ഓഫീസിലെ ടെൻഷൻ പടിക്ക് പുറത്ത്; കുടുംബങ്ങളിൽ സന്തോഷം നിറയ്ക്കാൻ ഇതാ അഞ്ചു വഴികൾ!

നമ്മൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഇടമാണ് വീട്. പക്ഷേ, പലപ്പോഴും ഓഫീസിലെ തിരക്കും ടെൻഷനും നമ്മൾ അറിയാതെ തന്നെ വീട്ടിലേക്കും കൊണ്ടുവരാറുണ്ട്. ജോലിയിലെ സമ്മർദങ്ങൾ ഓഫീസിൽ തന്നെ ഉപേക്ഷിച്ച്, വീട്ടിൽ സമാധാനത്തോടെ ഇരിക്കാൻ ഈ അഞ്ചു ചെറിയ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ.

1. വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാം

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാം. കുട്ടികളെ പഠിക്കാൻ സഹായിക്കുക, എല്ലാവരും കൂടി ഇരുന്ന് ഒരു സിനിമ കാണുക, അല്ലെങ്കിൽ അടുക്കളയിൽ ചെറിയ സഹായങ്ങൾ ചെയ്യുക. പ്രിയപ്പെട്ടവരോടൊപ്പം ചിരിച്ചും സംസാരിച്ചും ഇരിക്കുന്നത് മനസ്സിലെ ടെൻഷൻ വേഗം കുറയ്ക്കും.

2. യാത്രയിൽ മനസ്സിനെ ശാന്തമാക്കാം

ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ ജോലിയെക്കുറിച്ച് ചിന്തിക്കാതിരിക്കുക. നല്ല പാട്ടുകൾ കേൾക്കുകയോ, പഴയൊരു സുഹൃത്തിനെ വിളിച്ച് സംസാരിക്കുകയോ ചെയ്യാം. യാത്രയിലെ കാഴ്ചകൾ കണ്ട് മനസ്സിനെ ഒന്ന് തണുപ്പിച്ച ശേഷം വീട്ടിലേക്ക് കയറാം.

3. ഫോണിനും ലാപ്ടോപ്പിനും വിശ്രമം നൽകാം

വീട്ടിലെത്തിയാൽ പിന്നെ ഓഫീസ് മെയിലുകളും മെസ്സേജുകളും നോക്കുന്നത് ഒഴിവാക്കുക. ജോലി സമയം കഴിഞ്ഞാൽ ലാപ്ടോപ്പ് അടച്ചു വയ്ക്കാം. വീട്ടിലുള്ള സമയം പൂർണ്ണമായും നിങ്ങൾക്കും കുടുംബത്തിനും മാത്രമുള്ളതായിരിക്കട്ടെ.

4. നന്നായി ഉറങ്ങാം

മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടാൻ നല്ല ഉറക്കം വളരെ പ്രധാനമാണ്. ദിവസവും രാത്രി 7 മുതൽ 8 മണിക്കൂർ വരെ സുഖമായി ഉറങ്ങാൻ ശ്രദ്ധിക്കുക. നല്ല ഉറക്കം നിങ്ങളുടെ സമ്മർദങ്ങളെ അകറ്റി നിർത്തും.

5. കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റം വരുത്താം

നമ്മൾ സംസാരിക്കുന്നതും ചിന്തിക്കുന്നതുമായ രീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും മനസ്സിനെ വലിയ രീതിയിൽ സ്വാധീനിക്കും. “എനിക്ക് വീട്ടിൽ പോയി പല കാര്യങ്ങളും ചെയ്യാനുണ്ട്” എന്ന് ഒരു കടമ പോലെ ചിന്തിക്കുന്നതിന് പകരം, “എനിക്ക് എന്റെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നു” എന്ന് സന്തോഷത്തോടെ ചിന്തിച്ചു നോക്കൂ. ഈയൊരു മനോഭാവം നിങ്ങളുടെ മനസ്സിന് വലിയ സമാധാനവും സംതൃപ്തിയും നൽകും.

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസകേന്ദ്രമാണ് വീട്. ഓഫീസിലെ തിരക്കുകളും സമ്മർദങ്ങളും പടിവാതിൽക്കൽ തന്നെ ഉപേക്ഷിച്ച്, പ്രിയപ്പെട്ടവരോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാൻ നമുക്ക് ഓരോ ദിവസവും ശ്രമിക്കാം. ഈ ചെറിയ ശീലങ്ങൾ നിങ്ങളുടെ വീടിനെ എന്നും സ്നേഹവും സമാധാനവും നിറഞ്ഞ ഒരിടമാക്കി മാറ്റും!

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.