അപൂര്‍വ്വരോഗങ്ങളുമായി ജീവിക്കുന്നവര്‍ സമൂഹത്തിലെ ഏറ്റം ബലഹീനര്‍: കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍

അപൂര്‍വ്വരോഗ ആഗോള ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍, അപൂര്‍വ്വ രോഗങ്ങള്‍ക്ക് ചികിത്സയില്ലാത്തതും തീരാവ്യാധികള്‍ ആയതിനാലും അവ പടിപടിയായി രോഗിയെ ക്ഷയിപ്പിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്യുന്നതും ഓരോരുത്തരിലും വിഭിന്നമായി പ്രവര്‍ത്തിക്കുന്നതും അവ കൂടുതല്‍ കുട്ടികളെ ബാധിക്കുന്നവയുമാണെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍. ഇവയ്ക്ക് തുടര്‍ച്ചയായി വിലയേറിയ ശുശ്രൂഷകള്‍ ആവശ്യമായി വരുകയും ചെയ്യുന്നുവെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു.

മതിയായ വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ കുറവ്

മതിയായ വൈദ്യശാസ്ത്ര വിജ്ഞാനം ഇത്തരം രോഗങ്ങളെക്കുറിച്ച് ഇല്ലാത്തതിനാല്‍ കൃത്യസമയത്തെ രോഗനിര്‍ണ്ണയം അസാധ്യമാകുന്നു. അതിനാല്‍ അപൂര്‍വ്വ രോഗബാധിതരുടെ വികലത തിരിച്ചറിയാനും അവര്‍ക്കാവശ്യമായ സഹായമെത്തിക്കാനും കാലതാമസം വരുന്നു. ഇത് ആരോഗ്യത്തെ സംബന്ധിച്ച് മാത്രമല്ല സാമ്പത്തികവും വിദ്യഭ്യാസപരവും സാമൂഹികമായ ആവശ്യങ്ങളെ സംബന്ധിച്ചു കൂടി ബാധകമാണ് എന്നും കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു. ഇതെല്ലാം നമ്മുടെ ഈ സഹോദരീസഹോദരന്മാരെ, വ്യക്തിത്വവികാസനത്തിന് ആവശ്യമായ സമൂഹത്തിലേയ്ക്ക് ഉള്‍ക്കൊള്ളിക്കാനും കുടുംബജീവിതത്തിലും തൊഴിലിലും സമൂഹജീവിതത്തിലും സജീവപങ്കാളികളാകുന്നതിനും തടസ്സമാകുകയും അവരുടെ വിവേചനത്തിനും ഏകാന്തതയ്ക്കും ആക്കം കൂട്ടുകയും ചെയ്യുന്നു എന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിച്ചു.

ആരോഗ്യം – അടിസ്ഥാനപരമായ പൊതുനന്മ

കോവിഡ് 19 അപൂര്‍വ്വരോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ശുശ്രൂഷകരുടേയും വിഷമമാര്‍ന്ന അനുദിന വെല്ലുവിളികള്‍ വഷളാക്കി. ചികിത്സകളിലും രോഗനിര്‍ണ്ണയത്തിലും പുനരധിവാസ ചികിത്സകളിലും വരുന്ന കാലതാമസവും തടസ്സവും അവരുടെ മാനസീ-ശാരീരികാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ബലഹീനരായവര്‍ക്ക് ശുശ്രൂഷകള്‍ തുല്യമായി ലഭിക്കാത്തത് പലപ്പോഴും രാഷ്ട്രീയ തീരുമാനങ്ങളും വിഭവനടത്തിപ്പിനും ഉത്തരവാദിത്വപെട്ടവരുടെ പ്രതിബദ്ധതയുടെ കുറവു മൂലമാണെന്നും രോഗികളുടെ പരിപാലനത്തിനും ശുശ്രൂഷയ്ക്കും നിക്ഷേപം നടത്തുക ആരോഗ്യം അടിസ്ഥാന പൊതുനന്മയാണെന്ന തത്വവുമായി ബന്ധപ്പെട്ടതാണെന്നും പല പ്രാവശ്യം ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യവും കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിച്ചു.

ആരും തഴയപ്പെടാത്തതും ഒഴിവാക്കാക്കപ്പെടാത്തതുമായ സമൂഹം

അന്തര്‍ദേശീയ – ദേശീയതലങ്ങളിലുള്ള സഹകരങ്ങള്‍ വഴി ഏറ്റം ദുര്‍ബലരായവരുടെ ആവശ്യങ്ങള്‍ വിസ്മരിക്കാതെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കാനും കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. മനുഷ്യവ്യക്തിയുടെ അന്തസ്സും ദരിദ്രരോടും നിസ്സഹായരോടുള്ള ഐക്യമത്യവും പൊതുനന്മയും സൃഷ്ടിയുടെ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷയുടെ ഒരു സംസ്‌കാരം പ്രചരിപ്പിക്കണമെന്നും രോഗീപരിചരണത്തിലും ആരോഗ്യശുശ്രൂഷയിലും തുല്യവും ഉള്‍ക്കൊള്ളുന്നതുമായ പങ്കുപറ്റല്‍ ബലഹീനര്‍ക്ക് സാധ്യമാക്കുന്നതുവഴി മാത്രമേ ആരും തഴയപ്പെടാത്തതും ഒഴിവാക്കാക്കപ്പെടാത്തതും കൂടുതല്‍ മാനുഷീകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ എന്നും ഈ സാമൂഹികസ്‌നേഹത്തിന്റെ തുടക്കത്തില്‍ നിന്നു വേണം നാം എല്ലാവരും വിളിക്കപ്പെട്ടിട്ടുള്ള ഒരു സ്‌നേഹസംസ്‌കാരത്തിലേയ്ക്ക് മുന്നേറാന്‍ നമുക്ക് സാധ്യമാകൂ എന്നും ഫ്രാന്‍സിസ് പാപ്പാ നല്‍കിയ പ്രബോധനവും കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍ അനുസ്മരിച്ചു.

ഈ തപസ്സു കാലത്തില്‍ സഹായത്തിന്റെയും ധൈര്യപ്പെടുത്തലിന്റെയും വാക്കുകളാല്‍ ദൈവം അവരെ തന്റെ പുത്രീപുത്രന്മാരായി സ്‌നേഹിക്കുന്നെന്ന് ബോധ്യപ്പെടുത്താനും വേദനിക്കുന്നവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും നിരാശര്‍ക്കും പ്രത്യാശ്യയും സ്‌നേഹവും നല്‍കാനുള്ള സമയമാണെന്നും അറിയിച്ചുകൊണ്ട് അപൂര്‍വ്വ രോഗബാധിതരായ എല്ലാവരേയും അവരുടെ കുടുംബങ്ങളേയും അവരെ സ്‌നേഹത്തോടെ പരിപാലിക്കുന്നവരേയും ഈ അപൂര്‍വ്വ രോഗബാധിതരുടെ ശുശ്രൂഷയ്ക്കുള്ള അവകാശ സംരക്ഷണത്തിനും അംഗീകാരത്തിനും വേണ്ടി തങ്ങളാല്‍ ആകുന്നതെല്ലാം നല്‍കുന്നവരേയും കരുണയുടെയും രോഗികളുടെ ആരോഗ്യവുമായ പരിശുദ്ധ കന്യകയ്ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് സമഗ്ര മനുഷ്യാവകാശത്തിനായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.