
നമ്മുടെ ആശയവിനിമയത്തിൽ വാക്കുകൾക്ക് മാത്രമല്ല, ശരീരഭാഷയ്ക്കും വലിയ പ്രാധാന്യമുണ്ട്. മുഖഭാവം, നേത്രസമ്പർക്കം, ശരീരഭാവം, കൈചലനങ്ങൾ എന്നിവ മറ്റുള്ളവരിൽ നല്ല മതിപ്പ് സൃഷ്ടിക്കുകയും വിശ്വാസം വളർത്തുകയും ചെയ്യുന്നു. ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പത്ത് നല്ല ശരീരഭാഷ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
1. ആത്മാർഥമായി പുഞ്ചിരിക്കുക
മുഖത്ത് സ്വാഭാവികമായ ഒരു പുഞ്ചിരി ഉണ്ടാകുന്നത് നമ്മെ കൂടുതൽ സൗഹൃദപരവും വിശ്വസനീയനുമായ വ്യക്തിയാക്കി മാറ്റും. ആത്മാർഥമായ പുഞ്ചിരി മറ്റുള്ളവരിൽ നല്ല ആദ്യ മതിപ്പ് സൃഷ്ടിക്കുകയും സംഭാഷണം കൂടുതൽ സുഖകരമാക്കുകയും ചെയ്യുന്നു.
2. സ്നേഹപൂർവമായ നേത്രസമ്പർക്കം നിലനിർത്തുക
സംസാരിക്കുന്ന വ്യക്തിയുമായി സ്വാഭാവികമായ നേത്രസമ്പർക്കം പുലർത്തുന്നത്, അവരെ ശ്രദ്ധയോടെ കേൾക്കുകയും അവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നുവെന്ന സന്ദേശമാണ് നൽകുന്നത്.
3. തലകുലുക്കി ശ്രദ്ധ കാണിക്കുക
മറ്റൊരാൾ സംസാരിക്കുമ്പോൾ ഇടയ്ക്കിടെ ചെറുതായി തലകുലുക്കുന്നത് അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന സന്ദേശം നൽകുന്നു.
4. ആത്മവിശ്വാസമുള്ള ശരീരഭാവം സ്വീകരിക്കുക
സംസാരിക്കുമ്പോൾ കൈകൾ മടക്കിപ്പിടിക്കാതെ സ്വാഭാവികമായ ശരീരഭാവം സ്വീകരിക്കുക. ശാന്തവും തുറന്നതുമായ ഈ നിലപാട് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും നമ്മെ കൂടുതൽ സൗഹൃദപരവും സമീപിക്കാൻ എളുപ്പമുള്ള വ്യക്തിയുമായി മറ്റുള്ളവർക്ക് തോന്നുകയും ചെയ്യും.
5. അല്പം മുന്നോട്ട് ചായുക
സംസാരിക്കുന്ന ആളിലേക്ക് ചെറുതായി മുന്നോട്ട് ചായുന്നത് താൽപര്യവും ശ്രദ്ധയും പ്രകടിപ്പിക്കുന്ന നല്ല ശരീര ഭാഷയാണ്. എന്നാൽ അമിതമായി മുന്നോട്ട് ചായുന്നത് ഒഴിവാക്കണം.
6. കൈചലനങ്ങളിലൂടെ ആശയം വ്യക്തമാക്കുക
സംസാരിക്കുമ്പോൾ ആശയങ്ങൾ വ്യക്തമാക്കാൻ സ്വാഭാവികമായ കൈചലനങ്ങൾ ഉപയോഗിക്കാം. ഇത് സംസാരത്തിന് വ്യക്തത നൽകും. എന്നാൽ അമിതമായ കൈചലനങ്ങൾ ശ്രദ്ധ തിരിക്കാനിടയാക്കും.
7. ആശയവിനിമയത്തിൽ പൊരുത്തം വളർത്തുക
സംസാരിക്കുന്ന വ്യക്തിയുടെ സംസാരരീതിയും ശരീരഭാവവും ശ്രദ്ധിച്ച് അതിനോട് സ്വാഭാവികമായി പൊരുത്തപ്പെടാൻ ശ്രമിക്കുക. ഇത് സംഭാഷണത്തിൽ കൂടുതൽ സൗഹൃദവും പരസ്പര അടുപ്പവും വളർത്താൻ സഹായിക്കും.
8. സാഹചര്യത്തിന് അനുയോജ്യമായി ഹസ്തദാനം ചെയ്യുക
ഹസ്തദാനം പതിവുള്ള സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ, എന്നാൽ സൗമ്യമായി ഹസ്തദാനം ചെയ്യുക. മറ്റേയാളുടെ സംസ്കാരവും വ്യക്തിപരമായ സൗകര്യവും എപ്പോഴും മാനിക്കണം.
9. വ്യക്തിപരമായ അകലം മാനിക്കുക
നല്ല ശരീരഭാഷയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് വ്യക്തിപരമായ അകലം മാനിക്കുന്നത്. വളരെ അടുത്ത് നിൽക്കുകയോ സംസാരിക്കുകയോ ചെയ്യാതെ, സാഹചര്യത്തിന് അനുയോജ്യമായ അകലം പാലിക്കുന്നത് മറ്റേയാൾക്ക് കൂടുതൽ ആശ്വാസം നൽകും. ഇത് പരസ്പര ബഹുമാനവും നല്ല ആശയവിനിമയവും നിലനിർത്താൻ സഹായിക്കും.
10. ശ്രദ്ധയും സഹാനുഭൂതിയും മുഖത്ത് പ്രകടിപ്പിക്കുക
മറ്റൊരാൾ സംസാരിക്കുമ്പോൾ മുഖഭാവത്തിലൂടെ അവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നുവെന്ന് കാണിക്കുക. ചെറിയ പുഞ്ചിരിയോ അനുയോജ്യമായ മുഖഭാവമോ സംഭാഷണത്തെ കൂടുതൽ ആത്മാർഥമാക്കും.
നല്ല ശരീരഭാഷ ആശയവിനിമയത്തെ കൂടുതൽ ഫലപ്രദമാക്കുകയും ആളുകളുമായി നല്ല ബന്ധങ്ങൾ വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. ആത്മാർഥമായ പുഞ്ചിരി, സ്വാഭാവികമായ നേത്രസമ്പർക്കം, ശ്രദ്ധയോടെ കേൾക്കുന്ന ശീലം തുടങ്ങിയ ചെറിയ മാറ്റങ്ങൾ പോലും വലിയ സ്വാധീനം സൃഷ്ടിക്കും. ഈ നല്ല ശീലങ്ങൾ പതിവാക്കിയാൽ നമ്മൾ കൂടുതൽ ആത്മവിശ്വാസമുള്ള വ്യക്തിയായി മറ്റുള്ളവർക്ക് അനുഭവപ്പെടും.
വിവർത്തനം: ഡിൻസി തോമസ്




