ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സന്തോഷകരമായ ഒരു ജീവിതമെന്നത് ഏവരുടെയും സ്വപ്നമാണ്. ഒന്നു സ്വസ്ഥമായിരിക്കാനും സമാധാനത്തോടെ ഉറങ്ങാനും നല്ലരീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിയുക എന്നത് നിസ്സാരകാര്യമല്ല. അതിനു നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിൽ സമാധാനവും ശാന്തതയും നിറയ്ക്കാൻ നമ്മെ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതാ…

1. സാമൂഹികത

സമൂഹത്തിൽനിന്നും ഉൾവലിയാതെ എല്ലാവരോടും നല്ലരീതിയിൽ ഇടപെട്ടുകൊണ്ടു ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു അത്യാവശ്യത്തിനു വിളിച്ചാൽ ഓടിവരാൻ ആളുണ്ടെന്നുള്ള ഉറപ്പ് നമ്മുടെ ജീവിതത്തിൽ പകരുന്ന സമാധാനം വളരെ വലുതാണ്. ഒപ്പം നല്ല സൗഹൃദങ്ങളും ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകംതന്നെ.

2. സ്മരണ ഉണ്ടായിരിക്കുക

പലപ്പോഴും പല ആളുകളും പറയുന്ന ഒന്നാണ് ‘വന്ന വഴി മറക്കരുത്’ എന്നത്. അതിന്റെ അർഥം, നാം കടന്നുവന്ന വഴികളിൽ നമ്മെ സഹായിച്ച അനേകം ആളുകളുണ്ടാവാം. അവരെയൊക്കെ മറന്നുജീവിക്കരുത് എന്നാണ്.

നമ്മുടെ ജീവിതവഴികളിൽ നമ്മെ സഹായിച്ചവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ആവശ്യങ്ങളിൽ കൂടെനിൽക്കുകയും അവരുടെ സ്മരണ നിലനിർത്തുകയും ചെയ്യുന്നത് ജീവിതത്തിൽ ലാളിത്യം പുലർത്താൻ നമ്മെ സഹായിക്കും. ഒപ്പം, ഇത്തരത്തിൽ നമുക്കു തുണയായിട്ടുള്ള ആളുകളെ വിളിക്കുകയും അവരുമായി സ്നേഹസംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ നാം നമ്മുടെ ജീവിതത്തെ കുറച്ചുകൂടെ കൃതജ്ഞതയോടെ കാണും.

3. സമൂഹമാധ്യങ്ങളുടെ നിയന്ത്രിതമായ ഉപയോഗം

ഇന്നത്തെ ലോകത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി പലരും കരുതിയിരിക്കുന്ന ഒന്നാണ് സമൂഹമാധ്യമങ്ങൾ. അവയുടെ ഉപയോഗം ഒരു പരിധിവരെ ഉപകാരപ്രദമാണ്. എന്നാൽ അമിതോപയോഗം നമ്മുടെയുള്ളിലും ബന്ധങ്ങളിലും വിള്ളലുകൾ സൃഷ്ടിക്കുന്നതിനു കാരണമാകും. അതിനാൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ആവശ്യത്തിനുമാത്രമായി ചുരുക്കാം. കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമൊപ്പം കൂടുതൽ സമയം ചിലവിടാം.

4. വർത്തമാനകാലത്തിൽ മനസ്സ് കേന്ദ്രീകരിക്കാം

നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള അനുഭവങ്ങളിലൂടെയാകാം നാം കടന്നുപോയിട്ടുള്ളത്. സമൃദ്ധമായ ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നിരിക്കാമെങ്കിലും വർത്തമാനകാലത്തിൽ അത്ര ശോഭ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും ഇന്നത്തെ യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം. ഭൂതം, ഭാവികാലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നമ്മുടെ സന്തോഷം നശിക്കുന്നതിനു കാരണമാകാം. അതിനാൽ നാം ഇന്ന് കടന്നുപോകുന്ന അനുഭവങ്ങൾ എന്താണോ ആ അനുഭവങ്ങളെ പ്രാർഥനയോടെ സ്വീകരിച്ചു മുന്നേറാം.

5. ലഹരിയോടു ‘നോ’ പറയാം

നമ്മുടെ ജീവിതത്തിന്റെ സകല സന്തോഷങ്ങളും നഷ്ടപ്പെടുത്തുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. കുറച്ചല്ലേ ഉപയോഗിക്കുന്നുള്ളൂ; അതുകൊണ്ട് ആർക്കും ദോഷം വരുത്തുന്നില്ലല്ലോ എന്ന ചിന്ത ഉള്ളവരുണ്ടാകാം. എന്നാൽ ഈ അല്പ ഉപയോഗം, ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അമിതമാകാൻ സാധ്യതയുണ്ട്. അതിനാൽ ലഹരിയുടെ ഉപയോഗം പൂർണ്ണമായും നമ്മുടെ ജീവിതത്തിൽനിന്നും മാറ്റിവയ്ക്കാം.

6. പ്രാർഥന

ഏതു മതത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിലും പ്രാർഥനയും ആത്മീയജീവിതവും സമാധാനം നിലനിർത്തുന്നതിനു നമ്മെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ശക്തമായ ആത്മീയ അടിത്തറയുള്ള ഒരാളെ തകർക്കാൻ പെട്ടന്നൊന്നും കഴിയില്ല. അതുപോലെതന്നെ അനുദിനം പ്രാർഥിച്ചുകൊണ്ടു മുന്നേറുന്ന വ്യക്തിയിൽ ദൈവത്തിന്റെ വലിയ കൃപാകടാക്ഷം നിറയുന്നതും കാണാം. അതിനാൽ പ്രാർഥനയോടെ മുന്നേറാൻ ശ്രമിക്കാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.