

ഫ്രാൻസിൽ നിന്നുള്ള ഒരു വിജ്ഞാനകോശ രചയിതാവും ചരിത്രകാരനും ആയിരുന്നു ലെയോൺ രൂപതയിലെ വൈദികനായിരുന്ന ലൂയിസ് മൊറേറി. അദ്ദേഹത്തിന്റെ കൃതികൾ പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഭാഷാവളർച്ചയെ സഹായിക്കുകയും വിജ്ഞാനവ്യാപനത്തിന് സഹായിക്കുകയും ചെയ്തു. ആധുനിക രീതിയിൽ അക്ഷരമാലക്രമത്തിൽ വിജ്ഞാന കോശം തയ്യാറാക്കുകയും അത് എല്ലായിടത്തും ഉപയോഗിക്കപ്പെടുന്നതിനും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഇടയാക്കി. ഇരുപതിലധികം തവണ പുനഃപ്രസിദ്ധീകരിച്ച ഈ വിജ്ഞാനകോശം പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപ്പിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ലൂയിസ് മൊറേറി 1643 മാർച്ച് 25 ന് ഫ്രാൻസിലെ ബർഗെമോൻ നഗരത്തിൽ ജനിച്ചു. അദ്ദേത്തിന്റെ പിതാവ് അന്തോണിയോ മൊറേറി നിയമോപദേശകനും പ്രാദേശിക ഗവണ്മെന്റ് ഉദ്യോഗസ്ഥനുമായിരുന്നു. മാതാവ് ജെന്നി മാർട്ടിനാണ് ലൂയിസിനു പ്രാഥമിക വിദ്യാഭ്യാസം നൽകിയതും ക്രിസ്തീയ വിശ്വാസത്തിൽ വളർത്തിയതും. കുടുംബത്തിലെ അന്തരീക്ഷവും സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിന് ചെറുപ്പത്തിലേ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിന് കാരണമായി. ദ്രാഗുയിഞ്ഞൻ കോളേജിൽ ലത്തീൻ വ്യാകരണവും പ്രഭാഷണ കലയും തത്വശാസ്ത്രവും ദൈവശാസ്ത്രവും അദ്ദേഹം പഠിച്ചു. അധ്യാപകർ അദ്ദേഹത്തിന്റെ പഠനമികവ് ശ്രദ്ധിക്കുകയും കൂടെയുള്ളവരെ സഹായിക്കാൻ ലൂയിസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവിടുത്തെ പഠനം കഴിഞ്ഞപ്പോൾ ഐക്സ് എൻ പ്രോവെൻസ് നഗരത്തിലുള്ള ജെസ്വിട്ട് കോളേജിൽ എത്തുകയും മാനവിക വിഷയങ്ങൾ പഠിക്കുകയും ചെയ്തു. ഈ പഠനമാണ് പിന്നീട് വിജ്ഞാന കോശം രൂപപ്പെടുത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചത്.
ലൂയിസ് മൊറേറി ആവീഞ്ഞോൺ സർവകലാശാലയിൽ ധാർമ്മിക ദൈവശാസ്ത്രം, ബൈബിൾ, സഭാനിയമം തുടങ്ങിയ വിഷയങ്ങൾ പഠിക്കുകയും പഠിച്ച കാര്യങ്ങൾ നിയതമായ രീതിയിൽ എഴുതി തയാറാക്കുന്ന രീതി ആരംഭിക്കുകയും ചെയ്തു. ഈ നഗരം സഭയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നതിനാൽ ധാരാളം പണ്ഡിതന്മാരായ ഗുരുക്കന്മാർ ഇവിടുത്തെ സർവ്വകലാശാലയിൽ സേവനം അനുഷ്ഠിച്ചിരുന്നു. 1670-ലാണ് അദ്ദേഹം ലയോൺ രൂപതയിലെ വൈദികനായി അഭിഷിക്തനായത്. അതിനു ശേഷം രൂപതയിലെ വിവിധ ദേവാലയങ്ങളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു. പതിനേഴാം നൂറ്റാണ്ട് സഭയ്ക്ക് ദൈവശാസ്ത്രപരമായ നിരവധി വെല്ലുവിളികൾ ഉയർത്തിയ കാലഘട്ടമായിരുന്നു. പ്രോട്ടസ്റ്റന്റ് ചിന്താഗതികളെ പ്രതിരോധിക്കാൻ സാധിക്കുന്നത് ചരിത്രത്തെയും, ദൈവശാസ്ത്രത്തെയും, പാരമ്പര്യത്തെയും ശരിയായി അവതരിപ്പിച്ചുകൊണ്ടായിരിക്കണം എന്ന് ലൂയിസ് മൊറേറി ചിന്തിച്ചു. ഇതാണ് സർവ്വവിജ്ഞാനകോശം എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ആദ്യകാലങ്ങളിൽ അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാർഥികൾക്ക് അടുക്കും ചിട്ടയോടും കൂടി അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭത്തിന് അദ്ദേഹം മുതിർന്നത്. അതുവഴിയായി വിദ്യാർഥികൾ ധാരാളമായി ഈ പുതിയ രീതി അനുസരിച്ചു അടുക്കും ചിട്ടയോടും കൂടി പഠിക്കുന്നതിനിടയായി.
ലൂയിസ് മൊറേറിക്ക് ചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്ത ഗ്രന്ഥസമാഹാരം ‘ലെ ഗ്രാന്ത് ഡിക്ഷനറീ ഹിസ്റ്റോറിക്കേ’ ആണ്. 1674-ൽ തന്റെ മുപ്പത്തൊന്നാമത്തെ വയസ്സിലാണ് അദ്ദേഹം ഇത് പ്രസിദ്ധീകരിച്ചത്. ജീവചരിത്രം, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകൾ കൃത്യമായും സത്യസന്ധമായും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. അക്ഷരമാല ക്രമത്തിൽ അറിവ് പകർന്നു നൽകുന്ന ഈ വിജ്ഞാനകോശത്തിൽ ചരിത്ര വ്യക്തികൾ (രാജാക്കന്മാർ, മാർപാപ്പമാർ, വിശുദ്ധന്മാർ, പണ്ഡിതർ), ഭൂമിശാസ്ത്രം (പ്രദേശങ്ങൾ, നഗരങ്ങൾ, സംസ്ഥാനങ്ങൾ), വംശപരമ്പര, പ്രസിദ്ധ കുടുംബങ്ങൾ, മതസ്ഥാപനങ്ങൾ, ബൈബിൾ സംബന്ധ വിഷയങ്ങൾ, സാംസ്‌കാരിക വിഷയങ്ങൾ, ചരിത്ര സംഭവങ്ങൾ തുടങ്ങിയവ വിശദമായി വിവരിക്കുന്നു. തർക്കവിഷയങ്ങളിൽ അദ്ദേഹം ആധികാരികതയ്ക്കുവേണ്ടി പണ്ഡിതരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ ഈ ഗ്രന്ഥത്തിൽ ചേർക്കുകയും ചെയ്തു. ഈ ഗ്രന്ഥസമാഹാരം യൂറോപ്പിന്റെ ബൗദ്ധിക വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകിയിരിക്കുന്നത്. പണ്ഡിതർ, അധ്യാപകർ, പുരോഹിതർ, നയതന്ത്രജ്ഞർ തുടങ്ങിയവരൊക്കെ ഇത് വ്യാപകമായി ഉപയോഗിച്ചു. യൂറോപ്പിൽ അനേകർ അറിവിനായി ആശ്രയിക്കുന്ന ഒരു പ്രധാന ഗ്രന്ഥമായി ഇത് മാറി. പിന്നീട് വന്ന പല വിജ്ഞാനഗ്രന്ഥങ്ങൾക്കും ഇത് മാതൃകയായി ഭവിക്കുകയും ചെയ്തു. 1680 ജൂലൈ 10-ന് പാരീസിൽ വച്ച് തന്റെ മുപ്പത്താറാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




