
ജൂൺ 12-ന്, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽപ്പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നു. ദാഹാവ് തടങ്കൽപ്പാളയം സ്ഥിതിചെയ്യുന്ന ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിംഗ് അതിരൂപതയാണ് 2017 മുതൽ ജൂൺ 12-ന് ദാഹാവിലെ രക്തസാക്ഷികളുടെ ഓർമ്മദിനം അനുസ്മരിച്ചുതുടങ്ങിയത്.
1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടുലക്ഷത്തോളം രാഷ്ടീയതടവുകാരെയാണ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യത്തെ തടങ്കൽപ്പാളയത്തിൽ പാർപ്പിച്ചിരുന്നത്. അവരിൽ 41,500 പേർ ജയിൽവാസത്തിനിടയിൽ മരിക്കുകയോ, കൊലചെയ്യപ്പെടുകയോ ഉണ്ടായി. ദാഹാവ് തടങ്കൽപ്പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. ‘വൈദിക ബ്ലോക്ക്’ (Pfarrerblock) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദിക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു; അതിൽത്തന്നെ പോളണ്ടിൽനിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും. തടങ്കൽപ്പാളയത്തിലെ 2,720 വൈദികരിൽ 1,780 പേർ പോളണ്ടുകാരായിരുന്നു. അവരിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. 447 വൈദികർ ജർമ്മനി, ഓസ്ട്രിയ എന്നിവടങ്ങളിൽനിന്നായിരുന്നു. അവരിൽ 94 പേർ മരണത്തിനു കീഴടങ്ങി.
ദാഹാവിൽ മരണമടഞ്ഞ 200 പേരെ കത്തോലിക്കാ സഭ രക്തസാക്ഷികളായി ആദരിക്കുന്നു. കാരണം, അവരുടെ മരണം ക്രിസ്തുവിശ്വാസത്തിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു. അവരിൽ ഇതുവരെ 57 പേരെ സഭ ഓദ്യോഗികമായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. അവരിൽ പുരോഹിതർ, സന്യസ്തർ, അത്മായസഹോദരങ്ങൾ എന്നിവർ ഉൾപ്പെടുന്നു.
പോളണ്ടിലെ 108 രക്തസാക്ഷികൾ
1999 ജൂൺ 13-ന് ഹിറ്റ്ലറിന്റെ നാസി ഭരണത്തിൻകീഴിൽ രക്തസാക്ഷിത്വം വരിച്ച 108 പോളിഷ് രക്തസാക്ഷികളെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. ഇവരിൽ മൂന്ന് മെത്രാന്മാരും 79 വൈദികരും 7 സന്യാസ സഹോദരന്മാരും 8 സന്യാസിനിമാറും 11 അത്മായസഹോദരങ്ങളും ഉൾപ്പെടുന്നു. പോളിഷ് കത്തോലിക്കാ സഭ ജൂൺ 12-ന് ഈ വിശുദ്ധ രക്തസാക്ഷികളുടെ തിരുനാൾ ആഘോഷിക്കുന്നു. 108 രക്തസാക്ഷികളിൽ 45 പേർ ദാഹാവിൽനിന്നുള്ളവരായിരുന്നു.
ആറുമക്കളുടെ പിതാവും പോളിഷ് കാത്താലിക് ആക്ഷൻ മേധാവിയുമായിരുന്ന സ്റ്റനിസ്ലാവ് കോസ്റ്റക സ്റ്റാരൊവെയ്സകി അവരിൽ പ്രധാനിയാണ്. പോളണ്ടിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് മൈക്കൽ കോസൽ, ഫാ. സ്റ്റെഫാൻ വിൻസെന്റി ഫ്രെലിച്ചോവ്സ്കി ഇവരെ നേരത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.
ഹോളണ്ടിൽനിന്നുള്ള കർമ്മീലാത്ത വൈദിക ടൈറ്റസ് ബ്രാൻഡ്സമ, ടൂറിനിൽനിന്നുള്ള ഡൊമിനിക്കൻ സഭാഗം ഗ്യൂസെപ്പേ ഗിരോട്ടി, ആസ്ട്രിയയിൽനിന്നുള്ള കാൾ ലാംപെർട്ട്, ഓട്ടോ നൊയ്ററർ, പ്രാഗിൽനിന്നുള്ള ഗെർഹാർഡ് ഹിർഷ്ഫെൽഡർ, ജർമ്മൻകാരായ എങ്കൽമാർ ഉൺസൈറ്റിങ്ങ്, കാൾ ലെയ്സ്നർ, ജോർജ് ഹേഫ്നർ എന്നിവരും ദാഹാവിൽ ക്രിസ്തീയവിശ്വാസത്തിനു വിരോചിതമായ സാക്ഷ്യംനൽകി ജീവിച്ചവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടവരുമാണ്.
വി. ടൈറ്റസ് ബ്രാൻഡ്‌സ്മ: ദാഹാവ് നാസി തടങ്കൽപ്പാളയത്തിലെ പ്രഥമ വിശുദ്ധൻ
ഹോളണ്ടുകാരനായ കർമ്മലീത്താ വൈദികൻ ടൈറ്റസ് ബ്രാൻഡ്‌സ്മയെ (1881-1942) 2022 മെയ് പതിനഞ്ചാം തീയതി ഫ്രാൻസിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതുവഴി വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ദാഹാവിലെ ആദ്യ രക്തസാക്ഷിയായി ടൈറ്റസച്ചൻ മാറി. 1985-ലാണ് ടൈറ്റസച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ജൂലൈ 27-നാണ് അദ്ദേഹത്തിന്റെ ഓർമ്മദിനം.
ഡാച്ചൗവിൽ മാരകമായ കുത്തിവയ്‌പ്പിനെ തുടർന്നാണ് ബ്രാൻഡ്‌സ്മ മരിച്ചത്. ഹോളണ്ടുകാരനായ ടൈറ്റസ് ബ്രാൻഡ്‌സ്‌മ, ആരംഭംമുതലേ നാസികളുടെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു. 1941 നവംബറിൽ നാസി ഭരണകൂടം കത്തോലിക്കാ മാധ്യമങ്ങളെ നിയന്ത്രിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം അതിനെ എതിർക്കുകയും നാസി ഭരണകൂടഭീകരതയ്ക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തു.
അധികം താമസിയാതെ അദ്ദേഹം നാസികളുടെ കരിമ്പട്ടികയിൽ ഇടംനേടി. 1942 ജനുവരി 19-ന് ഹോളണ്ടിലെ നിജ്മെഗനിലെ കർമ്മലീത്തൻ ആശ്രമത്തിൽവച്ച് നാസി പട്ടാളം ടൈറ്റസച്ചനെ അറസ്റ്റുചെയ്തു. നിരവധി ജയിലുകളിലെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ആ കർമ്മലീത്താ വൈദികനെ 1942 ജൂലൈ 26-ന് ദാഹാവ് തടങ്കൽപ്പാളയത്തിൽവച്ച് മാരകമായ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. യഹൂദരെ നാടുകടത്തുന്നതിനെതിരെ നാസി ഭരണകൂടത്തെ വിമർശിച്ചുകൊണ്ടുള്ള ഹോളണ്ടിലെ മെത്രാന്മാരുടെ കത്ത് പള്ളികളിൽ വായിക്കുന്ന ദിവസമായിരുന്നു അത്.
സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന പത്രപ്രവർത്തകർക്കുള്ള നല്ല മാതൃകയാണ് ടൈറ്റസച്ചൻ.
ദാഹാവിലെ മാലാഖ: എങ്കൽമാർ ഉൺസൈറ്റിങ്ങ്
‘ദഹാവിലെ മാലാഖ’ (Angel of Dachau) എന്നാണ് ഫാ. എങ്കൽമാർ ഉൺസൈറ്റിങ്ങ് (Fr. Engelmar Unzeitig) അറിയപ്പെട്ടിരുന്നത്. ദാഹാവിലെ നാസി തടങ്കൽപ്പാളയത്തിൽ ടൈഫോയിഡ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചിരുന്ന സമയത്ത് ആ അസുഖം ബാധിച്ചാണ് ഫാ. എങ്കൽമാർ മരണത്തിനു കീഴടങ്ങിയത്.
1911 മാർച്ച് ഒന്നിന് ചെകോസ്ലോവാക്യയിലാണ് എങ്കൽമാർ അച്ചൻ ജനിച്ചത്. ഹ്യൂബർട്ട് എന്നായിരുന്നു കുട്ടിക്കാലത്തെ നാമധേയം. ഹ്യൂബർട്ടിന് അഞ്ചുവയസുള്ളപ്പോൾ 1916-ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യൻ തടങ്കൽപ്പാളയത്തിൽവച്ച് പിതാവ് മരണമടഞ്ഞു. പിന്നീട് അമ്മയാണ് ആറു മക്കളെ ഒറ്റയ്ക്കു വളർത്തിയത്.
ഒരു മിഷനറി ആകണമെന്ന തീവ്രമായ ആഗ്രഹത്താൽ പതിനേഴാമത്തെ വയസിൽ Missionary Order of Mariannhill (Congregatio Missionarium de Mariannhill CMM) എന്ന സന്യാസ സഭയിൽ ചേർന്നു. എങ്കൽമാർ എന്ന സഭാനാമം സ്വീകരിച്ചു. തത്വശാസ്ത്രവും ദൈവശാസ്ത്രവും വ്യൂർസ്ബുർഗിൻ പഠിച്ച എങ്കൽമാർ 1939-ൽ പുരോഹിതനായി അഭിഷിക്തനായി. തന്റെ പൗരോഹിത്യജീവിതത്തിലെ ആകെയുള്ള ആറുവർഷങ്ങളിൽ നാലും ചെലവഴിച്ചത് ദാഹാവിലെ നാസി തടങ്കൽപ്പാളയത്തിലാണ്. മനുഷ്യനെക്കാൾ കൂടുതൽ ദൈവത്തെയാണ് അനുസരിക്കേണ്ടത് എന്നതായിരുന്നു എങ്കൽമാറച്ചന്റെ വിശ്വാസപ്രമാണം.
ഹിറ്റ്ലറിന്റെ നയങ്ങൾക്കെതിരെ യഹൂദജനതയെ സംരക്ഷിച്ചു എന്ന കാരണത്താൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എങ്കൽമാറച്ചനെ ദാഹാവിലെ നാസി കോൺസൻട്രേഷൻ ക്യാമ്പിലടച്ചത്.
തടവറയും ഒരു പ്രേഷിതവയലായാണ് പുരോഹിതർ കണ്ടിരുന്നത്. ആത്മീയോപദേശങ്ങൾ നൽകിയും കൂദാശകൾ രഹസ്യമായി പരികർമ്മം ചെയ്തും എല്ലാറ്റിനുമുപരിയായി ഒപ്പം സഹിച്ചും അവർ ക്രിസ്തുവിനു സാക്ഷ്യംനൽകി.
റഷ്യൻ തടവുകാരുടെ കാര്യത്തിൽ എങ്കൽമാറച്ചൻ അതീവശ്രദ്ധ വച്ചിരുന്നു. അവരുമായുള്ള സമ്പർക്കത്തിലൂടെ റഷ്യൻ ഭാഷ പഠിക്കാനും അതുവഴി അവരെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്താനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
1944 അവസാനം തടങ്കൽപ്പാളയത്തിൽ ടൈഫോയിഡ് പനി പടർന്നുപിടിച്ചു. ശുശ്രൂഷയ്ക്കായി 20 വൈദികർ സ്വയം സന്നദ്ധരായി. രോഗം ബാധിച്ച്, ശരാശരി 100 മരണമെങ്കിലും ദിവസവും ഉണ്ടായിരുന്നു. വി. മാക്സിമില്യൻ കോൾബയെപ്പോലെ മരണത്തെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് എങ്കൽമാറച്ചനും മറ്റു വൈദികരും ശുശ്രൂഷയ്ക്കായി സന്നദ്ധരായത്.
ഒരു സഹവൈദികൻ തന്റെ ഓർമ്മ പങ്കുവയ്ക്കുന്നു:
“എങ്കൽമാറച്ചൻ നൽകിയ സഹായങ്ങൾ അദ്ദേഹത്തിന്റെ ശുശ്രൂഷാപൗരോഹിത്യത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ഫലങ്ങളായിരുന്നു. അവന്റെ പാവപ്പെട്ട അജഗണങ്ങളുംടെ കുമ്പസാരം അവൻ സന്തോഷപൂർവം കേട്ടു. സ്വസിദ്ധമായ ശാന്തതകൊണ്ടും അലിവുകൊണ്ടും അവരുടെ കഷ്ടതകളിൽ സമാശ്വാസം നൽകി. സമയവും നിസ്വാർഥമായ ശുശ്രൂഷയും മാത്രമല്ല അവൻ നൽകിയത്, പൗരോഹിത്യസ്നേഹം മുഴുവനായി തന്റെ പ്രിയപ്പെട്ടവർക്കു പകർന്നുനൽകി. മരണം അവന്റെ ജീവൻ കവർന്നെടുക്കുംവരെ അതായിരുന്നു അവന്റെ ലക്ഷ്യം.”
പ്രതികൂലസാഹചര്യങ്ങളിലും ക്രിസ്തീയവിശ്വാസത്തിന് സ്വജീവിതംകൊണ്ടു സാക്ഷ്യംനൽകിയ ദാഹാവിലെ രക്തസാക്ഷികളും 108 പോളിഷ് രക്തസാക്ഷികളും ക്രിസ്തുവിനു സാക്ഷ്യംവഹിക്കാൻ നമുക്കു പ്രചോദനമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS




