാനത്തിൽ ഉറങ്ങിയത്. പിന്നെ ആ കണ്ണുകൾ എന്നും അടഞ്ഞത് ഭയത്തിന്റെ അകമ്പടിയോടെയാണ്.

ഏതൊരു യഹൂദയുവതിയെയുംപോലെ അവളും ഒരു നല്ല പങ്കാളിക്കായി കാത്തിരുന്നിട്ടുണ്ടാകണം; മനസ്സ് നിറയെ സ്വപ്നങ്ങളുമായി. എന്നാൽ എല്ലാം കീഴ്മേൽ മറിയാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. അപ്പനാരെന്നു ചോദിച്ചാൽ ചൂണ്ടിക്കാട്ടാൻ ആരുമില്ലാത്ത ഒരു കുഞ്ഞിന് ജന്മംനൽകാൻ മറിയം തയാറാവുകയാണ്. ഒറ്റക്കാരണത്താൽ – അത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നതുകൊണ്ട്. പിന്നെ ആ കുഞ്ഞിനേയും വഹിച്ചുകൊണ്ടുള്ള പലായനങ്ങൾ. ദൈവത്തിന്റെ മകന് മനുഷ്യൻ സംരക്ഷണമൊരുക്കേണ്ട ഗതികേടുകൾ, ഇടയ്ക്കിടെ വിരലുകൾക്കിടയിൽ നിന്ന് നഷ്ടപ്പെട്ടുപോകുന്ന ബാലനായ ഈശോ, പിന്നെ കേൾക്കുന്നത് നിയമജ്ഞരെയും ഫരിസേയരെയും അവൻ ഭയമില്ലാതെ വിമർശിക്കുന്നു എന്നാണ്  അവസാനം മകന്റെ തലയ്ക്ക് വിലയിട്ടു എന്നും അവൾക്ക് കേൾക്കേണ്ടിവരികയാണ്. മകനുവേണ്ടി വിളമ്പിവച്ച അത്താഴത്തിനുമുമ്പിൽ ഉറങ്ങിവീഴാനായിരുന്നു മറിയത്തിന് എന്നും വിധി.

തന്റെ ചിന്തയിലും ഭാവനയിലും ഉത്തരംകിട്ടാത്ത ചോദ്യങ്ങളുമായി അലയുമ്പോഴും അവൾക്കുറപ്പുണ്ടായിരുന്നു, തന്റെ ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ലെന്ന്. ആ ദൈവം തന്റെ കണക്കുകൂട്ടലുകൾക്കുപരിയാണെന്ന് അവളറിഞ്ഞിരുന്നു. എത്രമാത്രം വേച്ചുപോകുന്നതായി തോന്നിയാലും വീണുപോവുകയില്ലെന്ന് മറിയത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ കഴിയുകയില്ലെന്നു മനസ്സിലാക്കിയിട്ടും ദൈവം പ്രവർത്തിക്കട്ടെ എന്ന് അവൾ തീരുമാനിച്ചത്.

നമ്മുടെ ചിന്തകൾ തോൽക്കുന്ന ഇടങ്ങളിലും, തീരുമാനങ്ങൾ പാളുന്ന നിമിഷങ്ങളിലും, കണക്കുകൂട്ടലുകൾ പിഴക്കുന്ന ഇടങ്ങളിലും തോറ്റുപോകരുത്. ദൈവത്തിനു പ്രവർത്തിക്കാൻ ഇനിയും ഇടമുണ്ട്. കാത്തിരിക്കുക, മറിയത്തെപ്പോലെ.

സ്വപ്ന കഴിഞ്ഞ ആഴ്ചയിൽ മടങ്ങിയെത്തി. നാളെ അവളുടെ വിവാഹമാണ്. പ്രാർഥിക്കണം.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.