ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനങ്ങൾ സ്വീകരിച്ച നാലു വിശുദ്ധർ

ലോക രക്ഷകനും നിയന്താവുമായ ഈശോ ഒരു ശിശുവായി ഈ മണ്ണിന്റെ മടിത്തട്ടിൽ പിറന്നു വീണപ്പോൾ അതൊരു മനുഷ്യപുത്രന്റെ ജനനം മാത്രമായിരുന്നില്ല മനുഷ്യനെ വിണ്ണോളം ഉയർത്താൻ തീരുമാനിച്ച ദൈവപുത്രന്റെ സ്വതന്ത്ര തീരുമാനവുമായിരുന്നു. ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനങ്ങൾ സ്വീകരിച്ച നാലു വിശുദ്ധരെക്കുറിച്ചാണ് ഈ കുറിപ്പ്.

ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ

1886 ലെ ക്രിസ്തുമസ് രാത്രിയിൽ കൊച്ചുത്രേസ്യായ്ക്കുണ്ടായ ഉണ്ണീശോയുടെ ദർശനമാണ് അവളുടെ ജീവിതത്തെ മാനസാന്തരപ്പെടുത്തിയതെന്ന് ‘ഒരു ആത്മാവിന്റെ കഥ’ എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു: ” അനുഗ്രഹിക്കപ്പെട്ട ആ രാത്രിയിൽ കഷ്ടിച്ചു ഒരു മണിക്കൂർ മാത്രം പ്രായമുള്ള ഉണ്ണീശോ അന്ധകാരത്താൽ നിറഞ്ഞ എന്റെ ആത്മാവിൽ വെളിച്ചവുമായി വന്നു. എന്നോടുള്ള സ്നേഹത്തെപ്രതി എളിയവനും ദുർബലനുമായ അവൻ എന്നെ ശക്തയും ധൈര്യശാലിയുമാക്കി. ഞാൻ ധൈര്യശാലിയാകാൻ അവന്റെ സ്വന്തം ആയുധങ്ങൾ അവൻ എന്റെ കൈയ്യിൽ തന്നു.”

വി. ജെമ്മ ഗെമലാനി

1903 വിശുദ്ധ ജെമ്മ ഗെമലാനി തൻ്റെ ആത്മീയ പിതാവിനു ക്രിസ്തുമസ് രാത്രിയിലെ അനുഭവം എഴുതി നൽകി: “ഇന്നലെ ക്രിസ്തുമസ് പാതിരാ കുർബാനയിൽ, പുരോഹിതൻ കാഴ്ച സമർപ്പണത്തിൻ്റെ ഭാഗത്തു വന്നപ്പോൾ ഞാൻ ഈശോയെ കണ്ടു, എനിക്കു വേണ്ടി നിത്യപിതാവിനു യാഗമായിതീർന്ന ഈശോയെ ഞാൻ കണ്ടു. ഞാൻ വളരെ സന്തോഷവതിയായി. ഈശോ അവനെത്തന്നെ എനിക്കു സമ്മാനമായി നൽകി. പിന്നെ അവൻ നമ്മുടെ അമ്മയായ മറിയത്തിൻ്റെ പക്കലേക്ക് എന്നെ കൂട്ടികൊണ്ടുപോയി, എന്നെ കാണിച്ചു കൊടുത്തുകൊണ്ടു അമ്മയോടു പറഞ്ഞു: “ഇത് എൻ്റെ പ്രിയ പുത്രിയാണ്, എൻ്റെ പീഡാനുഭവത്തിൻ്റെ പുത്രിയായി അമ്മ അവളെ കാണണം” എൻ്റെ പിതാവേ ഈ ആത്മീയ അനുഭവത്താൽ എൻ്റെ ഹൃദയം ഇപ്പോഴും ആനന്ദിക്കുന്നു.

വി. മരിയ ഫൗസ്റ്റീന

1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനമുണ്ടായി. അതിനെപ്പറ്റി അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു.

“ഞാൻ പാതിരാ കുർബാനയ്‌ക്കായി ദൈവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ലേഹമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂടു ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ, പിള്ളക്കച്ചകൊണ്ടു ഉണ്ണീശോയെ മൂടി പുതപ്പിക്കുകയായിരുന്നു. യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയ ശേഷം മാത്രമേ ദൈവത്തിൽ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ. യൗസേപ്പിതാവു പ്രാർത്ഥിക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി, ഉണ്ണീശോ അവന്റെ കുഞ്ഞു കരങ്ങൾ എന്റെ നേരെ നിവർത്തി. ഉണ്ണിയെ കരങ്ങളിൽ എടുക്കാനാണന്നു എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സു എന്റെ ഹൃദയത്തോടു ചേർത്തുവച്ചു എന്റെ ഹൃദയത്തോടു അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണന്നു അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞു തന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി, പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള മണി മുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത് “.

ഇതു ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവാത്ത പാഠങ്ങൾ ഇതു അവളെ പഠിപ്പിച്ചു. അതു അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥമെന്താണന്നു കാണിച്ചു കൊടുക്കുകയും ചെയ്തു.

അസ്സീസിയിലെ വി. ഫ്രാൻസീസ്

വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവചരിത്രം എഴുതിയ ബൊനവെഞ്ചൂരാ ഫ്രാൻസീസ് അസീസി ആദ്യം നിർമ്മിച്ച പുൽകൂടിനു മുമ്പിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുമ്പിൽ ഉണ്ണീശോ പ്രത്യക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവത്തിൻ്റെ മനുഷ്യൻ (ഫ്രാൻസീസ്) പുൽക്കൂടിനു മുമ്പിൽ പൂർണ്ണ ഭക്ത്യാദരവോടെ നിൽക്കുന്നു. സന്തോഷാശ്രുക്കളാൽ ആ മുഖം നിറഞ്ഞിരിക്കുന്നു. ക്രിസ്തുവിൻ്റെ ദാസനായ ഫ്രാൻസീസ് സുവിശേഷം ആലപിക്കുന്നു. അതിനു ശേഷം ചുറ്റുമുള്ള ജനങ്ങളോട് ദരിദ്രരനായ രാജാവിനെക്കുറിച്ചു പ്രസംഗിക്കുന്നു. ഉണ്ണീശോയുടെ സ്നേഹത്തിൻ്റെ ആർദ്രതയാൽ ആ നാമം ഉച്ചരിക്കാൻ ഫ്രാൻസിസിനു കഴിയുന്നില്ല. ബേത്ലേഹമിലെ ശിശു എന്നാണ് ഫ്രാൻസീസ് അവനെ വിളിക്കുക. ഫ്രാൻസീസ് അസ്സീസിയുടെ സുഹൃത്തും ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ഈ ലോകത്തിലെ സകല ആഢംബരങ്ങളും ഉപേക്ഷിച്ച ധീരനും സത്യസന്ധനുമായ സൈനീകൻ ഗ്രേക്കിയോയിലെ ജോൺ പുൽക്കൂട്ടിൽ കിടന്ന ദിവ്യശിശുവിനെ ഫ്രാൻസീസ് പിതാവ് ഇരു കരങ്ങളും നീട്ടി സ്വീകരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ശിശുവായ ഉണ്ണീശോയുടെ അവിശ്വസനീയമായ ഈ ദർശനങ്ങൾ നമ്മിൽ വിസ്മയം സൃഷ്ടിച്ചേക്കാം. എന്നാൽ എല്ലാ വിശുദ്ധ കുർബാനകളിലും ഉണ്ണീശോയെ കാണാനുള്ള അവസരം നമുക്ക് ഉണ്ട്. വിശുദ്ധ കുർബാനയിൽ – നമുക്ക് ലഭ്യമായ ഏറ്റവും വലിയ പ്രാർത്ഥനയിൽ – പങ്കെടുക്കുമ്പോൾ ഈശോയുടെ മുഖം കാണാനും അവനെ ഈ ഭൂമിയിൽ വച്ചു തന്നെ സ്വീകരിക്കുവാനും അസുലഭ ഭാഗ്യം നമുക്കു കൈവരുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.