പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 223 – പോൾ IV (1476-1559)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1555 മെയ് 23 മുതൽ 1559 ആഗസ്റ്റ് 18 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് പോൾ നാലാമൻ. നേപ്പിൾസിലെ ഒരു പ്രഭുകുടുംബത്തിൽ ജോവാന്നിയുടെയും വിറ്റോറിയയുടെയും മകനായിട്ട് എ.ഡി. 1476 ജൂൺ 28 -ന് ജ്യാൻ പിയെത്രോ കറാഫ ജനിച്ചു. ബന്ധുവായിരുന്ന കർദ്ദിനാൾ ഒളിവിയേറോ കറാഫയുടെ സംരക്ഷണത്തിലും ശിക്ഷണത്തിലും വളർന്നു വന്ന ജ്യാൻ പിയെത്രോ പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായി മെത്രാനായി നിയമിക്കപ്പെട്ടു. ലിയോ പത്താമൻ മാർപാപ്പ ഇംഗ്ലണ്ടിലെ മാർപാപ്പയുടെ പ്രതിനിധിയായി അയച്ച ജ്യാൻ അധികം താമസിയാതെ സ്പെയിനിലും ഈ ദൗത്യം നിർവ്വഹിച്ചു.

എ.ഡി. 1524 -ൽ ആർച്ചുബിഷപ്പ് ജ്യാൻ പിയെത്രോ തന്റെ സ്ഥാനമാനങ്ങളെല്ലാം ത്യജിച്ച് ദാരിദ്ര്യാരൂപിയിൽ ജീവിക്കുന്നതിനായി കോൺഗ്രിഗേഷൻ ഓഫ് ക്ലർക്ക്സ് റെഗുലർ (തെയറ്റയിൻസ്) എന്ന സന്യാസ സഭ രൂപീകരിക്കുന്നു. എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ പോൾ മൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ റോമിലേക്ക് തിരികെ വിളിച്ച് സഭാനവീകരണത്തിന്റെ ചുമതല നൽകി. വി. തോമസ് അക്വീനാസിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കി ഉന്നതചിന്തയും വിശുദ്ധിയുമുള്ള ഒരു സഭ എന്നതായിരുന്നു മാർപാപ്പയുടെ മനസ്സിലുണ്ടായിരുന്നത്. എ.ഡി. 1536 -ൽ സാൻ പൻക്രാസിയോ ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായി മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. പിന്നീട് ജർമ്മനിയിൽ നിന്നും പ്രോട്ടസ്റ്റന്റ് ആശയങ്ങൾ ഇറ്റലിയിലേക്കും വ്യാപിക്കാൻ തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാനായി മാർപാപ്പ സ്ഥാപിച്ച മതവിചാരണകോടതിയുടെ തലവനായി കർദ്ദിനാൾ ജ്യാൻ പിയെത്രോ നിയമിക്കപ്പെട്ടു.

മാർസെല്ലൂസ് രണ്ടാമൻ മാർപാപ്പ പെട്ടെന്ന് കാലം ചെയ്തപ്പോൾ അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് പോൾ നാലാമൻ മാർപാപ്പ. വളരെ കർക്കശ സ്വഭാവക്കാരനായിരുന്ന മാർപാപ്പ, സഭാപഠനങ്ങൾ നിർബന്ധ ബുദ്ധിയോടെ നടപ്പാക്കാൻ ശ്രമിച്ചത് കർദ്ദിനാളന്മാർ ഉൾപ്പെടെയുള്ളവരുടെ അപ്രീതിക്കു കാരണമായി. യഹൂദന്മാരെ രണ്ടാം തരക്കാരായി മാത്രം കണ്ട് അവർക്കായി റോമിൽ ഒരു കോളനി നിർമ്മിച്ചത് ചരിത്രത്തിൽ പോൾ നാലാമൻ മാർപാപ്പയ്ക്ക് വലിയ ദുഷ്പേരുണ്ടാക്കുന്നതിനു കാരണമായി. ഈ സമയത്ത് റോമിൽ ഭിക്ഷാടനം നിരോധിക്കുകയും അനധികൃത പിരിവുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും എല്ലാ നിയമനങ്ങളും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. സിസ്റ്റീൻ ചാപ്പലിലെ നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങളെ ചൊല്ലി മാർപാപ്പയും മൈക്കലാഞ്ചലോയും തമ്മിൽ വലിയ ഭിന്നതയും ഉടലെടുത്തു. എ.ഡി. 1559 ആഗസ്റ്റ് 18 -ന് കാലം ചെയ്ത പോൾ നാലാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് റോമിലെ സാന്ത മരിയ സോപ്ര മിനർവ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.