വയോധികർക്കും മുതിർന്നവർക്കും വേണ്ടിയുള്ള ലോകദിനത്തിന്റെ തീയതി പ്രസിദ്ധീകരിച്ച് വത്തിക്കാൻ 

വയോധികർക്കും മുതിർന്നവർക്കും വേണ്ടിയുള്ള മൂന്നാം വാർഷിക ലോകദിനത്തിന്റെ തീയതിയും പ്രമേയവും വത്തിക്കാൻ ഏപ്രിൽ 13 -ന് പ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 23 ന്, യേശുവിന്റെ മുത്തശ്ശിമാരായ വി. അന്നയുടെയും വി. ജോവാക്കിമിന്റെയും തിരുനാളിന് മുമ്പുള്ള ഞായറാഴ്ചയാണ് വയോധികർക്കായുള്ള പ്രത്യേക ദിനം ആചരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ദിനാചരണത്തിന്റെ പ്രമേയം, ‘അവന്റെ കാരുണ്യം യുഗങ്ങളോളം’ എന്നതായിരിക്കും. അല്മായർ, കുടുംബം, ജീവിതം എന്നിവയ്‌ക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അഭിപ്രായത്തിൽ, 2023 ലെ ലോക യുവജന ദിനത്തിന്റെ പ്രമേയവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. “മറിയം എഴുന്നേറ്റു തിടുക്കത്തിൽ പോയി” എന്നതാണ് യുവജന ദിനത്തിന്റെ പ്രമേയം.

വയോധിക ദിനത്തോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരു പ്രത്യേക കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷത വഹിക്കുകയും ലോകമെമ്പാടുമുള്ള ഇടവകകൾ, രൂപതകൾ, അസോസിയേഷനുകൾ, കമ്മ്യൂണിറ്റികൾ എന്നിവയെ “അവരുടെ സ്വന്തം ഇടയ പശ്ചാത്തലത്തിൽ” ആഘോഷിക്കാൻ ക്ഷണിക്കുകയും ചെയ്തു.

86 വയസ്സുള്ള മാർപ്പാപ്പ, വാർദ്ധക്യത്തിന്റെ മഹനീയതയ്ക്കുവേണ്ടി വാദിക്കുകയും കത്തോലിക്കാ വിശ്വാസം കൈമാറുന്നതിൽ വയോജനങ്ങളുടെ പ്രധാന പങ്ക് പലപ്പോഴും ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. 2021-ൽ ആണ് മുതിർന്നവർക്കും പ്രായമായ മാതാപിതാക്കൾക്കും ആയുള്ള ഒരു പ്രത്യേക ദിനം പാപ്പാ സ്ഥാപിച്ചത്. കഴിഞ്ഞ വർഷത്തെ പ്രമേയം “വാർദ്ധക്യത്തിലും അവർ ഫലം കായ്ക്കും” എന്നതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.