പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 261 – വി. ജോൺ XXIII (1881-1963)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1958 ഒക്ടോബർ 28 മുതൽ 1963 ജൂൺ മൂന്നു വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. ജോൺ ഇരുപത്തിമൂന്നാമൻ. ഇറ്റലിയിലെ ബെർഗമോ നഗരത്തിനടുത്തുള്ള സോത്തോ ഇൽ മോന്തേ എന്ന സ്ഥലത്ത് ജൊവാന്നി റൊങ്കാലിയുടെയും മരിയാന്നയുടെയും പതിമൂന്നു മക്കളിൽ നാലാമനായി എ.ഡി. 1881 നവംബർ 25-ന് ജുസേപ്പെ ആഞ്ചലോ റൊങ്കാലി ജനിച്ചു. ഇന്ന് ഈ ഗ്രാമം അറിയപ്പെടുന്നത് അവിടുത്തെ പ്രശസ്ത പുത്രനായ ജോൺ ഇരുപത്തിമൂന്നാമന്റെ നാമത്തിലാണ്. ജുസേപ്പെ റൊങ്കാലിയുടെ കുടുംബം മറ്റുള്ളവരിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കുടുംബം ആയിരുന്നു. ജുസേപ്പെ, തന്റെ എട്ടാമത്തെ വയസ്സിൽ ആദ്യകുർബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ അദ്ദേഹം സെക്കുലർ ഫ്രാൻസിസ്‌ക്കൻ സന്യാസ സഭയിൽ ചേരുകയും എ.ഡി. 1897 മെയ് 23-ന് പ്രഥമ വൃതവാഗ്ദാനം നടത്തുകയും ചെയ്തു.

1904-ൽ ജുസേപ്പെ റൊങ്കാലി കാനൻ നിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിക്കുകയും അതിനു ശേഷം റോമിൽ വച്ച് ഒരു വൈദികനായി അഭിഷിക്തനാവുകയും ചെയ്തു. രൂപതയിൽ തിരികെയെത്തിയ ജുസേപ്പെയെ ബെർഗമോയിലെ ബിഷപ്പ് ജ്യാക്കമോ തന്റെ സെക്രട്ടറിയായി നിയമിച്ചു. ബിഷപ്പിന്റെ മരണം വരെ ഏകദേശം പത്തു വർഷത്തോളം ജുസേപ്പെ ഈ ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. ഇക്കാലയളവിൽ അടുത്തുള്ള സെമിനാരിയിലെ അധ്യാപകനായും അദ്ദേഹം സേവനം ചെയ്തു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഫാ. ജൂസെപ്പെ റൊങ്കാലി പട്ടാളസേവനത്തിനായി നിയോഗിക്കപ്പെട്ടു. മെഡിക്കൽ സേവനവിഭാഗത്തിൽ രോഗികളുടെ മഞ്ചൽവാഹകനും പിന്നീട് ചാപ്ലയിനുമായി അദ്ദേഹം സേവനം ചെയ്തു. 1919-ൽ ഫാ. ജൂസെപ്പെ റൊങ്കാലി പട്ടാളസേവനത്തിൽ നിന്നും വിടുതൽ നേടി രൂപതയുടെ സെമിനാരിയിലെ ആദ്ധ്യാത്മികപിതാവായി നിയോഗിക്കപ്പെട്ടു.

എ.ഡി. 1921-ൽ ബെനെഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ അദ്ദേഹത്തെ റോമിൽ വച്ച് കണ്ടുമുട്ടുകയും തുടർന്ന് വിശ്വാസപ്രചരണ സംഘത്തിന്റെ ഇറ്റലിയിലെ പ്രസിഡന്റ് ആയി നിയമിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്വം സന്തോഷപൂർവ്വം നിർവ്വഹിക്കുന്ന സമയത്താണ് പിയൂസ് പതിനൊന്നാമൻ മാർപാപ്പ റൊങ്കാലിയെ ബൾഗേറിയായിലെ അപ്പസ്തോലിക വിസിറ്റർ ആയി നിയമിച്ചത്. വ്യക്തിപരമായി ഈ ജോലിയോട് വലിയ താത്പര്യമില്ലായിരുന്നെങ്കിലും അദ്ദേഹം ഈ ഉത്തരവാദിത്വം ഏറ്റെടുത്തു. ഏതാനും വർഷങ്ങൾക്കു ശേഷം മാർപാപ്പ റൊങ്കാലിയെ തുർക്കിയുടെയും ഗ്രീസിന്റെയും അപ്പോസ്തോലിക പ്രതിനിധിയായി നിയമിച്ചു. ഇക്കാലയളവിലാണ് യൂറോപ്പിൽ ജൂതവിരോധം വളരുന്നതും അനേകായിരം യഹൂദന്മാരെ അദ്ദേഹം രഹസ്യമായി രക്ഷിക്കുന്നതും. 1939 ഫെബ്രുവരിയിൽ അമ്മ മരണാസന്നയായിരിക്കുന്നു എന്ന സന്ദേശം സഹോദരിയിൽ നിന്നും റൊങ്കാലിക്ക് ലഭിക്കുന്നു. എന്നാൽ ഫെബ്രുവരി 10-ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കാലം ചെയ്ത കാരണത്താൽ പുതിയ ഒരു മാർപാപ്പ വരുന്നതു വരെ അന്നത്തെ നിയമം അനുസരിച്ച് അദ്ദേഹത്തിന് തന്റെ ദൗത്യത്തിൽ തുടരേണ്ടിവരികയും അമ്മയുടെ അടക്കത്തിന് സംബന്ധിക്കാൻ സാധിക്കാതെ വരികയും ചെയ്തു.

അപ്പസ്തോലിക വിസിറ്റർ, മാർപാപ്പയുടെ പ്രതിനിധി എന്നീ ചുമതലകൾ വിവിധ രാജ്യങ്ങളിൽ നിർവ്വഹിക്കുന്ന സമയത്താണ് മരണത്തിന്റെ വക്കിലായിരുന്ന അനേകായിരം യഹൂദരെ റൊങ്കാലി രക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് അനേകർക്ക് “സൗകര്യാർത്ഥം മാമ്മോദീസ” സ്വീകരിച്ചതിന്റെ രേഖ നല്കുകയും അങ്ങനെ അവർ ക്രിസ്ത്യാനികളെന്ന് അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സ്ലോവാക്കിയയിൽ നിന്നും അനേകം കുട്ടികളെയും, ക്രോയേഷ്യയിലെ ജെസെനൊവാക് പീഢനസങ്കേതത്തിൽ നിന്നും അനേകം യഹൂദരെയും അദ്ദേഹം രക്ഷിച്ചു. ബൾഗേറിയ, റൊമാനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും റൊങ്കാലി അനേകായിരം യഹൂദന്മാരെ രക്ഷപെടുത്തി. കൂടാതെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അനാഥരായി കഴിഞ്ഞിരുന്ന അനേകം യഹൂദ കുഞ്ഞുങ്ങളെ പാലസ്തീനായിൽ എത്തിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ഹംഗറിയിലുണ്ടായിരുന്ന യഹൂദരെ രക്ഷിക്കുന്നതിനു വേണ്ടി അവർ ക്രിസ്ത്യാനികളാണെന്ന കള്ളരേഖ റൊങ്കാലിയുടെ നേതൃത്വത്തിൽ തയ്യാറാക്കി.

രണ്ടാം ലോകമഹായുദ്ധ കാലയളവിൽ യഹൂദരെ വംശഹത്യയിൽ നിന്നും രക്ഷിച്ചവരുടെ നാമം അനശ്വരമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര വാലൻബെർഗ് ഫൗണ്ടേഷൻ നുൺഷിയോ റൊങ്കാലി നടത്തിയ പരിശ്രമങ്ങളെ ആഴത്തിൽ പഠനവിധേയമാക്കി. തത്ഫലമായി ഇസ്രായേൽക്കാർ അല്ലാത്തവർക്ക് ഗവണ്മെന്റ് നല്കുന്ന ഏറ്റം ഉന്നതമായ പദവിക്ക് അദ്ദേഹത്തിന്റെ നാമം ശുപാർശ ചെയ്യുകയും ചെയ്തു. കൂടാതെ, 1944-ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നപ്പോൾ അതിന് കത്തോലിക്കാ സഭയുടെ പിന്തുണ ലഭ്യമാക്കുന്നതിനും ആർച്ചുബിഷപ്പ് റൊങ്കാലി നിർണ്ണായകപങ്കു വഹിച്ചുവെന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു.

1944 ഡിസംബർ 22-ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ആർച്ചുബിഷപ്പ് റൊങ്കാലിയെ ഫ്രാൻസിലെ അപ്പസ്തോലിക് നുൺഷിയോ ആയി നിയമിച്ചു. ഈ പദവിയിൽ അദ്ദേഹം ദീർഘകാലം സ്തുത്യർഹമായ സേവനം നടത്തുകയും രണ്ടാം ലോകമഹായുദ്ധ കാലയളവിൽ ഫ്രാൻ‌സിൽ നാസിസത്തെ പിന്തുണച്ച ബിഷപ്പുമാരെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു. 1953 ജനുവരി 12-ന് പന്ത്രണ്ടാം പിയൂസ് മാർപാപ്പ ആർച്ചുബിഷപ്പ് റൊങ്കാലിയെ വെനീസിലെ പാത്രിയർക്കീസ് ആയി നിയമിക്കുകയും സാന്താ പ്രിസ്ക ദേവാലയത്തിലെ കർദ്ദിനാളായി ഉയർത്തുകയും ചെയ്തു. വെനീസിൽ തന്റെ മുൻഗാമിയായ പത്താം പിയൂസ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി അദ്ദേഹം താമസിച്ച മുറിക്കു പകരം മറ്റൊരു മുറിയിലാണ് കർദ്ദിനാൾ റൊങ്കാലി വസിച്ചത്. 1958 ഒക്ടോബർ 9-ന് പിയൂസ് പന്ത്രണ്ടാമൻ കാലം ചെയ്തപ്പോൾ കർദ്ദിനാൾ റൊങ്കാലി ടെലിവിഷനിൽ കൂടിയാണ് അദ്ദേഹത്തിന്റെ കബറടക്കം കണ്ടത്. അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വെനീസിലേക്കുള്ള മടക്കയാത്രയ്ക്ക് ട്രെയിൻ ടിക്കറ്റുമായി വത്തിക്കാനിലെത്തിയ കർദ്ദിനാൾ റൊങ്കാലി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ നീണ്ട ഭരണകാലത്തിനു ശേഷം ഒരു താത്ക്കാലിക മാർപാപ്പ എന്ന നിലയിലാണ് എഴുപത്തിയാറുകാരനായ റൊങ്കാലി തിരഞ്ഞെടുക്കപ്പെട്ടത്.

തന്റെ പുതിയ പേര് ജോൺ എന്നായിരിക്കും എന്ന തീരുമാനം തന്നെ എല്ലാവരിലും അത്ഭുതമുളവാക്കി. ചരിത്രത്തിൽ ഏറ്റം കൂടുതൽ മാർപാപ്പാമാർ സ്വീകരിച്ച നാമമാണ് ഇതെങ്കിലും കഴിഞ്ഞ അഞ്ഞൂറ് വർഷത്തിനിടെ ആരും ഈ പേര് എടുത്തിരുന്നില്ല. മാത്രമല്ല, ജോൺ ഇരുപത്തിമൂന്നാമൻ എന്ന പേര് അവസാനത്തെയാൾ ആന്റി പോപ്പായി ചരിത്രത്തിൽ അറിയപ്പെടുന്നു. സെമിനാരിയിൽ ചേർന്നതു മുതൽ മരിക്കുന്നതു വരെ അദ്ദേഹം എഴുതിയ ദിനചര്യ കുറിപ്പുകൾ “ജേർണൽ ഓഫ് ദി സോൾ” എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ താൻ ഈ പേര് സ്വീകരിക്കാൻ പല കാരണങ്ങൾ അദ്ദേഹം നിരത്തുന്നുണ്ട്. തന്റെ പിതാവിന്റെ പേര് ജോൺ എന്നായിരുന്നു. അതുപോലെ തന്റെ മാമ്മോദീസ നടത്തിയ ദേവാലയം വി. ജോണിന്റെ നാമത്തിലുള്ളതായിരുന്നു. മാർപാപ്പയുടെ കത്തീഡ്രലും ഈ നാമത്തിലുള്ളതാണ്. ചരിത്രത്തിൽ ഏറ്റം കൂടുതൽ മാർപാപ്പാമാർ ഈ പേര് സ്വീകരിച്ചെങ്കിലും അവരെല്ലാം തന്നെ പെട്ടെന്ന് കാലം ചെയ്യുകയും ചെയ്തു. ഇതിലെല്ലാം ഉപരിയായി യേശുവിന്റെ ജീവിതത്തോട് അടുത്തുനില്ക്കുന്ന രണ്ടു പ്രധാന വ്യക്തികളുടെ പേരും ജോൺ എന്നായിരുന്നു.

മാർപാപ്പയായി തിരഞ്ഞെടുക്കുന്ന ആളിന് ധരിക്കാനായി രൂപകല്പന ചെയ്ത മൂന്ന് വെള്ളക്കുപ്പായങ്ങളിൽ ഒന്നുംതന്നെ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയ്ക്ക് ചേരുന്നതായിരുന്നില്ല. അഞ്ചടി രണ്ടിഞ്ചു പൊക്കവും തൊണ്ണൂറിലധികം കിലോ ഭാരവുമുണ്ടായിരുന്ന അദ്ദേഹത്തെ പുതിയ കുപ്പായം ധരിപ്പിച്ചത് വളരെ ആയാസപ്പെട്ടാണ്. മാർപാപ്പയുടെ വസ്ത്രം ധരിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യപ്രതികരണം, “ഈ മനുഷ്യൻ ടെലിവിഷനിൽ ഒരു ദുരന്തം ആയിരിക്കും” എന്നായിരുന്നു. ലോകത്തിന്റെ മുൻപിൽ തന്റെ ആദ്യ പ്രത്യക്ഷപ്പെടൽ “പിള്ളക്കച്ചയിൽ പൊതിഞ്ഞ ഒരു ശിശുവിന്റെ രീതിയിൽ ആയിരുന്നു” എന്ന് മാർപാപ്പ തന്റെ ഡയറിയിൽ എഴുതി. തന്റെ ശരീരവലിപ്പത്തെക്കുറിച്ച് മാർപാപ്പ തന്നെ പല തമാശകളും പറയുമായിരുന്നു. ഒരിക്കൽ ഒരു സ്ത്രീ “ദൈവമേ, എന്തൊരു തടിയനാണ് മാർപാപ്പ” എന്നു പറഞ്ഞപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു: “മാഡം, കർദ്ദിനാളന്മാരുടെ കോൺക്ലേവ് ഒരു സൗന്ദര്യമത്സരം അല്ല.”

സഭയിൽ ചില പുതിയ പാരമ്പര്യങ്ങൾ ആരംഭിക്കുകയും അതുപോലെ നിന്നുപോയ പല നല്ല പാരമ്പര്യങ്ങളും ജോൺ മാർപാപ്പ തിരികെ കൊണ്ടുവരികയും ചെയ്തു. റോമൻ രൂപതയിലെ ദേവാലയങ്ങൾ സ്ഥിരമായി സന്ദർശിക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തി. ആശുപത്രികൾ, സ്‌കൂളുകൾ, ജയിലുകൾ എന്നിവ സന്ദർശിക്കുന്നത് മാർപാപ്പയുടെ പതിവ് പരിപാടിയുടെ ഭാഗമാക്കി. ജയിലിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞത്: “നിങ്ങൾക്ക് എന്റെ അടുത്തേക്ക് വരാൻ സാധിക്കാത്തതിനാൽ ഞാൻ നിങ്ങളുടെ അടുത്തേക്കു വരുന്നു” എന്നാണ്. മാർപാപ്പ ആയതിനു ശേഷമുള്ള അദ്ദേഹത്തിന്റ ആദ്യപ്രവൃത്തികളിലൊന്ന് യഹൂദന്മാരെക്കുറിച്ച് പ്രാർത്ഥനകളിൽ പറയുന്ന നിഷേധാത്മക പദപ്രയോഗങ്ങൾ നീക്കം ചെയ്യുക എന്നതായിരുന്നു. അതുപോലെ തന്നെ ദുഃഖവെള്ളിയാഴ്ച അവരുടെ മനസാന്തരത്തിനായി നടത്തിയിരുന്ന പ്രാർത്ഥനകളും മാർപാപ്പ നിർത്തലാക്കി. യഹൂദരോടുള്ള സമീപനത്തിൽ സഭയ്ക്ക് തെറ്റു പറ്റി എന്ന് പരസ്യമായി ആദ്യമായി പറഞ്ഞ മാർപാപ്പയും ജോൺ ഇരുപത്തിമൂന്നാമനാണ്.

1959 ജനുവരി 25-ന് വി. പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽ വച്ച് ജോൺ ഉരുപത്തിമൂന്നാമൻ മാർപാപ്പ അപ്രതീക്ഷിതമായി മൂന്ന് പ്രഖ്യാപനങ്ങൾ നടത്തി. ഒന്ന്, റോമൻ രൂപതയ്ക്കായി ഒരു രൂപത സിനഡ് വിളിച്ചുകൂട്ടൂന്നു. രണ്ടാമതായി, സഭയുടെ കാനൻ നിയമം സമൂലമായി പരിഷ്‌ക്കരിക്കാൻ പോകുന്നു. മൂന്നാമതായി, സഭയെ ആധുനികലോകത്തിലെ വെല്ലുവിളികളെ നേരിടുന്നതിന് സജ്ജമാക്കുന്നതിന് ഒരു എക്കുമെനിക്കൽ കൗൺസിൽ വത്തിക്കാനിൽ വിളിച്ചുകൂട്ടുന്നു. പതിനാറാം നൂറ്റാണ്ടിൽ നടന്ന ത്രന്തോസ് സൂനഹദോസിനും തൊണ്ണൂറു വർഷങ്ങൾക്കു മുൻപ് നടന്ന ഒന്നാം വത്തിക്കാൻ കൗൺസിലിനു ശേഷമുള്ള നിർണ്ണനായക ചരിത്രസംഭവമായി ഇത് മാറുന്നു. ഇതേക്കുറിച്ച് കർദ്ദിനാൾ ജൊവാന്നി ബാറ്റിസ്ത മോന്തീനി (പിന്നീട് പോൾ ആറാമൻ മാർപാപ്പ) പറഞ്ഞത്, “ഭക്തനും വയസ്സനുമായ ഈ കുട്ടി താനൊരു വലിയ കടന്നൽക്കൂട് ഇളക്കിവിടുകയാണെന്ന് ഇപ്പോൾ അറിയുന്നില്ല” എന്നായിരുന്നു. എന്നാൽ ഈ സൂനഹദോസാണ് കത്തോലിക്കാ സഭയെ ആധുനിക യുഗത്തിൽ അടിമുടി നവീകരിച്ച കൗൺസിൽ ആയി മാറിയത്. ഈ കൗൺസിൽ ആരംഭിക്കുന്നതിനു മുൻപ് മാർപാപ്പ അസീസ്സിയും ലൊറേറ്റോയും സന്ദർശിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

1962 ഒക്ടോബർ 11-ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഒന്നാം സെഷൻ ആരംഭിച്ചു. കൗൺസിൽ പിതാക്കന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ നടത്തിയ പ്രസിദ്ധമായ പ്രസംഗമാണ് “ഗൗദേത് മാത്തർ എക്ലേസിയ” (സഭാമാതാവ് ആനന്ദിക്കുന്നു). സഭയുടെ അടച്ചിട്ട ജനാലകൾ തുറന്ന് കൂടുതൽ ശുദ്ധവായു ഉള്ളിൽ പ്രവേശിക്കാനുള്ള ഒരു സംരംഭമായി ചരിത്രത്തിൽ ഈ കൗൺസിൽ വിശേഷിപ്പിക്കപ്പെട്ടു. തന്റെ പ്രഥമ പ്രസംഗത്തിൽ മാർപാപ്പ സഭയെക്കുറിച്ചും ലോകത്തെക്കുറിച്ചും “എപ്പോഴും നാശം മാത്രം പ്രവചിക്കുന്ന അന്ധകാരത്തിന്റെ പ്രവാചകന്മാരെ” നിരാകരിക്കണമെന്നു ആഹ്വാനം ചെയ്തു. സഭ ശിക്ഷണത്തിന്റെ ആയുധം ഉപയോഗിക്കുന്നതിനേക്കാൾ കാരുണ്യത്തിന്റെ മരുന്നുപയോഗിച്ചു ലോകത്തെ സൗഖ്യപ്പെടുത്തണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. രണ്ടാം വത്തിക്കാൻ കൗൺസിൽ പൂർത്തീകരിക്കുന്നത് ജോൺ മാർപാപ്പയുടെ പിൻഗാമിയായ പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണ്.

1962 സെപ്റ്റംബർ 23-ന് ജോൺ മാർപാപ്പയ്ക്ക് ഉദരത്തിൽ ക്യാൻസർ രോഗമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത് പിന്നീടുള്ള മാർപാപ്പയുടെ പൊതുപ്രവർത്തനത്തെ സാരമായി ബാധിച്ചു. എന്നിരുന്നാലും 1962-ൽ ഉണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ സമയത്ത് അമേരിക്കൻ പ്രസിഡന്റ് ജോൺ കെന്നഡിയും യു.എസ്സ്.എസ്സ്.ആർ. പ്രസിഡന്റ് നികിത ക്രൂഷ്‌ചേവും തമ്മിലുള്ള സന്ധിസംഭാഷണത്തിന് മാദ്ധ്യസ്ഥം വഹിക്കുന്നതിന് മാർപാപ്പ സന്നദ്ധനായി. ഇതിന്റെ പരിണിതഫലമായിട്ടാണ് ആദ്യമായി ഒരു മാർപാപ്പ 1962-ൽ അമേരിക്കയിലെ ടൈം മാസികയുടെ “മാൻ ഓഫ് ദി ഇയർ” ബഹുമതിക്ക് അർഹനായിത്തീർന്നത്.

1963 മെയ് 31-ന് മാർപാപ്പയുടെ രോഗം മൂർച്ഛിക്കുകയും അദ്ദേഹത്തിന് അന്ത്യകൂദാശ നൽകുകയും ചെയ്തു. തന്റെ അരികിലെത്തിയവരോട് മാർപാപ്പ ഇപ്രകാരം പറഞ്ഞു: “പാവപ്പെട്ടതെങ്കിലും അച്ചടക്കമുള്ളതും ദൈവഭയമുള്ളതുമായ ഒരു ക്രിസ്തീയകുടുംബത്തിൽ ജനിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. എന്റെ ഭൂമിയിലെ സമയം അതിന്റെ അന്ത്യത്തോടടുക്കുന്നു. എന്നാൽ ക്രിസ്തു തന്റെ സഭയിൽ ജീവിക്കുകയും സഭയിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്നു.” 1963 ജൂൺ 3-ന് തന്റെ എൺപത്തിയൊന്നാം വയസ്സിൽ അഞ്ചു വർഷത്തിൽ താഴെ മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ നിർണ്ണായകമായ ഒരു മാർപാപ്പ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ കാലം ചെയ്തു. മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. ആ വർഷം തന്നെ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസൻ അമേരിക്ക സാധാരണ പൗരന്മാർക്ക് നൽകുന്ന ഏറ്റം ഉന്നത ബഹുമതിയായ പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യമെഡൽ മരണാനന്തര ബഹുമതിയായി മാർപാപ്പയ്ക്ക് നൽകി.

“നല്ലവനായ മാർപാപ്പ” എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജോൺ ഇരുപത്തിമൂന്നാം മാർപാപ്പയുടെ നാമകരണ നടപടികൾക്ക് അദ്ദേഹത്തിന്റെ പിൻഗാമി പോൾ ആറാമൻ മാർപാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാനത്തിൽ തുടക്കം കുറിച്ചു. രണ്ടായിരാമാണ്ടിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27-ന് ഫ്രാൻസിസ് മാർപാപ്പ ജോൺപോൾ രണ്ടാമൻ മാർപാപ്പയെയും, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. മാർപാപ്പയുടെ മരണദിവസമായ ജൂൺ 3-നു പകരമായി രണ്ടാം വത്തിക്കാൻ കൗൺസിലിനു തുടക്കം കുറിച്ച ഒക്ടോബർ 21-നാണ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ തിരുനാൾ സഭ ആഘോഷിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.