‘ഞാൻ സത്യം എന്താണെന്ന് പ്രസംഗിക്കും’ – തട്ടിക്കൊണ്ടുപോയവരോട് കർദ്ദിനാളിന്റെ മറുപടി

കഴിഞ്ഞയാഴ്ച കാമറൂണിൽ നിന്നും തട്ടിക്കൊണ്ടുപോയ തൊണ്ണൂറുകാരനായ കർദ്ദിനാൾ ക്രിസ്റ്റ്യൻ ടുമിയെ സായുധ വിഘടനവാദികൾ ചോദ്യം ചെയ്തപ്പോൾ, ശാന്തമായി അദ്ദേഹം പറഞ്ഞു. ‘ഞാൻ സത്യം എന്താണെന്ന് പ്രസംഗിക്കും.’ നവംബർ 7 -ന് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ മറുപടി ലോകം അറിയുന്നത്.

കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ കർദ്ദിനാൾ ടുമിയെ വിഘടനവാദികൾ രാത്രി തടവിലാക്കി. ഈ സമയം നടന്ന ഒരു സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോയിൽ, കർദ്ദിനാളിനെ തട്ടികൊണ്ടുപോയ കാമറൂണിലെ പോരാളികൾ ആയുധം താഴെയിടാനുള്ള ആഹ്വാനത്തെക്കുറിച്ച് കർദ്ദിനാളിനോട് ചോദിക്കുകയും വിഘടനവാദികളുടെ സന്ദേശം പൊതുജനങ്ങളുമായി പങ്കിടാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനോട് കർദ്ദിനാൾ പ്രതികരിച്ചത് ഇപ്രകാരമാണ്. “ഒരു ബിഷപ്പെന്ന നിലയിലും ബൈബിളിനെ അടിസ്ഥാനമാക്കിയും സത്യം മാത്രമേ ഞാൻ സംസാരിക്കൂ. എന്നെ ദൈവം വിളിച്ചതിനാൽ വിപരീതമായി പ്രസംഗിക്കാൻ എന്നോട് പറയാൻ ആർക്കും അവകാശമില്ല.”

വീഡിയോയിലെ മറ്റൊരു ഘട്ടത്തിൽ, കർദ്ദിനാൾ തന്നെ തടവിലാക്കിയവരോട് പറഞ്ഞു: “ഒരു വൈദികനെപ്പോലെയെ ഞാൻ സംസാരിക്കൂ. എനിക്ക് ഒരിക്കലും ചെയ്യുന്നത് നിർത്താൻ കഴിയില്ല. ഞാൻ അങ്ങനെ ചെയ്യുന്നത് നിർത്തുകയാണെങ്കിൽ, ഞാൻ സർവശക്തനായ ദൈവത്തോട് വിശ്വസ്തനായിരിക്കില്ല.” തട്ടിക്കൊണ്ടുപോയ ശേഷം പിറ്റേന്ന് തന്നെ അദ്ദേഹത്തെ മോചിപ്പിച്ചു.

അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുമ്പോൾ, വിഘടനവാദികളിലൊരാൾ “ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടുന്നതിനാൽ സ്വതന്ത്രരാകുന്നതുവരെ ഞങ്ങൾ ഒരിക്കലും ആയുധം താഴെയിടില്ല.” എന്ന് ടുമിയോട് വീഡിയോയിലൂടെ പൊതുജനങ്ങളോടും കാമറൂൺ സർക്കാരിനോടും പറയാൻ നിർദ്ദേശിച്ചു. കർദിനാൾ പ്രതികരിച്ചു: “ഞാൻ നിങ്ങളെപ്പോലുള്ള ഒരു കാമറൂണിയൻ പൗരനാണ്. ഞാൻ സർക്കാരിന്റെ ഭാഗമല്ല. ഞാൻ തികച്ചും സ്വതന്ത്രനാണ്. ഞാൻ സർക്കാരിന്റെ മുഖപത്രമല്ല, സർക്കാർ ജോലി ചെയ്യുന്നില്ല. നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ തെറ്റ് ചെയ്തുവെന്ന് ഞാൻ നിങ്ങളോട് പറയും. സർക്കാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അവർ തെറ്റ് ചെയ്തുവെന്ന് ഞാൻ പറയും,” – അദ്ദേഹം പറഞ്ഞു.

കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും തെക്കുപടിഞ്ഞാറൻ മേഖലയിലെയും ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെ വിഘടനവാദികളും സർക്കാർ സേനയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ഡുവാലയിലെ മുൻ ആർച്ച് ബിഷപ്പിനെ തട്ടിക്കൊണ്ടുപോയത്. ഡുവാല ആർച്ച് ബിഷപ്പായി വിരമിച്ച ശേഷം സംഭാഷണത്തിലൂടെ സമാധാനപരമായ പരിഹാരം തേടുന്നതിൽ കർദ്ദിനാൾ ടുമി സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.