വംശീയത അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്; കര്‍ദിനാള്‍ ടേര്‍ക്‌സണ്‍

ജൂണ് 3-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കറുത്തവര്‍ഗ്ഗക്കാരനും ആഫ്രിക്കയിലെ ഘാനാ സ്വദേശിയുമായ കര്‍ദ്ദിനാള്‍ ടേര്‍ക്‌സണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്: “ലോകത്ത് ധാരാളം രാജ്യങ്ങളില്‍ ഇനിയും വംശവിവേചനം നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വര്‍ണ്ണവിവേചനമാണ്. തദ്ദേശജനതകളെ വിവേചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളും നിരവധിയാണ്. മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്.”

അതിനാല്‍, ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന വ്യക്തിയുടെ മരണത്തെപ്രതിയുള്ള പ്രതിഷേധം വിപ്ലവകരമായി ദീര്‍ഘിപ്പിക്കാതെ സംവാദത്തിന്റെയും സമാധാനത്തിന്റെയും വഴികളിലൂടെ നീതിക്കും അവകാശങ്ങള്‍ക്കുമായി പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്‌സണ്‍ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ അന്തസ്സ് ദൈവത്തില്‍നിന്നു വരുന്നതാണ്. നാം അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ സകല മനുഷ്യരും തുല്യാന്തസ്സും അവകാശങ്ങളും ഉള്ളവരാണ്. ഈ ദൈവികാന്തസ്സും അവകാശവും നിലനിര്‍ത്തുകയെന്നതാണ് നമ്മുടെ കടമ. മൗലികമായ മനുഷ്യാന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്.

അമേരിക്കന്‍ നഗരങ്ങളിലെ പ്രതിഷേധപ്രകടനങ്ങള്‍ക്കു കാരണവും ഇതുതന്നെയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്‌സണ്‍ ചൂണ്ടിക്കാട്ടി. ലോകത്തെവിടെയും, ഇന്നും കറുത്തവരായതുകൊണ്ടു മാത്രം നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട്, പാര്‍ശ്വവത്ക്കരണവും തരംതാഴ്ത്തലും പീഡനങ്ങളും അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ മുറവിളിയാണ് അമേരിക്കയില്‍ കേള്‍ക്കുന്നതെന്ന് ദേശീയ മെത്രാന്‍സംഘം പ്രസ്താവിച്ചത് – കര്‍ദ്ദിനാള്‍ ടേര്‍ക്‌സണ്‍ ഉദ്ധരിച്ചു.

ഒരാളെ കൊല്ലുന്നത് മനുഷ്യാന്തസ്സിന് ഇണങ്ങിയ പ്രവൃത്തിയല്ല. അത് മാനവ കുടുംബത്തിനു തന്നെ ചേര്‍ന്നതല്ല. നീതിയ്ക്കായുള്ള കരച്ചിലുയരുമ്പോള്‍ വിശ്വമാനവികതയുടെ ദൈവികാന്തസ്സിനെക്കുറിച്ചുള്ള പുനര്‍നിര്‍വ്വചനവും വിവേകവുമാണ് ഇന്നത്തെ തലമുറയ്ക്കു നല്‍ കേണ്ടത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ചെയ്തത് അതാണ്, വിവേചനത്തിനെതിരെ അഹിംസയുടെയും സമാധാനത്തിന്റെയും വഴികളിലൂടെയുള്ള പ്രതിഷേധമായിരുന്നു കിങിന്റേത്. കാരണം, അഹിംസയുടെ മാര്‍ഗ്ഗത്തില്‍ ക്ഷമയും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്‌സണ്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.