കുടുംബബന്ധം മക്കളിൽ നിലനിർത്താൻ

നമ്മുടെ വീടുകളിൽ ക്രിയാത്മകവും സ്നേഹനിർഭരവുമായ ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. കുടുംബാഗങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെ വളർത്തിയെടുക്കാം? പരസ്പരമുള്ള സ്നേഹം, ഒരുമിച്ചുള്ളതിന്റെ സന്തോഷം, ഐക്യദാർഢ്യം എന്നിവ സമന്വയിക്കുന്ന ഒരു ആശയമാണിത്. സ്വയം അടച്ചുപൂട്ടിയുള്ള ഒരു ജീവിതമല്ല, മറിച്ച് മറ്റുള്ളവർക്ക് കൂടുതൽ തുറന്നുകൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ് വീട്ടിൽ നാം നയിക്കേണ്ടത്. അവ എപ്രകാരമായിരിക്കണമെന്ന് പരിശോധിക്കാം.

1. ആരോഗ്യപരമായ കുടുംബബന്ധം നിലനിർത്തുക

കുടുംബത്തിലെ ഓരോ അംഗവും നല്ല കുടുംബ ബന്ധം കാത്തു സൂക്ഷിക്കുന്നതിന് നമ്മെ സഹായിക്കും. വ്യക്തികൾ തമ്മിലുള്ള വ്യത്യാസങ്ങൾക്കും സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾക്കും അതീതമായിട്ടുള്ള ഒരു ബന്ധം വീട്ടിൽ നിന്നും ആരംഭിക്കണം. കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ സന്തോഷം തോന്നുകയാണെങ്കിൽ മക്കൾ സ്വാഭാവികമായും ഈ കുടുംബ ബന്ധ മനോഭാവം വളർത്തിയെടുക്കും. സഹോദരങ്ങൾക്കിടയിൽ പരസ്പരം അസൂയ ഉളവാക്കരുത്. മക്കൾ സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്ന രീതിയെ പ്രോത്സാഹിപ്പിക്കരുത്.

എല്ലാവർക്കും വ്യത്യസ്ത ശക്തികളും ബലഹീനതകളും ഉണ്ടെന്നും ഈ വ്യത്യാസങ്ങൾ പരസ്പര പൂരകമാണെന്നും മനസ്സിലാക്കാൻ മാതാപിതാക്കൾ മക്കളെ സഹായിക്കണം. പരസ്പരം പോസിറ്റീവ് ഗുണങ്ങൾ കണ്ടെത്താനും അവരുടെ സഹോദരങ്ങളെ സഹായിക്കാനും അവരെ പ്രോത്സാഹിപ്പിക്കണം. മറ്റുള്ളവരെ സ്വമേധയാ സേവിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം അനുഭവിക്കാൻ ഓരോ കുട്ടിയേയും  പ്രോത്സാഹിപ്പിക്കണം.

2. കുടുംബത്തിലെ ഓരോ അംഗത്തെയും ശ്രദ്ധിക്കുക

കുടുംബത്തിലെ ഓരോ അംഗത്തേയും ശ്രദ്ധിക്കുക എന്നത് വീട്ടിലെ ഓരോ അംഗത്തിന്റെയും സന്തോഷവും ക്ഷേമവും വളർത്തിയെടുക്കുന്നതിനുള്ള ഒരു താക്കോലാണ്. എങ്കിലും ഇതൊരു വെല്ലുവിളിയാണ്. ഇളയ കുട്ടികളുമായോ ആശയവിനിമയം കുറവുള്ള കൗമാരക്കാരുമായോ വ്യത്യസ്ത രീതിയിലായിരിക്കും ഇടപെടേണ്ടത്. ആ വ്യത്യസ്‌തയെ മനസിലാക്കുക. ഓരോ കുടുംബാംഗങ്ങളും മറ്റുള്ളവരോട് കൂടുതൽ ശ്രദ്ധയും സംവേദനക്ഷമതയും പുലർത്തുക എന്നതാണ് അതിനെ അതിജീവിക്കാനുള്ള ഒരു മാർഗം.

3. ഒരു പൊതുകാര്യം ഒന്നിച്ചു ചെയ്യുക

കുടുംബാംഗങ്ങൾ തമ്മിൽ നല്ല ബന്ധം വളർത്തുവാനുള്ള ഒരു മാർഗമാണ് ഏതെങ്കിലും പൊതുവായ കാര്യം എല്ലാവരും ഒന്നിച്ചു ചെയ്യുക എന്നത്. അപ്പോൾ പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും സന്തോഷിക്കാനും ഉള്ള അവസരം ലഭിക്കുന്നു. കുടുംബം ഒന്നിച്ചുള്ള വിനോദയാത്ര മുതൽ സംഗീതം കേൾക്കുന്നത് വരെ ഇപ്രകാരം ചെയ്യാവുന്നതാണ്. അങ്ങനെ മക്കൾക്ക് പ്രായത്തിന്റെ വ്യത്യസ്തതയും സ്വഭാവത്തിന്റെ പ്രത്യേകതയും മനസിലാക്കുവാനും അതനുസരിച്ച് പെരുമാറുവാനുമുള്ള ഒരു പരിശീലനം അങ്ങനെ കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.