അഞ്ചു വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദവിയിലേയ്ക്ക്

ഒക്ടോബര്‍ 13 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.15നാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ പാപ്പാ ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ കേരളത്തില്‍ തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചിറമ്മേല്‍ മങ്കടിയാനെയും മറ്റു വിവിധ രാജ്യക്കാരായ 4 വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

1. കേരളത്തിന്റെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചിറമ്മേല്‍ മങ്കടിയാന്‍
കേരളത്തിലെ കുഴിക്കാട്ടുശ്ശേരി ഗ്രാമത്തില്‍ പിറവിയെടുത്ത തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ്. ജീവിതകാലത്ത് കുടുംബങ്ങളുടെ പ്രേഷിതയായിരുന്നു. തന്റെ സഹകാരികളെയും സഹോദരികളെയും കുടുംബങ്ങളുടെ ആത്മീയ ഉന്നമനത്തിനായി പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും മാര്‍ഗ്ഗിത്തിലൂടെ നയിച്ച യോഗീവര്യയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. കുടുംബങ്ങളാണ് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ഈറ്റില്ലങ്ങളെന്നു മനസ്സിലാക്കിയ ത്രേസ്യയും കൂട്ടുകാരും, കുടുംബ സമുദ്ധാരണം ജീവിത വ്രതമായെടുത്തു. കുടുംബങ്ങളെ തിരുക്കുടുംബങ്ങളായി മാറ്റാനുള്ള അവരുടെ പ്രേഷിതതീക്ഷ്ണത 1914 മെയ് 14ന് ഒരു സന്ന്യാസിനീ സമൂഹം പിറവിയെടുക്കാന്‍ ഇടയാക്കി. 1876 ഏപ്രില്‍ 26ന് കുഴിക്കാട്ടിശേരീയിലായിരുന്നു ത്രേസ്യയുടെ ജനനം. 1926 ജൂണ്‍ 8ന് 50?മത്തെ വയസ്സില്‍ കുഴിക്കാട്ടുശ്ശേരി മഠത്തില്‍വച്ചു മരണമടഞ്ഞു.

2. ഇംഗ്ലണ്ടിലെ വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ഹെന്റി ന്യൂമാന്‍
അദ്ദേഹം ആംഗ്ലിക്കന്‍ സഭയില്‍ വൈദികനായിരുന്നെങ്കിലും, പിന്നീട് കത്തോലിക്കാ സഭയിലേയ്ക്കു ചേര്‍ന്ന് അജപാലനജീവിതം നയിച്ച വാഗ്മിയും, ദൈവശാസ്ത്രപണ്ഡിതനും, കവിയും ആത്മീയഗ്രന്ഥ കര്‍ത്താവുമായിരുന്നു. വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍. 1801ല്‍ ലണ്ടനില്‍ ജനിച്ചു. 1845ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 1879ല്‍ ലിയോ 13?മന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. 1890ല്‍ ബര്‍മിങ്ഹാമില്‍ അന്തരിച്ചു. മുന്‍പാപ്പാ ബെനഡിക്ട് 16?മനാണ് തന്റെ ഇംഗ്ലണ്ട് അപ്പസ്‌തോലിക യാത്രയ്ക്കിടെ സെപ്തംബര്‍ 2016ല്‍ കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

‘നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ…!’
കര്‍ദ്ദിനാള്‍ ന്യൂമാന്റെ വിഖ്യാതമായ കവിത
ഇന്നും യാമപ്രാര്‍ത്ഥനയില്‍ സഭ ഉപയോഗിക്കുന്ന ആഗോളതലത്തില്‍ പ്രശസ്തമായ കവിതയും പ്രാര്‍ത്ഥനയുമാണ് ‘Lead kindly light,’ നിത്യമാം പ്രകാശമേ, നയിക്കുകെന്നെ നീ….!! കേരളത്തില്‍ ഇന്നും ഉപയോഗത്തിലുള്ള അറിയപ്പെട്ട അന്തിമോപചാര ശുശ്രൂഷഗാനവും, ഭക്തിഗാനവുമാണിത്.

3. രോഗിപരിചാരകയായിരുന്ന ഇറ്റലിക്കാരി
വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി
വിശുദ്ധ കമിലസിന്റെ സഹോദരിമാരുടെ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ് (Congregation of the Daughters of St. Camillus). 1859ല്‍ റോമിലായിരുന്നു ജനനം. ചെറുപ്പത്തിലേ അനാഥയാക്കപ്പെട്ടവള്‍ റോമിലെ ഒരു കന്യകാലയത്തില്‍ വളര്‍ന്നു. അവിടെ രോഗീപരിചരണം തന്റെ ദൈവവിളിയായി അവള്‍ ഉള്‍ക്കൊണ്ടു. തുടര്‍ന്ന് വിശുദ്ധ കമലസിന്റെ രോഗീശുശ്രൂഷയുടെ ആത്മീയത ഉള്‍ക്കൊണ്ട് സന്ന്യാസിനീ സമൂഹത്തിന് രൂപംനല്കുകയും. 1891ല്‍ അതിന് വത്തിക്കാന്റെ അംഗീകാരം ലഭിക്കുകയുംചെയ്തു. സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സേവനംചെയ്യവെ 1911ല്‍ റോമില്‍ അന്തരിച്ചു. 1994ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് വത്തിക്കാനില്‍ ധന്യയായ ജുസെപ്പീന വന്നീനിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

4. ബ്രസീലിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ്
സ്‌പെയിനില്‍ 1914ല്‍ ജനിച്ചു. ദൈവമാതാവും അമലോത്ഭവയുമായ കന്യകാനാഥയുടെ സന്ന്യാസിനീ സമൂഹത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ പോന്തെസ്, ബ്രസീലിലെ ചേരിപ്രദേശങ്ങള്‍ തന്റെ പ്രേഷിത തട്ടകമാക്കി. ‘പാവങ്ങളുടെ അമ്മ’യെന്ന് ജനങ്ങള്‍ സിസ്റ്റര്‍ പോന്തെസിനെ വിളിച്ചിരുന്നു. സിസ്റ്റര്‍ പോന്തെസിന്റെ അഗതികള്‍ക്കായുള്ള പ്രേഷിത സമര്‍പ്പണത്തിന്റെ തീക്ഷണത കണ്ട്, വാഴ്ത്തപ്പെട്ട പദപ്രഖ്യാപന സമയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശേഷിപ്പിച്ചത്, ഈ സ്ത്രീരത്‌നം ‘മാനവികതയ്‌ക്കൊരു മാതൃക’യാണെന്നാണ്. 1992ല്‍ സിസ്റ്റര്‍ ഡൂള്‍ചെ പോന്തെസ് ബ്രസിലിലെ പാവങ്ങളുടെ മദ്ധ്യത്തില്‍ സേവനബദ്ധയായിരിക്കെ അന്തരിച്ചു.

5. സ്വറ്റ്‌സര്‍ലണ്ടിലെ അല്‍മായ സ്ത്രീയും ഫ്രാന്‍സിസ്‌ക്കന്‍
മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗ്രറ്റ് ബെയ്‌സ്
ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ വ്രതമെടുത്ത് കന്യകയായി ജീവിച്ചു. തൊഴില്‍ സംബന്ധമായി നല്ല തയ്യല്‍ക്കാരിയും മതാദ്ധ്യാപികയുമായിരുന്നു. ജീവിതത്തിന്റെ ശരീരികവും മാനസികവുമായ സഹനങ്ങളെ ക്ഷമയോടെ ഏറ്റുവാങ്ങിയവള്‍ പഞ്ചക്ഷത ധാരിണിയായി. പാവങ്ങളുടെ ശുശ്രൂഷ, മതബോധനം, ദേവാലയശുശ്രൂഷ എന്നിവയില്‍ തീക്ഷ്ണമതിയായിരുന്നവള്‍, ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയും ത്യാഗസമര്‍പ്പണവും ജീവിതവ്രതമാക്കി മാറ്റി. 1815ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ഫ്രൈബൂര്‍ഗില്‍ ജനിച്ചു. 1879ല്‍ ജന്മനാട്ടില്‍തന്നെ അന്തരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1995ല്‍ മാര്‍ഗ്രറ്റ് ബെയ്‌സിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി.

വിശുദ്ധപദവി പ്രഖ്യാപനം തത്സമയം കാണുന്നതിന്…
ഞായറാഴ്ച ഒക്ടോബര്‍ 13 വത്തിക്കാനിലെ സമയം രാവിലെ 10.15നും, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 01.45നും താഴെ നല്കിയിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം :

h-ttp-s://www.you-tu-b-e.com/w-a-tc-h?v=dr-W5p-V-a-Fwp-M

കടപ്പാട് : വത്തിക്കാന്‍ ന്യൂസ്