പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 263 – ജോൺ പോൾ I (1912-1978)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1978 ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെയുള്ള 33 ദിവങ്ങൾ മാർപാപ്പ ആയിരുന്ന ആളാണ് ജോൺ പോൾ ഒന്നാമൻ. വടക്കൻ ഇറ്റലിയിലെ കനാലെ ദി അഗോർദോ എന്ന പ്രദേശത്ത് ജൊവാന്നി ലൂച്ചിയാനിയുടെയും ബൊർത്തോള തങ്കോണയുടെയും മകനായി എ.ഡി. 1912 ഒക്ടോബർ 17-ന് അൽബീനോ ലൂച്ചിയാനി ജനിച്ചു. ജനിച്ച ദിവസം തന്നെ അവശനായി കാണപ്പെട്ട ശിശുവിനെ സൂതികർമ്മിണി മാമ്മോദീസ മുക്കിയെങ്കിലും ദേവാലയത്തിൽ വച്ച് ഈ കൂദാശ വീണ്ടും ക്രമപ്പെടുത്തി എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. പത്താമത്തെ വയസിൽ ലൂച്ചിയാനോയുടെ ഇടവക ദേവാലയത്തിലെത്തിയെ കപ്പൂച്ചിയൻ സന്യാസവൈദികന്റെ പ്രസംഗത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ അൽബീനോ ലൂച്ചിയാനി തന്റെ പിതാവിനോട് ഒരു വൈദികനാകാനുള്ള ആഗ്രഹം അറിയിച്ചു. അതിന് പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നീ വൈദികനാകുമ്പോൾ അദ്ധ്വാനിക്കുന്നവരുടെ പക്ഷം ചേരുന്നവനാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ക്രിസ്തു എപ്പോഴും അവരോടു കൂടെ ആയിരുന്നു.”

1923-ൽ ലൂച്ചിയാനി ഫെൽട്രേ എന്ന സ്ഥലത്തെ മൈനർ സെമിനാരിയിൽ ചേരുകയും തുടർന്ന് ബെല്ലൂണോ മേജർ സെമിനാരിയിൽ പഠനം തുടരുകയും ചെയ്തു. 1935 ജൂലൈ 7-ന് വൈദികനായി അഭിഷിക്തനായ ലൂച്ചിയാനി തന്റെ ഗ്രാമത്തിൽ തിരികെയെത്തി ഇടവകശുശ്രൂഷ ആരംഭിച്ചു. അധികം താമസിയാതെ ബെല്ലൂണോ മേജർ സെമിനാരിയിലെ പ്രൊഫസറും വൈസ് റെക്റ്ററുമായി അദ്ദേഹം നിയമിതനായി. 1941-ൽ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ പഠനത്തിനായി ചേർന്നു. റോമിലെ പഠനം വിജയകരമായി പൂർത്തിയാക്കിയ ലൂച്ചിയാനിയെ ബെല്ലൂണോയിലെ വികാരി ജനറൽ ആയി ബിഷപ്പ് നിയമിച്ചു. പല പ്രാവശ്യം ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞു അദ്ദേഹം ഇത് നിരസിച്ചു എന്ന് പറയപ്പെടുന്നു.

ഇക്കാലയളവിൽ സഭയുടെ പഠനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിനായി ലളിതമായ ഭാഷയിൽ ഒരു മതബോധന ഗ്രന്ഥം ലൂച്ചിയാനി പ്രസിദ്ധീകരിച്ചു. 1958 ഡിസംബർ 15-ന് ലൂച്ചിയാനിയെ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ വിറ്റോറിയോ വെനേതോ രൂപതയുടെ ബിഷപ്പായി നിയമിച്ചു. മാർപാപ്പ തന്നെയാണ് അദ്ദേഹത്തിന്റെ മെത്രാഭിഷേകത്തിന്റെ കാർമ്മികത്വം വഹിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എല്ലാ സെഷനുകളിലും ബിഷപ്പ് എന്ന നിലയിൽ ലൂച്ചിയാനി സംബന്ധിച്ചു. 1969 ഡിസംബർ 15-ന് പോൾ ആറാമൻ മാർപാപ്പ ലൂച്ചിയാനിയെ വെനീസിലെ പാത്രിയർക്കീസായി നിയമിച്ചു.

1971 മെത്രാന്മാരുടെ സിനഡിൽ വച്ച് ആർച്ചുബിഷപ്പ് ലൂച്ചിയാനി സമ്പന്ന രൂപതകൾ തങ്ങളുടെ വരുമാനത്തിൽ ഒരു ഭാഗം പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് നിർദേശിച്ചു. 1973 മാർച്ച് 5-ന് പോൾ ആറാമൻ മാർപാപ്പ ലൂച്ചിയാനിയെ കർദ്ദിനാളായി ഉയർത്തി. വെനീസിലെ പാത്രിയർക്കീസായിരുന്ന സമയത്ത് ലൂച്ചിയാനി ജർമ്മനി, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തി. ഫാത്തിമ സന്ദർശിച്ച വേളയിൽ 1917-ൽ മാതാവിന്റെ ദർശനം ലഭിച്ച സി. ലൂസിയായെ കാണുകയും ചെയ്തു.

മാർക്സിസത്തെ അനുകൂലിക്കുകയും ഇടതു ചിന്താഗതികൾ പരസ്യമായി വച്ചുപുലർത്തുകയും ചെയ്ത വൈദികർക്കെതിരെ അദ്ദേഹം നടപടിയെടുക്കുകയും ഈ ചിന്താഗതികൾ ഒരിക്കലും ക്രിസ്തീയതയുമായി ചേർന്നുപോകുന്നതല്ലെന്നു പ്രസ്താവിക്കുകയും ചെയ്തു. അവശത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി എ.ഡി. 1976-ൽ കർദ്ദിനാൾ ലൂച്ചിയാനി മുൻകാല മാർപാപ്പമാർ തനിക്ക് നൽകിയ സമ്മാനങ്ങൾ ഉൾപ്പെടെ പലതും വിൽക്കുകയും അതിൽ നിന്നു കിട്ടിയ വരുമാനം കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. തന്റെ രൂപതയിലെ വൈദികരോടും ഇപ്രകാരം ചെയ്യാനും ഭൗതീകവിരക്തിയിൽ ജീവിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

പതിനഞ്ചു വർഷത്തെ മാർപാപ്പഭരണത്തിനു ശേഷം പോൾ ആറാമൻ മാർപാപ്പ 1978 ആഗസ്റ്റ് 6-ന് കാലം ചെയ്തു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായി കർദ്ദിനാൾ ലൂച്ചിയാനി റോമിലേക്ക് പുറപ്പെട്ടു. മാർപാപ്പ ആകാൻ പറഞ്ഞുകേട്ട പ്രമുഖരുടെ ഗണത്തിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ 1978 ആഗസ്റ്റ് 26-ന് കർദിനാളന്മാർ ലൂച്ചിയാനിയെ മാർപാപ്പയായി തിരഞ്ഞെടുത്തു. തന്റെ സെക്രട്ടറിയോട് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടാൽ താൻ അത് നിരസിക്കുമെന്ന് കർദ്ദിനാൾ ലൂച്ചിയാനി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ സ്ഥാനം സ്വീകരിക്കുന്നുവോ എന്നു ചോദിച്ച കർദ്ദിനാളിനോട് തന്റെ സമ്മതം അറിയിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ചെയ്തത് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ.” ചരിത്രത്തിൽ ആദ്യമായി രണ്ടു പേരുകൾ ഒന്നിച്ചുള്ള പുതിയ നാമം സ്വീകരിച്ച ആളാണ് ജോൺ പോൾ ഒന്നാമൻ. തന്റെ തൊട്ട് മുൻഗാമികളായിരുന്ന മാർപാപ്പമാരോടുള്ള ബഹുമാനാർത്ഥമാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മാർപാപ്പ ആയ ഉടൻ സഭയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ആറ് ആശയങ്ങൾ ജോൺ പോൾ ഒന്നാമൻ അവതരിപ്പിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അടിസ്ഥാനത്തിൽ സഭയിൽ മാറ്റങ്ങൾ വരുത്തുക, സഭാനിയമം കാലാനുസൃതമായി നവീകരിക്കുക, സുവിശേഷം പ്രസംഗിക്കുന്നതാണ് പ്രഥമദൗത്യമെന്ന് സഭാമക്കളെ ഓർമ്മിപ്പിക്കുക, സത്യവിശ്വാസത്തിൽ വെള്ളം ചേർക്കാതെ തന്നെ സഭൈക്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പുതിയ സംവാദങ്ങൾക്കും സംഭാഷണങ്ങൾക്കും വഴിയൊരുക്കുക, ലോകസമാധാനത്തിനും സാമൂഹികനീതിക്കുമായി പരിശ്രമിക്കുക എന്നിവയായിരുന്നു അവ. വലിയ പ്രതീക്ഷ ജനിപ്പിച്ച ഒരു പേപ്പൽ ഭരണത്തിനാണ് മാർപാപ്പ തുടക്കം കുറിച്ചത്. മാർപാപ്പ സ്ഥാനത്തെ ആധുനികമാറ്റങ്ങൾക്കനുസരിച്ചും ജനകീയമായും അദ്ദേഹം നവീകരിച്ചു. പതിവുള്ള ‘നമ്മൾ’ എന്ന ബഹുവചന സംബോധനയ്ക്ക് പകരം ‘ഞാൻ’ എന്ന് എല്ലായിടത്തും ഉപയോഗിച്ചു. അതുപോലെ തന്നെ മാർപാപ്പമാർ ഉപയോഗിച്ചിരുന്ന കിരീടം അദ്ദേഹം പൂർണ്ണമായും ഉപേക്ഷിച്ചു.

സഭയുടെ ധാർമ്മികപഠനങ്ങളിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. ഗര്‍ഭച്ഛിദ്രം ദൈവീകനിയമത്തിന്റെ ലംഘനവും സ്ത്രീവിരുദ്ധവും ആണെന്ന് മാർപാപ്പ പഠിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗൺ കൃത്രിമബീജസങ്കലനത്തിലൂടെ ജനിച്ചപ്പോൾ കർദ്ദിനാൾ ലൂച്ചിയാനി അതിനെക്കുറിച്ചു പറഞ്ഞത്, ഇത് സ്ത്രീകളെ ‘കുട്ടികളെ നിർമ്മിക്കുന്ന പണിപ്പുരകൾ’ ആയി മാറ്റുമെന്നാണ്. എന്നാൽ അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്താനും അദ്ദേഹം മുതിർന്നില്ല. അതോടൊപ്പം ആ കുട്ടിയെ മറ്റുള്ളവരോട് ചേർന്ന് ആശംസ അറിയിക്കുന്നതിനും അദ്ദേഹം മടിച്ചില്ല. മാർക്സിസത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകൾ ജോൺ പോൾ ഒന്നാമൻ മാർപാപ്പ ആവർത്തിച്ചു. ഒരിക്കലും കൂട്ടിമുട്ടാൻ കഴിയാത്ത രണ്ടു നേർരേഖകൾ പോലെയാണ് ക്രിസ്തീയതയും മാർക്സിസവും സഞ്ചരിക്കുന്നത് – പ്രത്യകിച്ചും വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ എന്ന് മാർപാപ്പ എടുത്തുപറഞ്ഞു.

വിശ്വാസികൾ എല്ലാം തന്നെ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം ജോൺ പോൾ ഒന്നാമൻ മാർപാപ്പയ്ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതങ്ങൾ എല്ലാം തന്നെ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടതാണ്. തന്റെ ചുരുങ്ങിയ പാപ്പാ ഭരണകാലത്ത് മൂന്ന് പ്രാവശ്യം കരുണയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കരുണ ദൈവത്തിന് പൂർണ്ണമായും സമർപ്പിക്കുന്നതും മറ്റുള്ള ജീവിതങ്ങളെ പരിവർത്തനപ്പെടുത്തുന്നതുമാണ്. ദൈവീക കരുണയിൽ ആശ്രയിക്കുന്നവർക്ക് പാപത്തിൽ നിന്ന് അകന്നു കഴിയുന്നതിനും പരിശുദ്ധിയിൽ വളരുന്നതിനും സാധിക്കും.

1978 സെപ്റ്റംബർ 29-ന് മാർപാപ്പ ആയി മുപ്പത്തിമൂന്നാമത്തെ ദിവസം ജോൺ പോൾ ഒന്നാമൻ കാലം ചെയ്തു. അദ്ദേഹം വായിച്ചുകൊണ്ടിരുന്ന തോമസ് അക്കമ്പിസിന്റെ ‘ക്രിസ്താനുകരണം’ എന്ന പുസ്തകം മരിക്കുമ്പോൾ മാർപാപ്പയുടെ കട്ടിലിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ വായനവിളക്ക്‌ അണയാതെയും ഇരുന്നു. ആ രാത്രിയിൽ ഹൃദയസ്തംഭനം മൂലം മാർപാപ്പ മരിച്ചു എന്നാണ് കരുതപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പ ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ 2022 സെപ്റ്റംബർ നാലിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതാണെന്ന ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാൻ നടത്തിയിട്ടുണ്ട്.

ഫാ. മാത്യു ചാർത്താകുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.