കൃഷിഭൂമി, കൃഷിരീതി, കര്‍ഷകര്‍ എന്നിവയുടെ സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍

തദ്ദേശീയവും പരമ്പരാഗതവുമായ കൃഷിരീതികള്‍ സംരക്ഷിക്കപ്പെടണമെന്നും അതുമായി ബന്ധപ്പെട്ട അറിവുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടണമെന്നും ഐക്യരാഷ്ട്ര സഭയുടെ ഉച്ചകോടിയില്‍ കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍.

കൃഷിഭൂമികളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്ന തദ്ദേശീയവും പരമ്പരാഗതവുമായ രീതിയില്‍ കൃഷി ചെയ്യുന്ന ഉല്‍പാദകരെ പരിഗണിച്ച്, ഭക്ഷണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നും സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള റോമന്‍ കൂരിയ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍, ഭക്ഷ്യസംവിധാനങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു.

വാണിജ്യാടിസ്ഥാനത്തിലുള്ള പല കൃഷിസംവിധാനങ്ങളും പരമ്പരാഗത ഭക്ഷ്യസംവിധാനങ്ങള്‍ക്ക് ദോഷകരമാണ് എന്ന് ഹവായി, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള തദ്ദേശീയ ഭക്ഷ്യ ഉല്‍പാദനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഉദ്ധരിച്ച് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അഭിപ്രായപ്പെട്ടു.

2050 -ഓടെ ഭൂമിയില്‍ ഉണ്ടായേക്കുമെന്നു കരുതുന്ന 900 കോടിയോളം ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാകാനായി ഇപ്പോഴുള്ളതിന്റെ 50 ശതമാനത്തിലധികം ഭക്ഷണം ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം നടപ്പിലാക്കണമെങ്കില്‍ തദ്ദേശീയ ഭക്ഷ്യോത്പ്പാദക സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍ അഭിപ്രായപ്പെട്ടു. ഇതിനായി, ലോകത്തെല്ലായിടത്തു നിന്നുമുള്ള തദ്ദേശീയ-പരമ്പരാഗത അറിവുകള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നത് നടപ്പിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയ വിളകളുടെയും കൃഷിയുടെയും പുനസ്ഥാപനത്തിനും അഭിവൃദ്ധിക്കും പരമ്പരാഗത സാങ്കേതികവിദ്യകളുടെ ഉപയോഗം അടിസ്ഥാനപരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും വളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ ഉപയോഗത്തോടൊപ്പം വിദേശ ഇനങ്ങളെ കൊണ്ടുവരുന്നത് ഈ ഒരു വ്യവസ്ഥയെ തകരാറിലാക്കുമെന്നും ആഫ്രിക്കയിലെ പരമ്പരാഗത പ്രാദേശിക കൃഷിയുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.