കർത്താവിന്റെ ഉയിർപ്പ് തിരുന്നാൾ

പൂർവ്വപിതാവായ ജോസഫിനെ അവന്റെ സഹോദരരുടെ പക മൂലം ഈജിപ്തുകാർക്ക് വിറ്റപ്പോൾ അവർ കരുതി, ജോസഫ് എന്ന ശത്രുവിന്റെ ജീവിതം അതോടെ അവസാനിച്ചു എന്ന്. വിജാതീയ ദൈവത്തെ ആരാധിക്കാൻ, ഏകദൈവ വിശ്വാസിയായ ദാനിയേലിനെ സിംഹക്കുഴിയിലേക്ക് എറിഞ്ഞപ്പോൾ രാജാവ് കരുതി അവന്റെ ജീവിതം ഇതോടെ അവസാനിച്ചു എന്ന്. ശാരീരിക-ഭൗതിക സൗഭാഗ്യങ്ങളെല്ലാം നശിച്ചപ്പോൾ ജോബിനെ പരിഹസിച്ചവരെല്ലാം കരുതി അവന്റെ ജീവിതം ഇതോടെ അവസാനിച്ചു എന്ന്.

വത്തിക്കാന്റെ വധക്കുന്നിൽ തലകീഴായി വധിക്കപ്പെടാൻ നിന്നുകൊടുത്ത പത്രോസ് ശ്ലീഹാ, റോമാ നഗരത്തിൽ നീറോ ചക്രവർത്തിയുടെ വിളനിരയാവാൻ കാത്തുനിന്ന പൗലോസ് ശ്ലീഹാ, ഹോറോദേസിന്റെ വാളിനിരയായ യാക്കോബ് ശ്ലീഹാ, തെരുവിൽ കെട്ടിനിർത്തി പത്തലു കൊണ്ട് അടിച്ചുകൊല്ലപ്പെട്ട മത്തായി ശ്ലീഹാ, കുതിരവണ്ടിയിൽ കെട്ടിവലിച്ച് ശരീരത്തിലെ തൊലി മുഴുവൻ തെരുവീഥികളിൽ ഉരിഞ്ഞുമാറ്റപ്പെട്ട ശേഷം തിളച്ച എണ്ണയിൽ എറിയപ്പെട്ട മർക്കോസ് സുവിശേഷകൻ, കുന്തമെറിഞ്ഞ് കൊല്ലപ്പെട്ട തോമാശ്ലീഹാ…

വത്തിക്കാന്റെ തെരുവീഥികളിൽ വഴിവിളക്കായി കത്തിച്ചുനിർത്തിയ ആദിമ ക്രിസ്ത്യാനികൾ, വിശന്നുവലഞ്ഞ സിംഹങ്ങൾക്ക് ആഹാരമായിത്തീർന്ന ആദിമ സഭാമക്കൾ…

സഭ എക്കാലവും രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെടുന്നു.

“അവര്‍ പോയി കല്ലിനു മുദ്രവച്ച്‌, കാവല്‍ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി” (മത്തായി 27:66). കുരിശിൽ തറച്ചു കൊലപ്പെടുത്തി കല്ലറക്കുള്ളിൽ കബറടക്കി കവാടത്തിൽ കല്ല് ഉരുട്ടിവച്ചപ്പോൾ അവര്‍ അറിഞ്ഞില്ല, മൂന്നാം ദിനം കല്ലറ ഭേദിച്ച് അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന്. രണ്ടായിരത്തിലധികം വർഷങ്ങൾക്കിപ്പുറവും അവനു വേണ്ടി ഒരു ജനത ഉണർന്നെഴുന്നേൽക്കുമെന്ന്.

നമ്മുടെ കർത്താവിന്റെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ!

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.