തലതൊട്ടമ്മയാകാന്‍ തടസ്സങ്ങള്‍

ഡോ. ജോസ് ചിറമേല്‍

ഞങ്ങളുടെ ഇടവകയിലെ മേരി എന്ന സ്ത്രീ അവളുടെ ബന്ധത്തില്‍പ്പെട്ട ഒരു ശിശുവിന്റെ മാമ്മോദീസയ്ക്ക് തലതൊട്ടമ്മ (sponser)യാകുന്ന തിനുവേണ്ടി അയല്‍ ഇടവകയില്‍ ചെന്നു. എന്നാല്‍ ശിശുവിന്റെ മാമോദീസയ്ക്ക് തലതൊട്ടമ്മയായി മേരിയെ അംഗീകരിക്കാന്‍ അവിടുത്തെ ഇടവക വികാരിയും മാമ്മോദീസയുടെ കാര്‍മ്മികനുമായ അച്ചന്‍ തയ്യാറായില്ല. മേരിയുടെ ആദ്യവിവാഹം സഭാകോടതി വഴിയും സിവില്‍ കോടതി വഴിയും വേര്‍പെടുത്തിയിട്ടുണ്ട്. മേരി പുനര്‍വിവാഹം ചെയ്തിരിക്കുന്ന പുരുഷന്‍ രണ്ടാം വിവാഹക്കാരനാണ്. അകത്തോലിക്കാസഭാംഗമായ അയാളുടെ ആദ്യ വിവാഹം സിവില്‍ കോടതിവഴി മാത്രമേ വേര്‍പെടുത്തിയിട്ടുള്ളൂ. തന്മൂലം, അയാളും മേരിയും സിവില്‍ വിവാഹമാണ് നടത്തിയിരിക്കുന്നത്. മേരിയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ വിവാഹം സഭാകോടതിവഴി അസാധുവായി പ്രഖ്യാപിക്കാനാവുമോയെന്ന് ചിന്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മേരിക്ക് തലതൊട്ടമ്മയാകാന്‍ അനുമതി നിഷേധിച്ച വികാരിയച്ചന്റെ നടപടി ന്യായീകരിക്കാമോ?

മിനിമാത്യു, കൊച്ചി

മാമ്മോദീസയില്‍ തലതൊട്ടമ്മയാകാന്‍ മേരിക്ക് അനുമതി നിഷേധിക്കപ്പെട്ടുവെന്നതാണ് ചോദ്യ കര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന പ്രശ്‌നം. ഇതിന് ഒറ്റ വാചകത്തില്‍ മറുപടി പറയുന്നത് ശരിയാവില്ല. മാമ്മോദീസയില്‍ തലതൊടുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണ്, മാമ്മോദീസയില്‍ എന്ത് ദൗത്യമാണ് തലതൊടുന്നവര്‍ ഏറ്റെടുക്കുന്നത് എന്നൊക്കെ മനസ്സിലാക്കിയാലേ അനുമതി നിഷേധിച്ച വികാരിയച്ചന്റെ തീരുമാനത്തെ വിലയിരുത്താനാവൂ.

പൗരസ്ത്യ നിയമസംഹിതയും ലത്തീന്‍നിയമ സംഹിതയും മാമ്മോദീസയില്‍ തലതൊടുന്നവരുടെ ദൗത്യത്തെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിന്റെ കത്തോലിക്കാ വിശ്വാസജീവിതത്തിന്റെ വളര്‍ച്ചക്ക് ഉത്തരവാദികളാവുന്ന ഇവരെ തലതൊട്ടപ്പനും തലതൊട്ടമ്മയും (God Parents) എന്നാണ് സാധാരണ വിളിക്കുന്നത്. പ്രായപൂര്‍ത്തിയായശേഷം മാമ്മോദീസ സ്വീകരിക്കുന്നവരുടെ (adults) തലതൊടുന്നവര്‍ മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തികളെ കത്തോലിക്കാ സഭാജീവിതത്തിലേക്ക് നയിക്കുകയും വിശ്വാസത്തില്‍ പരീശിലിപ്പിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. (CIC.C.872;CCEO.C.684/2). എന്നാല്‍, ശിശുക്കളുടെ മാമ്മോദീസയില്‍ തലതൊടുന്നവരുടെ ദൗത്യങ്ങള്‍ താഴെപ്പറയുന്നവയാണ്:

1. ശിശുവിന്റെ മാതാപിതാക്കളോടൊപ്പം ശിശുവിനെ മാമ്മോദീസക്കായി ദേവാലയത്തിലേക്ക് കൊണ്ടുവരിക; 2. കത്തോലിക്കാവിശ്വാസജീവിതം നയിക്കുന്നതിന് ശിശുവിനെ സഹായിക്കുക; 3. മാമ്മോദീസയോടനുബന്ധിച്ചുള്ള മറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുക.
The Rite of Chiristian Initiation of Adults നിഷ്ക്കര്‍ഷിക്കുന്നതിനനുസരിച്ച്, പ്രായപൂര്‍ത്തിയായവരെ മാമ്മോദീസ സ്വീകരിക്കുവാന്‍ അനുവദിക്കുമ്പോള്‍ തലതൊടുന്നവര്‍ ഉണ്ടായിരിക്കണമെന്ന് സഭയുടെ പാരമ്പരാഗതമായ രീതിയായിരുന്നു. ശിശുക്കളുടെ മാമ്മോദീസാ അവസരത്തിലും തലതൊടുന്നവര്‍ ഉണ്ടായിരിക്കണമെന്ന് സഭ നിഷ്‌ക്കര്‍ഷിച്ചിരുന്നു.

ലത്തീന്‍ നിമയമനുസരിച്ച്, തലതൊടുവാന്‍ ഒരാളോ, രണ്ടാളോ ആകാമെന്നാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത് (CIC.C.873). പൗരസ്ത്യനിയമം ഇതേ കാര്യം മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതനുസരിച്ച്. തലതൊടുന്നതിന് ഒരാളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ് (CCEO.C.684/1). തലതൊടുന്നവര്‍ രണ്ടുപേരുണ്ടെങ്കില്‍ ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീ യുമായിരിക്കണം.

തലതൊടുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. മാമ്മോദീസ സ്വീകരിക്കുന്നവരോ, അവരുടെ മാതാപിതാക്കളോ ആയിരിക്കണം തലതൊടുന്നവരെ അക്കാര്യത്തിനായി നിയോഗിക്കേണ്ടത്. മാതാപിതാക്കളുടെ സ്ഥാനത്ത് നില്‍ക്കുന്ന ഇടവകവികാരിക്കും കുദാശ നല്‍കുന്ന വൈദികനും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ തലതൊടുന്നവരെ നിയോഗിക്കാവുന്നതാണ്;
2. തലതൊടുന്നവര്‍ 16 വയസ്സില്‍ കുറയാത്തവരായിരിക്കണം. രൂപതാമെത്രാന് ഇക്കാര്യത്തിനായി വ്യക്തികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയോ, താഴ്ന്ന പ്രായപരിധിയോ നിശ്ചയിക്കാവുന്നതാണ്. ഗൗരവമായ കാരണങ്ങളുണ്ടെങ്കില്‍ ഇടവക വികാരിക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. പൗരസ്ത്യ നിയമത്തില്‍ തലതൊടുന്നവരുടെ പ്രായത്തെപ്പറ്റി പറഞ്ഞിട്ടില്ല (CCEO.C.685). എന്നാല്‍, സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമത്തില്‍ (Particular Laws) പൗരസ്ത്യ നിയമസംഹിതയിലെ 685-ാം കാനോന യില്‍ പറഞ്ഞിരിക്കുന്ന ഗുണവിശേഷങ്ങള്‍ക്കു പുറമേ തലതൊടുന്നവര്‍ 18 വയസ്സ് പൂര്‍ത്തിയായവരായിരിക്ക ണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. മാമ്മോദീസ നല്‍കുന്ന ഇടവകക്ക് പുറത്ത് നിന്നാണ് തലതൊടുന്നവര്‍ വരുന്ന തെങ്കില്‍ അവരുടെ ഇടവകവികാരിയില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റും (Testimonial letter) കൊണ്ടുവരണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട് (Particular Law, Art. 135/1-2).
3. തലതൊടാന്‍ നിയോഗിക്കപ്പെടുന്നവര്‍ അതിന് യോഗ്യരും അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹി ക്കാന്‍ താല്‍പര്യമുള്ളവരുമായിരിക്കണം;
4. മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുര്‍ബ്ബാന എന്നീ കൂദാശകള്‍ സ്വീകരിച്ചിട്ടുള്ളവരും മാതൃകാപരമായ ക്രിസ്തീയ ജീവിതം നയിക്കുന്നവരുമാ കണം.
5. സഭയുടെ ഏതെങ്കിലും ശിക്ഷകളില്‍പ്പെട്ടു കഴിയുന്നവരായിരിക്കരുത്.
6. മാമ്മോദീസ സ്വീകരിക്കുന്നയാളുടെ മാതാവോ, പിതാവോ, വിവാഹ പങ്കാളിയോ ആയിരിക്കാന്‍ പാടില്ല (ലത്തീന്‍ നിയമത്തില്‍ വിവാഹ പങ്കാളിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല).
7. തലതൊടുന്നതിനായി പൗരസ്ത്യ അകത്തോലിക്കാ സഭാംഗത്തേയും കത്തോലിക്കാസഭാംഗത്തോടൊപ്പം നിയോഗിക്കാവുന്നതാണ്. എന്നാല്‍ ലത്തീന്‍ നിയമമനുസരിച്ച് അകത്തോലിക്കാ സഭാ സമൂഹത്തില്‍പ്പെട്ട വ്യക്തിയായിരുന്നാല്‍ മതി. അത്തരം സാഹചര്യത്തില്‍ ഇവരെ മാമ്മോദീസായുടെ സാക്ഷികളായി മാത്രമേ ലത്തീന്‍ നിയമം പരിഗണിക്കുന്നുള്ളൂ (CIC.C.874). എന്നാല്‍, പൗരസ്ത്യ നിയമനുസരിച്ച്, ന്യായമായ കാരണമുണ്ടെങ്കില്‍ പൗരസ്ത്യ അകത്തോലിക്കാ സഭാംഗത്തിന് കത്തോലിക്കാ സഭാംഗത്തോടോപ്പം തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകാവുന്നതാണ് (CCEO. C.685/3).
മേല്‍പ്പറഞ്ഞ സവിശേഷതകള്‍ മാമ്മോദീസയുടെ സാധ്യതയ്ക്ക് അവശ്യഘടകങ്ങളായിട്ടാണ് ലത്തീന്‍ നിയമവും പൗരസ്ത്യനിയമവും കാണുന്നത് (CIC. C.874/1; CCEO.C.685/1).
മാമ്മോദീസയില്‍ തലതൊടുന്നതുവഴി മാമ്മോദീസ സ്വീകരിച്ച വ്യക്തിയും തലതൊടുന്നവരും തമ്മില്‍ ഒരു ആത്മീയബന്ധം ഉളവാകുന്നുണ്ട്. തന്മൂലം, തലതൊടുന്ന വ്യക്തിയും മാമ്മോദീസ സ്വീകരിച്ച വ്യക്തിയും തമ്മില്‍ വിവാഹം കഴിക്കുന്നതിന് അതുവഴി കാനോനിക തടസ്സം ഉണ്ടാകുന്നുണ്ട് (CCEO.C. 8111). എന്നാല്‍, ലത്തീന്‍ നിയമം ഇതിനെ വിവാഹത്തി നുള്ള കാനോനിക തടസ്സമായി കാണുന്നില്ല.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ (The Catechirm of the Catholic Church) 1253-ാം ഖണ്ഡികയിലും മാമ്മോദീസയില്‍ തലതൊടുന്നവരെ പ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. തലതൊടുന്നവരുടെ ഉത്തര വാദിത്വം സഭാത്മകമായ ഒന്നാണെന്ന രണ്ടാം വത്തി ക്കാന്‍ കൗണ്‍സിലിന്റെ ‘ആരാധനാക്രമത്തെപ്പറ്റിയു ള്ള കോണ്‍സ്റ്റിട്യൂഷന്റെ’ 67-ാം ഖണ്ഡിക ഉദ്ധരിച്ചു കൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ ഇപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ കത്തോലിക്കാ വിശ്വാസജീവിതത്തില്‍ വളരുന്നതിന് സഹായിക്കുകയാണ് തലതൊടുന്നവരുടെ മുഖ്യ ഉത്തരവാദിത്വം. ഇതേ കാരണം കൊണ്ടുതന്നെയാണ് സഭാനിയമത്തില്‍ മാമ്മോദീസയില്‍ തലതൊടുന്നവരാ കണമെങ്കില്‍ അവര്‍ കത്തോലിക്കരും, കത്തോലിക്കാ വിശ്വാസമനുസരിച്ച് ജീവിക്കുന്നവരുമായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് (CIC.C.874/1,3;CCEO. C.685).

നിര്‍ഭാഗ്യവശാല്‍, മാതാപിതാക്കളും, തലതൊടുന്ന വരും, ബഹുഭൂരിഭാഗം കത്തോലിക്കരും മാമ്മോദീസ യില്‍ തലതൊടുന്നവര്‍ക്ക് വലിയ ബഹുമതിയും പ്രാധാന്യവും കല്‍പ്പിക്കുന്നുണ്ടെങ്കിലും തലതൊടുന്ന വരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റിയോ അവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റിയോ അവര്‍ എപ്രകാരം തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന തിനെപ്പറ്റിയോ കാര്യമായി ചിന്തിക്കാറില്ല. തലതൊടുന്നവര്‍ കത്തോലിക്കാ പ്രബോധനങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണോ, അവര്‍ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ യോഗ്യരാണോ എന്നൊക്കെ അന്വേഷിച്ചറിയുന്ന ഇടവക വികാരിമാരും വിരളമാണ്.

മാമ്മോദീസയില്‍ തലതൊടാന്‍ വരുന്നവരുടെ വിശ്വാസജീവിതത്തെപ്പറ്റിയാതൊന്നും അന്വേഷിക്കാതെ അവരെ സ്വീകരിക്കുന്നതും, അവരെപ്പറ്റി അന്വേഷിക്കുകയും ഗൗരവമായ കാരണങ്ങളില്ലാതെ തലതൊടുന്നതിനായി നിയോഗിക്കാതിരിക്കുകയും ചെയ്യുന്നതും സഭാനിയമത്തിന്റെ ചൈതന്യത്തിനു ചേര്‍ന്നതല്ല.
ചോദ്യകര്‍ത്താവ് ഉന്നയിച്ച ചോദ്യത്തില്‍ തലതൊട്ടമ്മയാകാന്‍ അനുവാദം നിഷേധിക്കപ്പെട്ട മേരി ശരിയായിട്ടോ തെറ്റായിട്ടോ ചിന്തിക്കുന്നത് അവളുടെ ഇപ്പോഴത്തെ വിവാഹം ദൈവം അംഗീകരിച്ചിട്ടുണ്ടെന്നാണ്. ആന്തരികമായി ഈ വ്യക്തിയുടെ മനോഗതി എന്തുതന്നെയായാലും ബാഹ്യമായി ആദ്യവിവാഹ ബന്ധത്തില്‍ നിന്ന് മേരിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് സിവില്‍ കോടതിവഴി മാത്രം വിവാഹമോചനം നേടുകയും സഭാകോടതി വഴി വിവാഹം അസാധുവായി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മില്‍ നടത്തിയ വിവാഹം സഭ അംഗീകരിക്കുന്നില്ല. സഭ അംഗീകരിക്കാത്ത വിവാഹ ബന്ധത്തില്‍ കഴിയുന്ന ഒരാള്‍ കത്തോലിക്കാ വിശ്വാസത്തിനും പ്രബോധനങ്ങള്‍ക്കും അനുസൃതമായിട്ടാണ് ജീവിക്കുന്നതെന്നും മാമ്മോദീസ സ്വീകരിക്കുന്ന കുട്ടിയുടെ തലതൊട്ടമ്മയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ആളാണെന്നും പറയാനാവില്ല. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയവും ഇതേ വിഷയത്തെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ഒരാള്‍ക്ക് തന്റെ വിവാഹത്തെപ്പറ്റിയുള്ള ആന്തരികമായ കാഴ്ചപ്പാട് മാത്രം നോക്കിയാല്‍ പോരാ.

സഭാ നിയമങ്ങള്‍ പാലിച്ചു കൊണ്ടാണോ അയാളുടെ വിവാഹം നടത്തപ്പെട്ടത് എന്നുകൂടി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (Congregation for the Doctrine of the Faith, Letter to the Bishops of the Catholic Church concerning the Reception of the Holy Communion by Divorced and Remarreid…1994, no.9.)ഇവിടെ വിവാഹത്തിന്റെ സാധുതയെപ്പറ്റി വിധി തീര്‍പ്പ് നടത്താനുള്ള സഭയുടെ അധികാരത്തെ മേരിയും ഇപ്പോഴത്തെ ഭര്‍ത്താവും ചോദ്യം ചെയ്യുന്നില്ല. മേരിയുടെ ആദ്യവിവാഹം സഭാകോടതിവഴി അസാധുവായി പ്രഖ്യാപിക്കപ്പെട്ടുവെന്നതും ഇതിനു തെളിവാണ്. ഇവിടുത്തെ പ്രശ്‌നം മാമ്മോദീസ നല്‍കുന്ന വൈദികന്റെ മനസ്സാക്ഷി സഭയുടെ ആധികാരിക പ്രബോധനങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും അനുരൂപപ്പെട്ടതായിരുന്നുവെന്നതാണ്. തന്മൂലം, മേരിക്ക് മാമ്മോദീസയില്‍ തലതൊട്ടമ്മയാ കാന്‍ അനുമതി നിഷേധിച്ചതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല.

ഫാ. ജോസ് ചിറമേല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.