വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: പതിമൂന്നാം ദിനം

ജിന്‍സി സന്തോഷ്‌

യഹൂദ പാരമ്പര്യമനുസരിച്ച്, ഭക്ഷണത്തിനു മുമ്പ് പാദം കഴുകി ദേഹശുദ്ധി വരുത്തണം. അന്ന്, അടിമകൾ പോലും നിവൃത്തികേടു കൊണ്ടാണ് അപരന്റെ പാദങ്ങൾ കഴുകിയിരുന്നത്. പെസഹാ ഭക്ഷണത്തിനൊരുക്കമായി, സെഹിയോൻ മാളികമുറിയിൽ അടിമകൾ ഇല്ലാതിരിക്കെ അപരന്റെ പാദാന്തികത്തോളം ആരുടെ തല കുനിയും എന്നു മത്സരിച്ച് ശിഷ്യമാർ മത്സരിച്ചു പിന്തിരിയുമ്പോൾ മനുഷ്യനു മുമ്പിൽ കുനിയാൻ, അവന്റെ പാദം കഴുകി ചുംബിക്കാൻ
ക്രിസ്തു തന്റെ മേലങ്കിയുടെ ബലവും സംരക്ഷണവും ഉപേക്ഷിച്ച് സ്നേഹത്തിന്റെ അരക്കച്ച ധരിച്ച് താലത്തിൽ വിശുദ്ധീകരണത്തിന്റെ വെള്ളവും എടുത്ത് ശിഷ്യരുടെ പാദത്തോളം കുനിഞ്ഞ് എളിമയുടെ മാതൃക കാണിച്ചു തന്നു.

അവനു മുമ്പ് ഒരു ഗുരു പോലും തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടുമെന്തേ അവനു മാത്രം ഈ അരുതായ്മ തോന്നിയത്? മാറ്റമില്ലാത്ത സ്നേഹത്തിന്റെ മാറ്റൊലിയിൽ ഒറ്റിക്കൊടുക്കുന്നവനും തള്ളിപ്പറയുന്നവനും ഒറ്റപ്പെടുത്തുന്നവർക്കും ഒരേ അളവിൽ വിളമ്പിയ നിറസ്നേഹമാണ് പെസഹാ.

ഞാൻ ‘എന്തൊക്കെയോ’ ആണ് എന്ന് ഭാവിക്കുന്നവരുടെ മുമ്പിൽ, ഞാൻ ‘ഇത്രയേ ഉള്ളൂ’ എന്ന് ചിന്തിക്കാൻ പഠിപ്പിച്ച് അപരന്റെ ശ്രേഷ്ഠതക്കു മുമ്പിലും തോൽക്കാൻ പഠിപ്പിച്ച് കുനിയപ്പെടുന്നവരോടു കൂടെ കുടിയിരിക്കാൻ ‘കുർബാന’യോളം  ചെറുതായവനാണ് ക്രിസ്തു. മറ്റുള്ളവരുടെ വളർച്ചക്ക് ചില വേളകളിൽ ഞാൻ കുറയേണ്ടതായിട്ടുണ്ട്. ചില കസേരകളിൽ നിന്ന് ഞാൻ എഴുന്നേറ്റാലേ അവർക്ക് ഇരിക്കാൻ പറ്റൂ. ചില വാതിലുകളിൽ നിന്ന് ഞാൻ മാറി നിന്നാലേ അവർക്ക് കടന്നുവരാൻ പറ്റൂ. ക്രിസ്തുവിനേക്കാൾ വലിയവരായി നടിച്ച് നാം ജീവിക്കരുത്. നമ്മൾ എത്ര ജീവിച്ചാലും അവന്റെ മൂന്നു വർഷത്തെ പരസ്യജീവിതത്തിനൊപ്പം എത്തില്ല എന്നോർക്കുക.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.