
അടുത്ത കാലത്തായി വളരെയധികം കഷ്ടതകൾ നേരിട്ട ഒരു രാജ്യമായ ലെബനോനിലേക്ക് ഒരിക്കൽ കൂടി ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കപ്പെടുന്നു. ഇറാൻ പിന്തുണയുള്ള മിലീഷ്യ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആയിരക്കണക്കിനാളുകൾക്ക് അവരുടെ സ്വന്തം ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ‘വിശുദ്ധ നാട്’ ഉൾപ്പെടുന്ന രാജ്യമാണ് ലെബനോൻ. ഈയൊരു സാഹചര്യത്തിൽ ലെബനോനിലെ ക്രൈസ്തവരെക്കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങൾ ചുവടെ ചേർക്കുന്നു:
1. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ലെബനോൻ
ലെബനനിലെ ജനസംഖ്യയിൽ കൂടുതലും ക്രിസ്ത്യാനികളാണ് ഉള്ളത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ളത് സൈപ്രസിലാണ്, അതുകഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ലെബനോൻ. സി. ഐ. എ. വേൾഡ് ഫാക്‌ട്ബുക്കിൽ 2020-ലെ കണക്ക് പ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ 32.4% ക്രിസ്ത്യാനികളാണ്. ഏറ്റവും കൂടുതലുള്ളത് ക്രിസ്ത്യൻ ഗ്രൂപ്പായ മരോനൈറ്റ് കത്തോലിക്കരാണ്, ഏകദേശം 21%. ഗ്രീക്ക്, സിറിയക്, കോപ്റ്റിക് ഓർത്തഡോക്സ് എന്നിവയുൾപ്പെടെ ചെറിയ ഗ്രൂപ്പുകളും ഉണ്ട്; ലാറ്റിൻ, കൽദായ, സിറിയക്, കോപ്റ്റിക്, മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റിലെ അംഗങ്ങളും ഇവിടെയുണ്ട്.
മുസ്ലീങ്ങൾ ലെബനോനിലെ ജനസംഖ്യയുടെ 67.8% പ്രതിനിധീകരിക്കുന്നു, 31.9% സുന്നി, 31.2% ഷിയാ, ചെറിയ ശതമാനം അലവികൾ, ഇസ്മാഈലികൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ജനസംഖ്യയുടെ 4.5% ആണ് ഡ്രൂസ്. ജൂതന്മാരും ബഹായികളും ബുദ്ധമതക്കാരും ഹിന്ദുക്കളും വളരെ ചെറിയ സംഖ്യകളാണുള്ളത്. ഹിസ്ബുള്ള ഒരു ഷിയാ മിലിഷ്യയാണ്.
2. ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു
സമീപ വർഷങ്ങളിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചു. രാഷ്ട്രീയ തർക്കങ്ങൾ പുരോഗതിയെ തടസ്സപ്പെടുത്തി. ഒപ്പം ലെബനോനിലെ കറൻസിയും തകർച്ചയിലാണ്. വിദേശത്ത് മെച്ചപ്പെട്ട ജീവിതം കണ്ടെത്താൻ കഴിയുന്ന വിദ്യാസമ്പന്നരും യോഗ്യതയുള്ളവരുമായ നിരവധി പ്രൊഫഷണലുകൾ നാടുവിടുന്നു. അവരിൽ പലരും ക്രിസ്ത്യാനികളാണ്. നാലുവർഷം മുമ്പ് ബെയ്റൂട്ട് തുറമുഖത്തുണ്ടായ ഒരു വലിയ സ്ഫോടനം ക്രിസ്ത്യൻ സമൂഹത്തെ സാരമായി ബാധിച്ചു. ഇക്കാരണങ്ങൾ എല്ലാംകൊണ്ട് ഇവിടെ ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുവരികയാണ്.
3. വിശുദ്ധ നാടിൻറെ ഭാഗമാണ് ലെബനോൻ
ജറുസലേമിൽ സോളമൻ രാജാവ് നിർമ്മിച്ച ദൈവാലയത്തിൽ ലെബനോനിലെ ദേവദാരുക്കൾ ഉപയോഗിച്ചിരുന്നു. കൂടാതെ ബൈബിളിൽ സങ്കീർത്തനങ്ങളിലും മറ്റ് കാവ്യാത്മക ഭാഗങ്ങളിലും ലെബനോൻ കടന്നുവരുന്നു. പഴയ നിയമം ലെബനോനെക്കുറിച്ചുള്ള പരാമർശങ്ങളാൽ നിറഞ്ഞിരിക്കുന്നു.
പുതിയനിയമത്തിൽ ലെബനനെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്ന് എഴുത്തുകാരിയായ കൊർണേലിയ ബി. ഹോൺ കുറിക്കുന്നു, എന്നാൽ സുവിശേഷകരായ മത്തായിയും മർക്കോസും പാലസ്തീനിന്റെ വടക്കുഭാഗത്തും അതിനപ്പുറമുള്ള പ്രദേശങ്ങളും ക്രിസ്തു സന്ദർശിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു പരാമർശിച്ച ടയറും സീദോനും ഇന്നും ലെബനൻ നഗരങ്ങളാണ്.
4. ആധുനിക ലെബനൻ സ്ഥാപിക്കുന്നതിന് ഒരു പ്രധാന പങ്ക് വഹിച്ചവരാണ് ക്രിസ്ത്യാനികൾ
ലെബനന്റെ പ്രസിഡന്റ് മിക്കപ്പോഴും ഒരു ക്രിസ്ത്യാനിയാണ്. 1943-ൽ ഫ്രാൻസ്, ലെബനന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയപ്പോൾ, സ്ഥിരമായ മറോണൈറ്റ് ഭൂരിപക്ഷം ഉറപ്പാക്കുന്ന അതിരുകൾ വരച്ച്, ഉറപ്പുനൽകുന്ന ഒരു ഭരണഘടന സ്ഥാപിക്കുന്നതിലൂടെ മറോണൈറ്റ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചു. 1975-ൽ പൊട്ടിപ്പുറപ്പെട്ട 15 വർഷം നീണ്ട ആഭ്യന്തരയുദ്ധം ഈ ക്രമീകരണത്തിന് ഭീഷണിയായി. താമസിയാതെ ക്രിസ്ത്യാനികൾ രാജ്യത്ത് ഭൂരിപക്ഷമായില്ല, കാരണം ആയിരക്കണക്കിന് മരോണൈറ്റുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നാടുവിട്ടു. അങ്ങനെ ലെബനന്റെ നിലനിൽപ്പ് അനിശ്ചിതത്വത്തിലായി.
ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും പാർലമെന്റ് അംഗത്വത്തിൽ ഒരു നിശ്ചിത അനുപാതത്തിൽ സംവരണം ചെയ്തിട്ടുണ്ട്. ലെബനൻ പാർലമെന്റിൽ 13 സീറ്റുകളുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് ഹിസ്ബുള്ള.
5. മരോനൈറ്റ് സഭ റോമുമായി സഹവർത്തിത്വത്തിലാണ്
ഫാ. റോബർസന്റെ അഭിപ്രായത്തിൽ, മരോനൈറ്റ് ചർച്ചിന്റെ ഉത്ഭവം നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. എട്ടാം നൂറ്റാണ്ടോടെ, മരോനൈറ്റ് സന്യാസിമാർ തങ്ങളുടെ അനുയായികളോടൊപ്പം ലെബനനിലെ വിദൂര പർവതങ്ങളിലേക്ക് നീങ്ങി. അവിടെ അവർ നൂറ്റാണ്ടുകളായി താരതമ്യേന ഒറ്റപ്പെട്ടിരുന്നു. കുരിശുയുദ്ധങ്ങൾ കാരണം, പന്ത്രണ്ടാം നൂറ്റാണ്ടിൽ മരോനൈറ്റ്സ് ലത്തീൻ സഭയുമായി ബന്ധപ്പെട്ടു. 1182-ൽ മുഴുവൻ മറോണൈറ്റ് രാഷ്ട്രവും റോമുമായുള്ള ഐക്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരോനൈറ്റ് ആരാധനാക്രമം പടിഞ്ഞാറൻ സിറിയൻ ഉത്ഭവമാണ്, എന്നാൽ ഇത് കിഴക്കൻ സിറിയൻ, ലാറ്റിൻ പാരമ്പര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അറബ് അധിനിവേശം മുതൽ ആരാധനക്രമം അറബിയിലാണ് കൂടുതലും.
6. ലെബനോനിൽ ഒരു സുപ്രധാന മതാന്തര സമ്മേളനം നടന്നു
കത്തോലിക്കാ സഭയും ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള ജോയിന്റ് ഇന്റർനാഷണൽ കമ്മീഷൻ 1980-ൽ സ്ഥാപിതമായതുമുതൽ നിരവധി രേഖകളും പ്രസ്താവനകളും പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ ഏഴാമത് പ്ലീനറി സെഷൻ 1993 ജൂണിൽ ലെബനനിലെ ബാലമണ്ട് സ്‌കൂൾ ഓഫ് തിയോളജിയിൽ നടന്നു.
7. സമീപകാലത്തെ മാർപാപ്പാമാർ ലെബനന്റെ പ്രാധാന്യത്തെ കൂടുതൽ പ്രകീർത്തിച്ചവരാണ്
ലെബനനിലുള്ള പരസ്പര ബന്ധങ്ങളുടെ താരതമ്യസ്ഥിരത കാരണം പലപ്പോഴും മിഡിൽ ഈസ്റ്റിന് മുഴുവൻ മാതൃകയായി ഉയർത്തിക്കാട്ടുന്ന രാജ്യമാണിത്. “ലെബനൻ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും കിഴക്കിനും പടിഞ്ഞാറിനും ബഹുസ്വരതയുടെ ഉദാഹരണവുമാണ്,” 15 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തോട് അടുത്ത് 1989-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു. 2020-ൽ, ഫ്രാൻസിസ് മാർപാപ്പ ലെബനനിൽ ഒരു സാർവത്രിക പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിനം പ്രഖ്യാപിച്ചു, ഈ പ്രദേശത്തെ എല്ലാ ക്രിസ്ത്യൻ നേതാക്കളെയും പ്രാർഥനാദിനത്തിനായി ഒന്നിച്ചുകൂടി. ലെബനൻ ഒരു’സന്ദേശം’ ആണെന്നും മിഡിൽ ഈസ്റ്റിൽ പ്രത്യേകവും പ്രധാനപ്പെട്ടതുമായ ഒരു ദൗത്യമുണ്ടെന്നും ജോൺ പോൾ രണ്ടാമന്റെ സ്ഥിരീകരണം ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു.
8. ഒരു മികച്ച രോഗശാന്തിയുടെ ആസ്ഥാനമാണ് ലെബനോൻ
അന്നായയിലെ സെന്റ് മാരോണിലെ ആശ്രമത്തിൽ താമസിച്ചിരുന്ന വിശുദ്ധ ചാർബെൽ മഖ്‌ലൂഫ്, രോഗശാന്തി തേടുന്നവരുടെ ശക്തമായ മദ്ധ്യസ്ഥനാണ്. 1898-ലെ ക്രിസ്തുമസ് രാവിൽ അദ്ദേഹം മരിച്ച ശേഷം അധികം താമസിയാതെ, അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുന്നത് കണ്ടു. പിന്നീട് മൃതദേഹം പുറത്തെടുത്തു പരിശോധിച്ചപ്പോൾ അത് അഴുകിയിട്ടില്ലെന്നു മനസിലായി. തീർഥാടകർ ചാർബെലിന്റെ ശവകുടീരത്തിലേക്ക് ഒഴുകാൻ തുടങ്ങി. നിരവധി രോഗശാന്തികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
9. ലെബനൻ നിരവധി അഭയാർഥികളെ സ്വീകരിച്ചിട്ടുണ്ട്
വിവിധ സംഘർഷങ്ങളിൽ നിന്നും പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള അഭയാർഥികളെ രാജ്യം സ്വീകരിച്ചിട്ടുണ്ട്. 2011-2015 കാലഘട്ടത്തിൽ സിറിയൻ അഭയാർഥികൾ ലെബനനിലെത്തി. അവർ 1.5 ദശലക്ഷത്തോളം പേർ ഉണ്ടായിരുന്നു. ലെബനനിലെ ക്രിസ്ത്യൻ പ്രദേശങ്ങളിൽ നിരവധി അഭയാർഥികൾ താമസിക്കുന്നുണ്ട്. പലസ്തീൻ അഭയാർഥികൾക്കും രാജ്യം ദീർഘകാലം ആതിഥ്യമരുളിയിട്ടുണ്ട്.
10. ലെബനനിൽ ഈ വർഷം എസ്തഫാൻ എൽ ഡൗഹിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി
2024 ഓഗസ്റ്റ് 2-ന് ലെബനനിലെ കത്തോലിക്കരുടെ സന്തോഷത്തിന്റെ ദിനമായിരുന്നു. 17-ാം നൂറ്റാണ്ടിലെ മരോനൈറ്റ് സഭയുടെ ഭാഗമായിരുന്ന എസ്തഫാൻ എൽ ഡൗഹിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ദിനമായിരുന്നു അന്ന്. മാർച്ച് 14-ന് ഇദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയ്ക്ക് കാരണമായ അത്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചു. 1630 മുതൽ 1704 വരെ ജീവിച്ചിരുന്ന പാത്രിയർക്കീസ് എൽ ഡൂയിഹി മരോനൈറ്റ് സഭയുടെ ചരിത്രത്തിലും വികാസത്തിലും വലിയ സ്വാധീനം ചെലുത്തി.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




