
നമ്മുടെ വിശ്വാസയാത്രയിൽ നമ്മെ അനുഗമിക്കുന്നതിനും ആത്മീയവും ശാരീരികവുമായ ഉപദ്രവങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും ഈ കാവൽ മാലാഖമാർ നമ്മെ സഹായിക്കുന്നുണ്ട്. എങ്കിലും, അവർ അവിടെ ഉണ്ടെന്ന കാര്യം നാം പലപ്പോഴും മറക്കുന്നു, നമ്മുടെ ആവശ്യമുള്ള സമയങ്ങളിൽ അവർ നൽകിയ സഹായത്തിന് അപൂർവമായി മാത്രമേ നാം നന്ദിപറയാറുള്ളൂ. എങ്കിലും കാവൽ മാലാഖമാരുടെ തിരുനാൾ ദിനത്തിൽ ഈ പ്രാർഥന ചൊല്ലുന്നത് നന്നായിരിക്കും.
“ഏറ്റവും വിശ്വസ്തനായ എന്റെ സുഹൃത്തേ, പ്രിയ കാവൽ മാലാഖായെ, എന്നെ കാത്തുസൂക്ഷിക്കാനും എന്റെ വഴികാട്ടിയും എന്റെ സംരക്ഷകനുമായി, എന്റെ അരികിലായിരിക്കാൻ ദൈവം അങ്ങയെ നിയോഗിച്ചിട്ടുണ്ടല്ലോ. നിന്റെ സ്നേഹത്തിനും സ്ഥിരതയ്ക്കും സംരക്ഷണത്തിനും ഞാൻ എങ്ങനെ നന്ദി പറയും. അങ്ങ് എന്റെ ഉറക്കത്തിൽ എന്നെ നിരീക്ഷിക്കുന്നു; എന്റെ ദുഃഖങ്ങളിൽ ആശ്വസിപ്പിക്കുന്നു; എന്റെ വീഴ്ചകളിൽ എന്നെ കരംപിടിച്ചെഴുന്നേൽപ്പിക്കുന്നു; അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നു; ഭാവിയിലേക്ക് എന്നെ ഒരുക്കുന്നു, പാപങ്ങളിൽ വീഴാതെ എന്നെ കാത്തുപരിപാലിക്കുന്നു; നല്ലതു ചെയ്യാൻ പ്രേരിപ്പിക്കുന്നു; അനുതപിക്കാനും മുന്നോട്ടുപോകാനും എന്നെ സഹായിക്കുന്നു;
അങ്ങയുടെ സഹായത്തിന് ഞാൻ നിരുപാധികം നന്ദി പറയുന്നു, അതോടൊപ്പം അങ്ങയുടെ സാന്നിധ്യം ഞാൻ ഒരിക്കലും മറക്കാൻ ഇടവരാതിരിക്കട്ടെ. എന്റെ പ്രതികൂല സാഹചര്യങ്ങളിൽ എനിക്ക് താങ്ങായിരിക്കുന്നത് തുടർന്നുകൊണ്ടിരിക്കുക. അപകടങ്ങളിൽനിന്നും എന്നെ സംരക്ഷിക്കേണമേ; പ്രലോഭനങ്ങളിൽ എന്നെ സഹായിക്കേണമേ. എന്റെ എല്ലാ പ്രാർഥനകളും നെടുവീർപ്പുകളും പ്രവൃത്തികളും ദൈവികമഹത്വത്തിനു സമർപ്പിക്കാൻ യോഗ്യമാക്കേണമേ, ദൈവവുമായുള്ള സൗഹൃദത്തിൽ മരിക്കാനും അങ്ങനെ നിത്യമായ ജീവിതത്തിലേക്കു പ്രവേശിക്കാനുമുള്ള കൃപ എനിക്ക് നൽകേണമേ. ആമ്മേൻ.”




