ജൂൺ: ഈശോയുടെ തിരുഹൃദയഭക്തിയിൽ വളരേണ്ട മാസം

ഫാ. ജെയ്സൺ കുന്നേൽ MCBS

ലത്തീൻ ആരാധനാക്രമ കലണ്ടർ അനുസരിച്ച്, ആഘോഷമായ പതിനെട്ട് തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ്, ജൂൺ മാസങ്ങളിൽ ഇതിൽ ഏഴു തിരുനാളുകൾ ആഘോഷിക്കുന്നു: സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രീത്വത്തിന്റെ ഞായറാഴ്ച, വിശുദ്ധ കുർബാനയുടെ തിരുനാൾ, തിരുഹൃദയ തിരുനാൾ ഇവ അഞ്ച് ആഴ്ച്ചക്കുള്ളിൽ ആചരിക്കുമ്പോൾ, ജൂൺ മാസം അവസാനം വി. സ്നാപകയോഹന്നാന്റെ ജനനവും, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളും തിരുസഭ കൊണ്ടാടുന്നു. വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസവും, പന്തക്കുസ്താ ഞായർ കഴിഞ്ഞ് പത്തൊൻപതാം ദിനവും (പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ച) മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാാളിനു തലേദിവസവുമാണ് സഭ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

1672 ഫ്രാൻസിലെ വിസിറ്റേഷൻ മഠത്തിലെ കന്യാസ്ത്രീ വി. മാർഗ്ഗരറ്റ് മേരി അലകോക്കിന് ഈശോ ദർശനം നൽകുകയും ഇപ്രകാരം പറയുകയും ചെയ്തു: “കുരിശിൽ മുറിവേറ്റ എന്റെ ഹൃദയം മനുഷ്യരുടെ നിന്ദാപമാനങ്ങളാൽ ഇന്നും മുറിവേൽക്കുന്നു. അതിനു പരിഹാരമായി എന്റെ ഹൃദയത്തിൽ നിന്നൊഴുകുന്ന ദൈവീക കാരുണ്യവും സ്നേഹവും നീ എല്ലായിടത്തും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.”

കുമ്പസാരിക്കാനും അടുക്കലടുക്കൽ, പ്രത്യേകിച്ച് ആദ്യ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബാന സ്വീകരിക്കാനും വിശുദ്ധ കുർബാനയിൽ ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരം ചെയ്യാനും ഈശോ വിശ്വാസികളെ ക്ഷണിക്കുന്നു.

വി. മാർഗ്ഗരറ്റ് മേരി അലക്കോക്കിലൂടെയാണ് ഈശോയുടെ തിരുഹൃദയഭക്തി പ്രചുരപ്രചാരം നേടിയതെങ്കിലും സഭയുടെ ആരംഭകാലം മുതൽ തന്നെ ഈശോയുടെ ഹൃദയത്തോടുള്ള ഭക്തി സഭയിൽ നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ എതാണ്ട് എല്ലാ മാർപാപ്പമാരും ഈശോയുടെ തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നതിൽ മുമ്പിട്ടു നിന്നവരാണ്. 12-ാം പീയൂസ് മാർപാപ്പ തിരുഹൃദയഭക്തിയുടെ മാഹാത്മ്യം സഭക്ക് മനസ്സിലാക്കിത്തരാൻ 1956-ൽ ഹൗയേരിഎത്തിസ് അക്വാസ് Hauerietis Aquas (On the Sacred Heart) എന്ന ചാക്രികലേഖനം എഴുതി.

ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ 1765-ൽ പോളണ്ടിലാണ് ആരംഭിച്ചത്. 1856-ൽ ഒമ്പതാം പീയൂസ് മാർപാപ്പയുടെ കാലം മുതൽ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഗോളസഭയിൽ ആചരിക്കാൻ തുടങ്ങി. 1899-ൽ ലെയോ പതിമൂന്നാമൻ പാപ്പ ഈ തിരുനാളിന് ഉന്നതമായ ഒരു സ്ഥാനം സഭയുടെ ആരാധനക്രമത്തിൽ നൽകി. പിന്നീട് പീയൂസ് പതിനൊന്നാമൻ പാപ്പ ഈ തിരുനാളിന്റെ ആരാധനാക്രമ പ്രാർത്ഥനകൾ നവീകരിക്കുകയും വലിയ തിരുനാളായി ഇതിനെ ഉയർത്തുകയും ചെയ്തു.

ഈശോ വി. മാർഗരറ്റ് മേരിക്ക് പ്രത്യക്ഷപ്പെട്ടു നല്‍കിയ 12 വാഗ്ദാനങ്ങൾ

1. എന്റെ ദിവ്യഹൃദയഭക്തരുടെ ജീവിതാന്തസിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനം ചെയ്യും.
2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും.
3. അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും.
4. ജീവിതകാലത്തും പ്രത്യേകം അവരുടെ മരണസമയത്തും ഞാന്‍ അവര്‍ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും.
5. അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വാദങ്ങള്‍ നല്‍കും.
6. പാപികള്‍ എന്റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും.
7. മന്ദതയുള്ള ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും.
8. തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയുടെ പദവിയില്‍ പ്രവേശിക്കും.
9. എന്റെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്റെ ആശീര്‍വാദമുണ്ടാകും.
10. കഠിനഹൃദയരായ പാപികളെ മനസ്‌ തിരിക്കുന്നതിനുള്ള വരം വൈദികര്‍ക്കു ഞാന്‍ നല്‍കും.
11. തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും.
12. ഒന്‍പത് ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്പിന്റെ വരം നല്‍കും.

തിരുഹൃദയവും ദൈവകാരുണ്യവും

തിരുഹൃദയഭക്തിയും ദൈവകാരുണ്യഭക്തിയും അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഈശോയുടെ തിരുഹൃദയം ദൈവകാരുണ്യത്തിന്റെ നിലയ്ക്കാത്ത സ്രോതസ്സാണ്. ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയായ വി. ഫൗസ്റ്റീനയോട് ഈശോ ഇപ്രകാരം പറയുന്നു: “എന്റെ പുത്രീ, എന്റെ ഹൃദയം അതിൽ തന്നെ കാരുണ്യമാണന്ന് നീ അറിയുക. കാരുണ്യത്തിന്റെ ഈ മഹാസമുദ്രത്തിൽ നിന്ന് ലോകം മുഴുവനിലേക്കും കൃപകൾ ഒഴുകുന്നു. എന്നിൽ ശരണം പ്രാപിച്ച ഒരാത്മാവും ഒരിക്കലും ആശ്വസിപ്പിക്കപ്പെടാതെ പോയിട്ടില്ല” (Diary, 1777).

ഹൃദയശാന്തതയും എളിമയുള്ള ഈശോയുടെ തിരുഹൃദയത്തിലേക്ക് വളരാനും ആ ദിവ്യഹൃദയത്തിന്റെ സ്വഭാവസവിശേഷതകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാനും ജൂൺ മാസത്തിൽ നമുക്കു പ്രത്യേകം ശ്രദ്ധ ചെലുത്താം.

ഫാ. ജെയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.