ലിയുബോവ് പ്ലാക്സിയുക്ക്: അമ്മ | അധ്യാപിക | ഉക്രൈൻ സൈനിക യൂണിറ്റ് മേധാവി

ലിയുബോവ് പ്ലാക്സിയുക്ക് എന്ന പേര് ഉക്രേനിയക്കാർക്ക് ഇന്ന് വളരെ പരിചിതമാണ്. അധ്യാപികയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന പ്ലാക്സിയുക്ക്, തന്റെ മാതൃരാജ്യത്തിനു വേണ്ടി പോരാടാനുറച്ച് യുദ്ധമുന്നണിയിലേക്ക് ഇറങ്ങിയപ്പോൾ, അത് നടക്കാതെ പോയ ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും കൂടിയായിരുന്നു. ഇന്ന് അവൾ ഉക്രൈനിലെ സായുധസേനാ യൂണിറ്റിന്റെ ആദ്യത്തെ വനിതാ മേധാവിയാണ്.

ലെഫ്റ്റനന്റ് പ്ലാക്സിയുക്ക് എന്ന പെൺകുട്ടി ചെറുപ്പത്തിൽ ഒരു പട്ടാളക്കാരിയാകാൻ ആഗ്രഹിച്ച വ്യക്തിയാണ്. എന്നാൽ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് തന്റെ സ്വപ്‍നം അവൾക്ക് ഉപേക്ഷിക്കേണ്ടിവന്നു; പകരം ചരിത്രം പഠിച്ച് അധ്യാപികയായി. ഏഴ് വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് പ്ലാക്സിയുക്ക്.

ഉക്രൈനിൽ യുദ്ധം ആരംഭിച്ചപ്പോൾ, തന്റെ രാജ്യം സംരക്ഷിക്കുക എന്ന തന്റെ ബാല്യകാല ലക്ഷ്യം തിരിച്ചറിഞ്ഞുകൊണ്ട് അവൾ സായുധസേനയിൽ ചേർന്നു. ഉക്രേനിയൻ സൈനിക യൂണിറ്റിനെ നിയന്ത്രിക്കുന്ന ആദ്യവനിത എന്ന നിലയിൽ അവർ ചരിത്രത്തിന്റെ തന്നെ ഭാഗമായി. തന്റെ മാതൃരാജ്യത്തിനു വേണ്ടിയുള്ള പ്ലാക്സിയുക്കിന്റെ ധീരമായ നിലപാട് ജോവാൻ ഓഫ് ആർക്കിനെപ്പോലുള്ള വിശുദ്ധന്മാർ പ്രകടിപ്പിച്ച ധൈര്യത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഒരു സൈനിക യൂണിറ്റിന്റെ തലവനാകുന്നത് അസാധാരണമായ നേതൃത്വം ആവശ്യപ്പെടുന്ന ജോലിയാണ്.

എന്തായാലും അവൾ ചരിത്രം പഠിച്ചത് വെറും യാദൃശ്ചികമായിരുന്നില്ല. ചരിത്രം പഠിക്കുന്നതും യുദ്ധവും സൈനികതന്ത്രവും മനസിലാക്കുന്നതും തമ്മിൽ അത്രയേറെ ബന്ധമുണ്ട്. ഉക്രേനിയൻ, റഷ്യൻ ചരിത്രത്തെക്കുറിച്ചുള്ള അവളുടെ അറിവ് ഈ പോരാട്ടത്തിൽ അവളുടെ ശക്തമായ നിലപാടിനെ വെളിപ്പെടുത്തുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.