പൗരസ്ത്യസഭകളിലെ സകല വിശുദ്ധരുടെയും തിരുനാള്‍ /വേദസാക്ഷികളുടെ തിരുനാള്‍

ഉയിര്‍പ്പുതിരുനാളിനു ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയാണ് പൗരസ്ത്യസഭകളില്‍ സകല വിശുദ്ധരുടെയും അഥവാ വേദസാക്ഷികളുടെ തിരുനാള്‍ ആഘോഷിക്കുന്നത്. പാശ്ചാത്യസഭയില്‍ നവംബര്‍ ഒന്നിനാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. വേദസാക്ഷികള്‍ എന്നതിന് മൗദ്യാനന്മാര്‍ എന്നാണ് സുറിയാനി ഭാഷയില്‍ പറയുന്നത്. അതായത്, ഉത്ഥിതനായ മിശിഹായിലുള്ള വിശ്വാസം ധീരതയോടെ ഏറ്റുപറയുകയും പ്രഘോഷിക്കുകയും ചെയ്തവരാണ് ഈ മൗദ്യാനന്മാര്‍. ഇവരില്‍ പലരും കൊടിയ മര്‍ദ്ദനത്തിനോ രക്തസാക്ഷിത്വത്തിനോ വിധേയരായിത്തീര്‍ന്നു.

ഈശോയുടെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ പങ്കുചേരുന്ന വിശുദ്ധാത്മാക്കളുടെ ഓര്‍മ്മ ഉയിര്‍പ്പുകാലത്തെ ആദ്യവെള്ളിയാഴ്ചയില്‍ തന്നെ അനുസ്മരിക്കുന്നത് കാലത്തിന്റെ ചൈതന്യത്തിന് വളരെയധികം ചേരുന്നതാണ്.

പേര്‍ഷ്യന്‍ രാജാവായിരുന്ന സാപ്പോര്‍ രണ്ടാമന്‍ എ.ഡി. 341- ലെ പീഡാനുഭവ വെള്ളിയാഴ്ച സെലൂഷ്യായിലെ കാതോലിക്കോസായിരുന്ന സൈമണ്‍ ബര്‍സബായെയും മറ്റുചില മെത്രാന്മാരെയും വധിക്കുകയുണ്ടായി. പീഡാനുഭവ വെള്ളിയാഴ്ച കര്‍ത്താവിന്റെ പീഡാനുഭവ സ്മരണാദിനമായതിനാല്‍ ഉയിര്‍പ്പു തിരുനാളിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ച തന്നെ ഈശോയെ അടുത്തനുകരിച്ച ഈ വിശുദ്ധാത്മാക്കളുടെ ഓര്‍മ്മ പൗരസ്ത്യസഭയില്‍ ആചരിക്കുവാന്‍ തുടങ്ങി. അങ്ങനെയാണ് സകല വേദസാക്ഷികളുടെയും തിരുനാള്‍ ഉയിര്‍പ്പുകാലത്തെ ആദ്യ വെള്ളിയാഴ്ചയില്‍ തന്നെ സ്ഥാനം പിടിച്ചത്.

ഉത്ഥിതനായ ഈശോയിലുള്ള അചഞ്ചലമായ വിശ്വാസം തങ്ങളുടെ ജീവിതംകൊണ്ട് ഏറ്റുപറഞ്ഞവരാണ് വേദസാക്ഷികള്‍ അഥവാ മൗദ്യാനന്മാര്‍. അവരെ അനുസ്മരിക്കുന്ന ഇന്നേദിവസം നമുക്കും മിശിഹായുടെ കാലടികളെ ധീരതയോടെ അനുഗമിക്കാം.

ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍