ഹെറോദേസിന്റെ കിരീടം ധരിച്ച് ക്രിസ്തുമസ് സന്ദേശം നൽകിയ കഥ  

ഒരു ക്രിസ്തുമസ് പപ്പായിൽ  മാത്രമൊതുക്കാതെ, രക്ഷാകരചരിത്രത്തിലെ പല വേഷങ്ങളും അതിനായി ഉപയോഗിക്കണമെന്ന് കഴിഞ്ഞ വർഷംതന്നെ നിർദേശിച്ചിരുന്നു. യഥാർഥത്തിൽ അറിവില്ലാത്തവർക്ക് ക്രിസ്മസ് സന്ദേശം  നല്കാൻ അതാണ് കൂടുതൽ ഉപകാരപ്പെടുക. മഡഗാസ്ക്കറിലെ ക്രിസ്തുമസ് വിശേഷങ്ങൾ. 

ഇവിടെ മഡഗാസ്ക്കറിലെ ഞങ്ങളുടെ കുഞ്ഞുങ്ങളെയും വലിയവരെയും  സന്തോഷിപ്പിക്കാൻ, ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ 260 കിലോമീറ്റർ അകലെയുള്ള രൂപതാകേന്ദ്രത്തിൽനിന്നും കഴിഞ്ഞവർഷം രാത്രി കുർബാനയ്ക്ക്  ഞങ്ങളുടെ ബിഷപ്പ് എത്തിയിരുന്നു. ഈ വർഷവും ഞങ്ങൾക്ക് ഒരു അനുഗ്രഹം ലഭിച്ചു. ഞങ്ങൾക്കു പുതുതായി ലഭിച്ച മസ്യക്കാപ്പി ഗ്രാമത്തിൽ 25 -ാം തീയതി ക്രിസ്തുമസ് കുർബാന അർപ്പിക്കാൻ ക്ഷണിക്കാതെതന്നെ പരിവാരങ്ങളില്ലാതെ  എത്തിയത് ഞങ്ങളുടെ ഓക്സിലറി ബിഷപ്പ് ജീൻ നിക്കോള ആയിരുന്നു.

മഡഗാസ്ക്കറിൽ ക്രിസ്തുമസ് ആഘോഷങ്ങളുണ്ടെങ്കിലും കരോൾ നടത്തുന്നത് അത്ര കണ്ടിട്ടില്ല. ഇവിടെ ബെത്താലത്താല ഇടവകയിലെ എല്ലാ പള്ളികളിലും അതു നടത്തണമെന്ന് ആഹ്വാനംചെയ്തിരുന്നു. അപ്രകാരം നടക്കുകയും ചെയ്തു. ഒരു ക്രിസ്തുമസ് പപ്പായിൽ മാത്രമൊതുക്കാതെ, രക്ഷാകരചരിത്രത്തിലെ പല വേഷങ്ങളും അതിനായി ഉപയോഗിക്കണമെന്ന് കഴിഞ്ഞ വർഷംതന്നെ നിർദേശിച്ചിരുന്നു. യഥാർഥത്തിൽ അറിവില്ലാത്തവർക്ക് ക്രിസ്മസ് സന്ദേശം നല്കാൻ അതാണ് കൂടുതൽ ഉപകാരപ്പെടുക. അതുപ്രകാരം കഴിഞ്ഞ വർഷം ഞാനറിയാതെ തന്നെ, ഹെറോദേസിന്റെ കിരീടം ധരിച്ച് ക്രിസ്തുമസ് സന്ദേശം നൽകാൻ വഴിയിലിറങ്ങി. അത് രസകരമായ ഒരു സംഭവമായിരുന്നു.

ബെത്താലത്താല ഗ്രാമത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ നയിച്ചത് കുഞ്ഞുങ്ങളാണ്. ഇടവഴികളിലൂടെയും പറമ്പുകളിലൂടെയും അവർ ആട്ടിടയന്മാരെ തേടിയിറങ്ങിയ മാലാഖമാരെപ്പോലെ ഗാനങ്ങളാലപിച്ച് ഒഴുകിനീങ്ങി. പ്രാർഥന ശീലിക്കാത്ത മറ്റു കുഞ്ഞുങ്ങൾ വഴിയരികിൽ വാ പൊളിച്ചുനിന്ന് അത്  ആഘോഷമാക്കി. ഇതൊന്നും ഞങ്ങളെ ഏശില്ലെന്ന് മൗനമായി ഓതി, പാതവക്കിലിരുന്ന വലിയവരും ഒളികണ്ണിട്ടു നോക്കിരസിക്കുന്നതു കാണാമായിരുന്നു.

അകത്തിരുന്നു വിശ്വാസം പ്രസംഗിക്കുന്നതിനേക്കാൾ മഹത്തരം പുറത്തിറങ്ങി സാക്ഷ്യംനൽകുന്നതാണ്. അതല്ലേ ഉണ്ണീശോ വലുതായപ്പോൾ ചെയ്തത്, ശിഷ്യരെ തിരഞ്ഞെടുത്ത് അയച്ചത് അതിനായിരുന്നില്ലേ, അതുതന്നെയല്ലേ അസ്സീസിയിലെ ഭ്രാന്തൻ പുണ്യവാളൻ ചെയ്തതും.

പ്രായഭേദങ്ങളില്ലാതെ, ലിംഗവ്യത്യാസങ്ങളില്ലാതെ, സ്നാപകയോഹന്നാനെപ്പോലെ അയയ്ക്കപ്പെടാനും സത്യത്തിന് വഴിയൊരുക്കാനും സാക്ഷ്യംനൽകാനുമുള്ള വിളി  ഒരോ ക്രിസ്തുമസ് കാലത്തും നമുക്ക് നവീകരിക്കാം. അതിനായി ഉണ്ണീശോ പിറക്കേണ്ടത് പുറത്ത് പുൽക്കൂട്ടിലല്ല; നമ്മുടെ അകത്ത് ഹൃദയമിടിപ്പുകൾക്കുള്ളിലാണ്.

ഫാ. ജോൺസൺ തളിയത് CMI 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.