വിവാഹിതന് സന്യാസിയാകാമോ?

ഫാ. ജോസ് ചിറമേല്‍

സഭാകോടതി വഴി വിവാഹബന്ധം വേര്‍പ്പെടു ത്തിയ വ്യക്തിയെ സന്ന്യാസാന്തസ്സിലേക്ക് പ്രവേശിപ്പിക്കാമോ? പ്രവേശിപ്പിക്കാമെങ്കില്‍ സന്ന്യാസ സഭയുടെ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടവ എന്തെല്ലാമാണ്?
ജോമോന്‍ ജോസഫ്, ചങ്ങനാശ്ശേരി

സമര്‍പ്പിത ജീവിതം കാനോന്‍നിയമ സംഹിതകളില്‍

സമര്‍പ്പിത ജീവിതം നയിക്കാനാഗ്രഹിക്കുന്നവരെ ലത്തീന്‍ നിയമസംഹിതയില്‍ ”സന്യസ്തര്‍” എന്നും ”സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍” എന്നുമാണ് വേര്‍തിരി ച്ചിരിക്കുന്നത്. എന്നാല്‍ പൗരസ്ത്യ നിയമസംഹിതയില്‍ സമര്‍പ്പിത ജീവിതം നയിക്കുന്നവരെ താഴെ പറയുന്ന ആറ് വ്യത്യസ്ത ഗണങ്ങളായി തിരിച്ചിരിക്കുന്നു:

1. ആശ്രമങ്ങള്‍ (Monasteries); 2. ഓര്‍ഡറുകള്‍ (Orders); 3. കോണ്‍ഗ്രിഗേഷനുകള്‍ (Congregations); 4. സന്യസ്തരുടെ മാതൃകയില്‍ സമൂഹജീവിതം നയിക്കുന്നവര്‍ (Societies of Common life in the manner of religious); 5. സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (Secular Institutes); 6. സമര്‍പ്പിത ജീവിതത്തിന്റെ മറ്റ് രൂപങ്ങളും അപ്പസ്‌തോലിക ജീവിതസംഘങ്ങളും (Other forms of Consecrated life and Societies of Apostolic life).(Other forms of Consecrated life and Societies of Apostolic life).

നോവിഷ്യറ്റിലേക്കുള്ള പ്രവേശനം

ഒരു സന്യാസസമൂഹത്തിലേക്ക് ഒരു വ്യക്തി പ്രവേശിക്കപ്പെടുന്നത് അയാള്‍ നിയമാനുസൃതം നോവിഷ്യറ്റിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ്. നോവീഷ്യറ്റിലേക്കുള്ള പ്രവേശനം സാധുവോ അസാധുവോ ആകുന്നത് എപ്പോഴാണെന്ന് പൗരസ്ത്യ – ലത്തീന്‍ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അസാധുവാക്കുന്ന ഘടകങ്ങള്‍

നോവിഷ്യറ്റിലേക്കുള്ള പ്രവേശനം അസാധു വാക്കുന്ന ഘടകങ്ങള്‍ ഇവയാണ്:-1. നിലവിലുള്ള വിവാഹബന്ധം; 2. അകത്തോ ലിക്കര്‍; 3. സഭയുടെ കാനോനിക ശിക്ഷകളില്‍പ്പെട്ട വര്‍; 4. ഗൗരവാവഹമായ ശിക്ഷ ലഭിക്കാനിരിക്കു ന്നവര്‍; 5. നിശ്ചിതവയസ്സ് തികയാത്തവര്‍; 6. ബലപ്രയോഗത്താലോ ഗൗരവമായ ഭയത്താലോ വഞ്ചനയാലോ പ്രേരിതരായിട്ടുള്ളവര്‍ (CCEO.CC.448, 450, 452,454,CIC,C.721).

വിവാഹ പങ്കാളി മരിക്കുകയോ, വിവാഹബന്ധം തകരുകയോ ചെയ്യുമ്പോള്‍

വിവാഹപങ്കാളി മരിച്ചയാള്‍ക്ക് സമര്‍പ്പിത ജീവിത ത്തിനുള്ള നോവിഷ്യറ്റിലേക്ക് മറ്റ് തടസ്സങ്ങളൊന്നു മില്ലെങ്കില്‍ പ്രവേശിക്കാവുന്നതാണ്. നിലവിലുള്ള വിവാഹബന്ധം ഇല്ലാതാകുന്നത് സാധാരണ ഗതിയില്‍ വിവാഹപങ്കാളികളില്‍ ഒരാളുടെ മരണത്തോടെയോ, അവരുടെ വിവാഹം അസാധുവായിരുന്നു വെന്ന് നിയമാനുസൃതമായ സഭാകോടതിയുടെ വിധി തീര്‍പ്പിലൂടെയോ ആണ്. ഇതുവഴി അവരുടെ വിവാഹബന്ധം ഇല്ലാതാവുന്നു. ഇതോടൊപ്പം സമര്‍പ്പിത ജീവിതത്തിലേക്ക് സാധുവായരീതിയില്‍ പ്രവേശിക്കു ന്നതിനുള്ള കാനോനീക തടസ്സവും ഇല്ലാതാവുന്നു.

എന്നാല്‍ വിവാഹബന്ധം തകര്‍ന്നുപോവുകയോ സഭാകോടതി വഴി വിവാഹം ആരംഭം മുതലേ അസാധുവായിരുന്നുവെന്ന് വിധിതീര്‍പ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ദമ്പതിമാരില്‍ ആര്‍ക്ക് വേണമെങ്കിലും സന്യാസാന്തസ്സില്‍ പ്രവേശിക്കാവുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ ദമ്പതി മാര്‍ പരസ്പര ധാരണയില്‍ വിവാഹജീവിതത്തിലെ അവകാശങ്ങളും കടമകളും ഉപേക്ഷിക്കുകയും, പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് വിവാഹബന്ധത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ രേഖ അവര്‍ക്ക് ലഭിച്ചിരിക്കുകയും വേണം. മേല്‍പ്പറഞ്ഞ വിധത്തില്‍ നിലവിലുള്ള ബന്ധം ഇല്ലാതായാല്‍ അത് വ്യക്ത മാക്കുന്ന കൃത്യമായ സഭാരേഖകള്‍ ഹാജരാക്കേണ്ടതാണ്. നോവിഷ്യറ്റിലേക്ക് പ്രവേശിക്കുന്നയാളുടെ യോഗ്യത ഉറപ്പുവരുത്തേണ്ടതിനാലാണ് ഇത്തരം രേഖകള്‍ ആവശ്യമായി വരുന്നത്. ഈ രേഖകള്‍ ഹാജരാക്കേണ്ടത് നോവിഷ്യറ്റിന് അപേക്ഷിക്കുന്ന വ്യക്തിയാണ് (CIC.C.645/1).

സൂക്ഷ്മപരിശോധന ആവശ്യം

മാമ്മോദീസ, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ സ്വീകരിച്ചതിന്റെ രേഖകളോടൊപ്പം, വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണെങ്കില്‍ പ്രസ്തുത വിവാഹ ബന്ധം നിലനില്‍ക്കുന്നില്ലായെന്നതിനുള്ള രേഖകളും ഹാജരാക്കണം. സഭാകോടതിവഴി വിവാഹം അസാധുവായി പ്രഖ്യാപിച്ചുവെന്ന രേഖമാത്രം പോരാ, സിവിള്‍ കോടതി വഴി വിവാഹബന്ധം വേര്‍പെടുത്തിയതിന്റെ രേഖകളും ഹാജരാക്കണം. നോവിഷ്യറ്റിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ മറ്റ് അപേക്ഷകരെപ്പോലെ ഇയ്യാളും സന്യാസജീവിതത്തിന് യോഗ്യ നാണോ എന്നതിനുള്ള സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും. നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചി ട്ടുള്ള വയസ്സ്, ആരോഗ്യം, സന്യാസജീവിതത്തിനുള്ള താല്‍പര്യം, സന്യാസജീവിതം നയിക്കാനാവശ്യമായ പക്വത എന്നിവയ്‌ക്കെല്ലാം പുറമേ വ്യക്തികളെ ശരിയായി പഠിച്ച്, മനസ്സിലാക്കി, വിലയിരുത്തിയാണ് നോവിഷ്യറ്റിലേക്ക് പ്രവേശിപ്പിക്കേണ്ടതെന്ന് സന്യാ സസഭാധികാരികള്‍ അറിഞ്ഞിരിക്കേണ്ടതാണ് (CIC.C.642. CCEO.C.448).  ആവശ്യമെന്ന് തോന്നുന്ന പക്ഷം സന്യാസസഭകളുടെ മേജര്‍ സുപ്പീരിയര്‍ മാര്‍ക്ക് മേല്‍പ്പറഞ്ഞ യോഗ്യതകള്‍ ഉറപ്പുവരുത്തു ന്നതിന് വിദഗ്ദ്ധരുടെ സേവനവും ആവശ്യപ്പെടാവുന്നതാണ് (CIC.c 640).

രൂപതാ വൈദികനെ സന്യാസ സഭയിലേക്ക് ചേര്‍ക്കുമ്പോള്‍

രൂപതാ വൈദികന്‍ ഒരു സന്യാസ സമൂഹത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന പക്ഷം, ചേര്‍ക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മെത്രാനുമായി, ബന്ധപ്പെട്ട സന്യാസസഭയുടെ മേജര്‍ സുപ്പീരിയര്‍ ആലോചിച്ചിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിട്ടുണ്ട് (CIC.C.644;CCEO.C.452/1). ഏതെങ്കിലുമൊരു സന്യാസസഭയില്‍ പ്രവേശിക്കപ്പെട്ടയാളെ മറ്റൊരു സന്യാസ സഭയിലേക്ക് സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട അധി കാരികളുടെ മൊഴിയും ഹാജരാക്കേണ്ടതാണ് (CIC.C.645/1). ഏതെങ്കിലും തരത്തിലുള്ള കടഭാരം ഉള്ള വ്യക്തികളേയും നോവിഷ്യറ്റിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ലാത്തതാണ് (CIC.C.644;CCEO.C. 452). നോവിഷ്യറ്റിന് അപേക്ഷിക്കുന്നയാളുടെ യോഗ്യതയും (Suitability) കാനോനികതടസ്സങ്ങളുടെ അഭാവവും ഉറപ്പുവരുത്തുവാന്‍ ആവശ്യമായ മറ്റ് രേഖകളും ആവശ്യപ്പെടാന്‍ ഓരോ സന്യാസസഭയുടേയും പ്രത്യേക നിയമത്തില്‍ (Proper law) നിഷ്‌ക്കര്‍ ഷിക്കാവുന്നതാണ് (CIC.C.645/3). ആവശ്യമായി വന്നാല്‍ നോവിഷ്യറ്റിന്, അപേക്ഷിക്കുന്നവരെ സംബന്ധിച്ച് രഹസ്യമായിപ്പോലും വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ് (CIC.C645/4).

വിവാഹബന്ധം വേര്‍പെടുത്തിയ വ്യക്തി

മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഉറപ്പുവരുത്തുമ്പോള്‍, വിവാഹബന്ധം വേര്‍പെടുത്തിയ വ്യക്തിയെയാണ് നോവഷ്യറ്റിയിലേക്ക് സ്വീകരിക്കേണ്ടതെങ്കില്‍ അയാള്‍ വിവാഹപങ്കാളിയോടൊപ്പം എപ്രകാരമാണ് വര്‍ത്തിച്ചിരുന്നത്(communio vitae). വിവാഹം അസാധുവാക്കപ്പെടുന്നതിനുണ്ടായ സാഹചര്യങ്ങളും കാരണങ്ങളും എന്തൊക്കെയായിരുന്നു എന്നൊക്കെ ബന്ധപ്പെട്ട സന്യാസസമൂഹത്തിന്റെ മേജര്‍ സുപ്പീരിയര്‍ അന്വേഷിച്ചറിയേണ്ടതാണ്. അന്വേഷണം അപേക്ഷകനില്‍ നിന്നാരംഭിക്കണം. സമര്‍ പ്പിത ജീവിതം ആഗ്രഹിക്കുന്ന വ്യക്തി അയാളുടെ ആദ്യത്തെവിളി (വിവാഹാന്തസ്സ്) യെപ്പറ്റിയുള്ള കാര്യങ്ങള്‍ സന്യാസ സഭയിലേക്ക് പ്രവേശിപ്പിക്കുന്ന അധികാരിയുമായി പങ്കുവെയ്ക്കുവാന്‍ തയ്യാറാകണം. ഏതെങ്കിലും ചതിപ്രയോഗത്തിലൂടെയാണ് വിവാഹം നടക്കുകയും പ്രസ്തുത കാരണത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം അസാധുവാക്ക പ്പെടുകയും ചെയ്തതെങ്കില്‍ ആരുടെ ഭാഗത്തു നിന്നാണ് ചതിപ്രയോഗം ഉണ്ടായതെന്ന് നോവിഷ്യറ്റില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരി അറിഞ്ഞിരിക്കണം (CIC.C.643/4).

സഭാകോടതി ജഡ്ജിയുമായി ആശയവിനിമയം നടത്താം.

വിവാഹക്കേസിന്മേല്‍ വിധിതീര്‍പ്പ് കല്‍പ്പിച്ച സഭാകോടതിയുടെ ജഡ്ജിയുമായും പ്രസ്തുത കേസിലെ കക്ഷിയായ അപേക്ഷകനെ നോവിഷ്യറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് മേജര്‍ സുപ്പീരിയര്‍ ആശയവിനിമയം നടത്തിയിരിക്കുന്നത് നല്ലതാണ്. വിധിതീര്‍പ്പ് (Sentence) സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കോടതിയിലെ ജഡ്ജി തയ്യാറായെന്ന് വരില്ല. കേസിലെ കക്ഷിയുടെ സമ്മതത്തോടെ വേണമെങ്കില്‍ ജഡ്ജിക്ക് മേജര്‍ സുപ്പീരിയറുമായി കേസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുന്നതിന് നിയമപരമായ തടസ്സങ്ങ ളുണ്ടാവില്ല. വിവാഹം തകര്‍ന്നുപോയതില്‍ നോവിഷ്യറ്റിന് അപേക്ഷിച്ച ആള്‍ നിരപരാധിയാണോ എന്നറിയാനുള്ള ഒരുവഴിയാണിത്. വിവാഹം തകര്‍ന്ന് പോകുന്നതിന് കാരണക്കാരനാവുകയോ, വിവാഹബന്ധം വേര്‍പെടുത്തുന്നതിന്, നോവിഷ്യറ്റിന് ആഗ്രഹിക്കുന്നയാളിന്റെ മാനസികപ്രശ്‌ന ങ്ങള്‍ കാരണമായിട്ടുണ്ടോ എന്നെല്ലാം അറിയുവാന്‍ ഇതുവഴി സാധിക്കും.
മാത്രവുമല്ല, വിവാഹജീവിതത്തില്‍ കുട്ടികളുണ്ടായിട്ടുണ്ടെങ്കില്‍ കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങള്‍, വിവാഹത്തോടനുബന്ധിച്ച് കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുള്ള ധനസംബന്ധമായ കാര്യങ്ങളുടെ തീര്‍പ്പ് തുടങ്ങിയവ ഗൗരവമായി പരിഗണി ക്കേണ്ടവയാണ്. ഇതെല്ലാം സന്യാസസഭയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി അതിന് യോഗ്യനാണോ എന്നുറപ്പ് വരുത്താന്‍ വേണ്ടിയാണ്.

നോവിഷ്യറ്റില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍

നോവിഷ്യറ്റിലേക്ക് ഒരാളെ പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍, നോവിഷ്യറ്റ് കാലഘട്ടം മുഴുവന്‍ അധികാരികള്‍ അയാളെ ശ്രദ്ധിക്കണം. നോവിഷ്യറ്റ് കാലഘട്ടവും താത്ക്കാലികവ്രത വാഗ്ദാനത്തിന്റെ കാലവും സമര്‍പ്പിത ജീവിതത്തിന് ഒരു വ്യക്തി അനുയോജ്യനാണോ എന്ന് തിരിച്ചറിയുന്നതിനുള്ള സമയമാണ് (CIC.cc646;652;653;657;689). അര്‍ത്ഥികളെ നിത്യ വ്രതവാഗ്ദാനത്തിന് ശുപാര്‍ശ ചെയ്യേണ്ട അധികാരികള്‍ അവരുടെ പക്വതയും സമര്‍പ്പിത ജീവിതം നയിക്കാനുള്ള അവരുടെ ആഗ്രഹവും വിവേചിച്ച് അറിയണം. അല്ലാതെ നടത്തുന്ന ശുപാര്‍ശകള്‍ സന്യാസാംഗങ്ങള്‍ക്കും, സന്യാസ സഭയ്ക്കും ദ്രോഹമേ ചെയ്യുകയുള്ളൂ.

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.