പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 233 – പോൾ V (1550-1621)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1605 മെയ് 16 മുതൽ 1621 ജനുവരി 28 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് പോൾ അഞ്ചാമൻ. മാർക്കന്തോണിയോ – ഫ്ലാമിനിയ ദമ്പതികളുടെ മകനായി എ.ഡി. 1550 സെപ്റ്റംബർ 17 -ന് കമില്ലോ റോമിൽ ജനിച്ചു. സിയന്നായിലെ പ്രഭുകുടുംബമായ ബൊർഗേസെ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു വൈദികനായി ശുശ്രൂഷ ചെയ്ത കമില്ലോയെ 1596 -ൽ സെന്റ് എവുസേബിയോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു. ക്ലമന്റ് എട്ടാമൻ മാർപാപ്പ അദ്ദേഹത്തെ റോമിന്റെ വികാരിയും മാർപാപ്പയുടെ സെക്രട്ടറിയും ആയി നിയമിച്ചു. പിന്നീട് കുറേക്കാലം ഇറ്റലിയിലെ ലേസി രൂപതയുടെ മെത്രാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

സഭയുടെ താൽപര്യങ്ങൾക്കു വേണ്ടി നിൽക്കുന്ന വളരെ കർക്കശക്കാരനായ ഒരു നിയപണ്ഡിതൻ എന്ന നിലയിൽ എല്ലാ കർദ്ദിനാളന്മാർക്കും കമില്ലോയെ താൽപര്യമായിരുന്നു. അതുകൊണ്ടു തന്നെ ലിയോ മാർപാപ്പ കാലം ചെയ്തതിനു ശേഷം നടന്ന കോൺക്ലേവിൽ വച്ച് കർദ്ദിനാൾ കമില്ലോ ഐകകണ്ഠേന അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. മാർപാപ്പയായി ആദ്യത്തെ ഉത്തരവ് റോമിൽ വസിച്ചിരുന്ന രൂപതയുടെ ചുമതലയുണ്ടായിരുന്ന എല്ലാ മെത്രാന്മാരും അവരുടെ രൂപതയിലേക്ക് തിരികെ പോവുക എന്നതായിരുന്നു. ഇത് തെന്ത്രോസ് കൗൺസിലിന്റെ തീരുമാനം കൂടിയായിരുന്നു. എന്നാൽ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോയുടെ കണ്ടുപിടുത്തങ്ങളെ നിരാകരിച്ചത് പോൾ മാർപാപ്പയുടെ സൽപ്പേരിന് കളങ്കം ചാർത്തിയ സംഭവമായിരുന്നു (പിന്നീട് ജോൺപോൾ രണ്ടാമൻ മാർപാപ്പ ഗലീലിയോ വിഷയത്തിൽ സഭയ്ക്ക് തെറ്റു പറ്റിയെന്ന് പരസ്യമായി പറയുകയുണ്ടായി).

മിലാനിലെ ആർച്ചുബിഷപ്പായിരുന്ന ചാൾസ് ബൊറമേയോയെ എ.ഡി. 1610 -ൽ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭാചരിത്രത്തിലെ പ്രശസ്തരായ ഇഗ്‌നേഷ്യസ് ലയോള, ഫിലിപ്പ് നേരി, ആവിലായിലെ അമ്മത്രേസ്യ, അലോഷ്യസ് ഗൊൺസാഗ, ഫ്രാൻസിസ് സേവ്യർ എന്നിവരെ പോൾ അഞ്ചാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. എ.ഡി. 1615 നവംബർ മാസത്തിൽ ജപ്പാനിൽ നിന്ന് രാജാവിന്റെ പ്രതിനിധി ഹസെകുറ സുനെനാഗ മാർപാപ്പയെ സന്ദർശിക്കുകയും ക്രിസ്തീയ മിഷനറിമാരെ അവിടേക്ക് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയുടെ പണി പൂർത്തീകരിച്ചത് പോൾ അഞ്ചാമൻ മാർപാപ്പയാണ്. വത്തിക്കാൻ ലൈബ്രറി വിപുലീകരിക്കുകയും വി. പത്രോസിന്റെ ചത്വരത്തിലുള്ള കൃത്രിമ ജലധാര നിർമ്മിക്കുകയും ചെയ്തു. റോമിൽ “പരിശുദ്ധാത്മാവിന്റെ ബാങ്ക്” എന്ന പേരിൽ ഒരു ബാങ്ക് തുടങ്ങുകയും അത് ആധുനിക കാലഘട്ടം വരെ ഈ രീതിയിൽ നിലനിൽക്കുകയും ചെയ്തു. എ.ഡി. 1621 ജനുവരി 28 -ന് കാലം ചെയ്ത പോൾ അഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് മരിയ മജോറെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.